GR Anil Inaugurates Onam Kit Distribution : 14 ഇനം ഭക്ഷ്യോത്‌പന്നങ്ങളുമായി ഓണക്കിറ്റ് എത്തി, വിതരണം റേഷൻ കടകൾ വഴി നാളെ മുതൽ

By ETV Bharat Kerala Team

Published : Aug 23, 2023, 12:56 PM IST

thumbnail

തിരുവനന്തപുരം : പതിനാലിന ഉത്പന്നങ്ങളുമായി സർക്കാരിന്‍റെ ഓണക്കിറ്റ് (Onam kit) എത്തി. കിറ്റിന്‍റെ സംസ്ഥാന തല വിതരണോദ്‌ഘാടനം തിരുവനന്തപുരത്ത് ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിൽ (G R Anil) നിര്‍വഹിച്ചു. ആർക്കും ആനുകൂല്യങ്ങൾ നിഷേധിക്കുകയെന്നതല്ല സർക്കാർ നിലപാടെന്നും എല്ലാവരേയും ചേർത്ത് നിർത്തുകയെന്നതാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. 5,87,691 എഎവൈ കാർഡുകാർക്കും 20,000 പേർ ഉൾപ്പെടുന്ന ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കുമാണ് ഇത്തവണ ഓണക്കിറ്റ്‌ നൽകുന്നത്. തുണി സഞ്ചിയില്‍ പതിനാലിനം ഭക്ഷ്യോത്‌പന്നങ്ങളാണുണ്ടാവുക. ചെറുപയർ, പരിപ്പ്, തേയില, സേമിയ പായസം മിക്‌സ്, കശുവണ്ടി പരിപ്പ്, നെയ്യ്, വെളിച്ചെണ്ണ, തുവരപ്പരിപ്പ്, പൊടി ഉപ്പ്, സാമ്പാർ പൊടി, മുളക് പൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, തുണിസഞ്ചി എന്നിവയാണ് കിറ്റിൽ ഉണ്ടാവുക. നാളെ മുതൽ റേഷൻ കടകൾ വഴി ഓണ കിറ്റ് വിതരണം ചെയ്യും. എഎവൈ കാർഡുടമകൾ അവരവരുടെ റേഷൻ കടകളിൽ നിന്നാണ് ഓണ കിറ്റ്‌ കൈപ്പറ്റേണ്ടത്. ഈ മാസം 27നുള്ളിൽ തന്നെ കിറ്റ് വിതരണം പൂർത്തിയാക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ക്ഷേമ സ്ഥാപനങ്ങൾ, ആദിവാസി ഊര്, സ്‌കൂൾ എന്നിവിടങ്ങളിൽ സർക്കാർ ചെലവിൽ കിറ്റ് എത്തിക്കാൻ സൗകര്യമൊരുക്കുമെന്നും മന്ത്രി പറഞ്ഞു. സിക്കിൾ സെൽ രോഗം ബാധിച്ചവർക്ക് ന്യൂട്രിഷൻ കിറ്റിന് പുറമെ ആരോഗ്യവകുപ്പ് ആദ്യമായി ഈ ഓണത്തിന് പ്രത്യേക കിറ്റ് നൽകും. ശർക്കര, തേയില, പഞ്ചസാര, പരിപ്പ്, ചെറുപയർ, തുടങ്ങി എട്ടിനങ്ങളുമായാണ് കിറ്റ്. സിക്കിള്‍ സെല്‍ രോഗികളുടെ കൂട്ടായ്‌മയുമായി ചേര്‍ന്നാണ് കിറ്റ് വിതരണം പൂർത്തിയാക്കുക.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.