കേരളത്തിലെ ഉത്സവപറമ്പുകളിലെ ആനചന്തം; കൊമ്പൻ ശങ്കരംകുളങ്ങര മണികണ്‌ഠന്‍ ഇനി ഓര്‍മ

By

Published : Jul 11, 2023, 2:06 PM IST

thumbnail

തൃശൂർ: പൂരമടക്കം കേരളത്തിലെ ഉത്സവപറമ്പുകളിലെ ആനചന്തമായിരുന്ന കൊമ്പൻ ശങ്കരംകുളങ്ങര മണികണ്‌ഠന്‍ ഇനി ഓര്‍മ. വാർധക്യാവശതയിൽ ചികിത്സയിലായിരുന്ന കൊമ്പന്‍ കഴിഞ്ഞ ദിവസമാണ് ചരിഞ്ഞത്. തിങ്കളാഴ്‌ച വൈകുന്നേരത്തോടെ സംസ്‌കാരം നടന്നു.  

തൃശൂർ പൂരത്തിന്‍റെ പറയെടുപ്പു മുതൽ മഠത്തിൽ വരവിന്‍റെ ഇറക്കിയെഴുന്നള്ളിപ്പിൽ വരെയായി 58 വർഷത്തോളം സജീവ സാന്നിധ്യമാണ് ശങ്കരംകുളങ്ങര മണികണ്‌ഠൻ. തൃശൂർ പൂരത്തിൽ മറ്റൊരാനയും ഇത്രയധികം കാലം എഴുന്നള്ളിപ്പിൽ പങ്കെടുത്തിട്ടില്ല. ക്ഷേത്രത്തിലേക്ക് ആനയെ വേണമെന്ന ദേവസ്വത്തിന്‍റെ ആവശ്യത്തിൽ മുൻ മുഖ്യമന്ത്രി കെ കരുണാകരന്‍റെ പ്രത്യേക താത്‌പര്യത്തിലാണ് നിലമ്പൂർ കാട്ടിലെ വാരിക്കുഴിയിൽ വീണ മൂന്ന് വയസുകാരൻ കൊമ്പനെ ശങ്കരംകുളങ്ങരയിലെത്തിച്ചത്. 

സമീപകാലം വരെ തിരുവമ്പാടിയുടെ വെടിക്കെട്ട് സമയത്ത് പന്തലിൽ തിടമ്പുമായി നിൽക്കുന്ന ദൗത്യം മണികണ്‌ഠനായിരുന്നു. ഇപ്പോൾ മഠത്തിലേക്കുള്ള വരവിൽ തിടമ്പേറ്റുന്നതും നെയ്‌തലക്കാവിന്‍റെ കോലമേന്തുന്നതും മണികണ്‌ഠനാണ്. തൃശൂർ പൂരത്തിൽ അരനൂറ്റാണ്ടിലധികം കാലം തിടമ്പേറ്റിയതിന് ഇക്കഴിഞ്ഞ പൂരത്തിന് പൂരതലേന്ന് മണികണ്‌ഠനെ ആദരിച്ചിരുന്നു. 

തൃശൂർ പൂരത്തിന് തിരുവമ്പാടിക്കും പ്രതിഷ്‌ഠാദിനത്തിന് പാറമേക്കാവിനും മണികണ്‌ഠൻ തിടമ്പേറ്റിയിട്ടുണ്ട്. തൃശൂർ, ആറാട്ടുപുഴ, തൃപ്പുണിത്തുറ, കൂടൽമാണിക്യം, നെന്മാറ വല്ലങ്ങി തുടങ്ങി കേരളത്തിലെ പ്രസിദ്ധമായ ഉത്സവങ്ങളിലെല്ലാം ശങ്കരംകുളങ്ങര മണികണ്‌ഠൻ സജീവമായിരുന്നു. 

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.