Akhil Sajeev To Police In Job Fraud Case നിയമന കോഴയുമായി ഒരു ബന്ധവുമില്ലെന്ന് അഖിൽ സജീവ്; അഖില്‍ മാത്യുവിന്‍റെ പേര് താൻ ആരോടും പറഞ്ഞിട്ടില്ലെന്നും തുറന്നുപറച്ചില്‍

By ETV Bharat Kerala Team

Published : Oct 6, 2023, 6:17 PM IST

thumbnail

പത്തനംതിട്ട : ആരോഗ്യമന്ത്രിയുടെ ഓഫിസിനെതിരായ നിയമന കോഴയുമായി ഒരു ബന്ധവുമില്ലെന്ന് അഖിൽ സജീവ് (Recruitment Fraud Case). പരാതിക്കാരനായ ഹരിദാസിനെ കണ്ടിട്ടില്ലെന്നും പണം തട്ടിയത് ബാസിത്, റഹീസ് എന്നിവർ അടങ്ങിയ സംഘമാണെന്നുമാണ് അഖിൽ സജീവ് പൊലീസിനോട് പറഞ്ഞത്. എന്നാൽ ഈ മൊഴി വിശ്വസിക്കാൻ പൊലീസ് തയ്യാറായിട്ടില്ല. ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫായ അഖില്‍ മാത്യുവിന്‍റെ പേര് താൻ ആരോടും പറഞ്ഞിട്ടില്ലെന്നും പരാതിക്കാരനായ ഹരിദാസിനെ നേരിട്ട് കണ്ടില്ലെന്നും പത്തനംതിട്ട പൊലീസിനോട് അഖില്‍ സജീവ് പറഞ്ഞു. ലെനിൻ, ബാസിത്, റഹീസ് എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നതെന്നും താൻ നിരവധി പേരില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ടെന്നും അഖിൽ സജീവ് സമ്മതിച്ചു. സ്പൈസസ് ബോര്‍ഡില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് നാലര ലക്ഷം തട്ടിയ കേസിലും പത്തനംതിട്ട പോലീസ് അഖിലിനെ ചോദ്യം ചെയ്യും. കടം വീട്ടാനായിരുന്നു സിഐടിയു ഓഫിസിലെ ഫണ്ട് മോഷ്‌ടിച്ചത്. ഇപ്പോൾ തന്‍റെ കയ്യില്‍ പൈസയില്ല. അച്ഛനും അമ്മയും മരിച്ചു. ഭാര്യയും കുഞ്ഞും പോയി. അഖിൽ സജീവ് പൊലീസിനോട് കുറ്റസമ്മതത്തിന്‍റെ ഭാഗമായി പറഞ്ഞു. പൊലീസിന്‍റെ പ്രാഥമിക ചോദ്യം ചെയ്യലിൽ ആണ് ഇയാൾ ഇക്കാര്യങ്ങൾ പറഞ്ഞത്. സിഐടിയു പത്തനംതിട്ട ജില്ല കമ്മറ്റി ഓഫിസിലെ ഫണ്ട് വെട്ടിച്ച കേസിലും സ്‌പൈസസ് ബോര്‍ഡില്‍ ജോലി വാഗ്‌ദാനം ചെയ്‌ത്‌ നാലര ലക്ഷം രൂപ തട്ടിയ കേസിലും പൊലീസ് അഖില്‍ സജീവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. ഒളിവിൽ പോയ പ്രതി ചെന്നൈയിലെ ഒരു ഹോട്ടലിന്‍റെ ഡോര്‍മെട്രിയില്‍ ആയിരുന്നു താമസം. പത്തനംതിട്ടയിൽ നിന്നുള്ള പ്രത്യേക പൊലീസ് സംഘം ചെന്നൈയിൽ എത്തിയത് മനസിലാക്കിയ പ്രതി ഇവിടെ നിന്നും മുങ്ങുകയായിരുന്നു. ഇയാളുടെ നീക്കങ്ങൾ നിരീക്ഷിച്ച പൊലീസ് ഇന്ന് പുലര്‍ച്ചെ തേനി ബസ്‌ സ്റ്റാൻഡിനടുത്തു നിന്നുമാണ് കസ്റ്റഡിയില്‍ എടുത്തത്. തിരുവനന്തപുരം കന്‍റോൺമെന്‍റ്‌ പൊലീസ് ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ വിവരങ്ങൾ പുറത്തു വരും.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.