കെ വിദ്യയ്‌ക്കെതിരെയുള്ള വ്യാജ രേഖ കേസ് പരിഗണിക്കുന്നത് മാറ്റി; വിശദമായ വാദം നാളെ

By

Published : Jun 30, 2023, 2:34 PM IST

thumbnail

കാസർകോട്: കരിന്തളം ഗവ കോളജിൽ ജോലിക്കായി മുൻ എസ്‌ എഫ്‌ ഐ നേതാവ് കെ വിദ്യ വ്യാജ രേഖ ചമച്ച കേസ് പരിഗണിക്കുന്നത് ഹോസ്‌ദുർഗ് ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നാളത്തേക്ക് മാറ്റി. കേസിൽ വിശദമായ വാദം നാളെ കേൾക്കും. പൊലീസ് സമർപ്പിച്ച രേഖകൾ വിശദമായി പരിശോധിക്കണമെന്ന് കോടതി അറിയിച്ചു. 

കേസിൽ വിദ്യക്ക് കോടതി നേരത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. വ്യാജരേഖ നിർമിക്കൽ ( IPC 468), വ്യാജ രേഖ തട്ടിപ്പിന് ഉപയോഗിക്കൽ (IPC 471), വഞ്ചന ( IPC 420 ) തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് നീലേശ്വരം പൊലീസ് കേസെടുത്തത്. കരിന്തളം ഗവണ്‍മെന്‍റ് കോളജിൽ ജോലിക്കായി കെ വിദ്യ വ്യാജ രേഖയുണ്ടാക്കിയത് സുഹൃത്തിനെ മറികടക്കാനെന്ന മൊഴി നേരത്തെ പുറത്ത് വന്നിരുന്നു. കരിന്തളം കോളജിൽ നിയമനത്തിന് അർഹതയുണ്ടായിരുന്നത് മാതമംഗലം സ്വദേശി കെ രസിതയ്ക്കായിരുന്നു.

കരിന്തളത്ത് രസിത അഭിമുഖത്തിനെത്തുമെന്ന് അറിഞ്ഞതിനാലാണ് വിദ്യ വ്യാജ രേഖയുണ്ടാക്കിയതെന്ന് നീലേശ്വരം പൊലീസിന് നൽകിയ മൊഴിയിലുണ്ട്. രസിതയും വിദ്യയും മൂന്ന് വർഷമായി സുഹൃത്തുക്കളാണ്. കാലടി സർവകലാശാലയിൽ വിദ്യയുടെ സീനിയറായിരുന്നു രസിത.

എറണാകുളം മഹാരാജാസ് കോളജിന്‍റെ പേരില്‍ വ്യാജ രേഖ ചമച്ച് കരിന്തളം ഗവണ്‍മെന്‍റ് ആര്‍ട്‌സ് ആൻഡ് സയൻസ് കോളജിൽ ജോലി നേടിയ കേസില്‍ എസ്‌എഫ്‌ഐ മുന്‍ നേതാവ് കെ വിദ്യയെ ചൊവ്വാഴ്‌ചയാണ് നീലേശ്വരം പൊലീസ് അറസ്‌റ്റ് ചെയ്‌തത്. നേരത്തെ മറ്റൊരു കേസിൽ അഗളി പൊലീസും അറസ്‌റ്റ് ചെയ്‌തിരുന്നു. സർട്ടിഫിക്കറ്റ് നിർമിച്ചത് ഫോണിലൂടെയാണെന്നും എന്നാല്‍ ആ ഫോൺ കേടായതോടെ അത് ഉപേക്ഷിച്ചുവെന്നും വിദ്യ നീലേശ്വരം പൊലീസിന് മൊഴി നൽകിയിരുന്നു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.