തലസ്ഥാനം ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ആവേശത്തില്‍; വിവിധ ഇടങ്ങളിൽ തത്സമയ പ്രദർശനം
തിരുവനന്തപുരം: തലസ്ഥാനം ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ ആവേശത്തിൽ. ഇന്ത്യ - ഓസ്ട്രേലിയ ഏകദിന ക്രിക്കറ്റ് ലോകകപ്പ് കലാശപ്പോരാട്ടം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ പുരോഗമിക്കുമ്പോൾ തലസ്ഥാനത്ത് വിവിധ ഇടങ്ങളിലാണ് മത്സരത്തിന്‍റെ തൽസമയ സംപ്രേക്ഷണം പ്രദർശിപ്പിക്കുന്നത്. കിഴക്കേകോട്ടയിലെ ശ്രീചിത്തിര തിരുനാൾ പാർക്ക് ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ ആണ് തത്സമയം സംപ്രേഷണം. വിവിധ ക്ലബ്ബുകളുടെയും കായിക സംഘടനകളുടെയും നേതൃത്വത്തിലാണ് കലാശ പോരാട്ടത്തിന്‍റെ തത്സമയ സംപ്രേഷണം ബിഗ് സ്ക്രീനിൽ ഒരുക്കിയിരിക്കുന്നത്. ടർഫുകളിലും മാളുകളിലും തത്സമയ പ്രദർശനം ഉണ്ട്. ഇന്നലെ (നവംബർ 18) തലസ്ഥാനത്ത് വിവിധ ഇടങ്ങളിലായി ജെഴ്‌സി, പതാക വില്‌പനകൾ പൊടിപൊടിച്ചിരുന്നു. മനവീയം വീഥിയിലും, രാജാജി നഗറിലും ഫൈനലിന്‍റെ തത്സമയ സംപ്രേഷണം ഉണ്ട്. മാനവീയം വീഥിയിൽ നിരവധി പേരാണ് ഫൈനൽ മത്സരം കാണാൻ തടിച്ചുകൂടിയിരിക്കുന്നത്. അതേസമയം, ടോസ് നഷ്‌ടമായി ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ പരുങ്ങലിലാണ്. എന്നാൽ ടോസ് നഷ്‌ടം ശുഭസൂചനയാണെന്നാണ് സോഷ്യൽ മീഡിയയിലെ സംസാരം. ഇന്ത്യയുടെ രണ്ട് ഏകദിന ലോകകപ്പ് നേട്ടങ്ങളിലും ഫൈനലില്‍ എതിരാളികള്‍ക്കായിരുന്നു ടോസ് ലഭിച്ചത്. 1983-ലെ ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയും 2011-ല്‍ ശ്രീലങ്കയ്‌ക്കെതിരെയുമായിരുന്നു ടോസ് നഷ്‌ടപ്പെട്ടതിന് ശേഷം ഇന്ത്യ വിജയ കിരീടത്തിലേക്ക് എത്തിയത്. 2003 ഏകദിന ലോകകപ്പ് ഫൈനലിൽ ഓസ്‌ട്രേലിയക്കെതിരെ ടോസ് നേടിയ മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഇത്തവണ ടോസ് നഷ്‌ടപ്പെട്ടതിന് ശേഷം ഇന്ത്യ ചരിത്രം ആവര്‍ത്തിക്കും എന്നാണ് സൈബറിടം പറയുന്നത്.