'എക്‌സാലോജിക്കിൽ ഒരു അഴിമതിയും നടന്നിട്ടില്ല' ; വീണയ്ക്ക് പിന്തുണയുമായി എകെ ബാലൻ

By ETV Bharat Kerala Team

Published : Jan 18, 2024, 1:28 PM IST

thumbnail

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്ക് പിന്തുണയുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലൻ. ഒരു അഴിമതിയും നടന്നിട്ടില്ലെന്നും കൊടുക്കേണ്ട രേഖകളെല്ലാം സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. എക്‌സാലോജിക് സേവനം നൽകിയോ ഇല്ലയോ എന്ന് അന്വേഷിക്കാൻ ആർഒസിക്ക് അധികാരം ഇല്ലെന്നും, മാസപ്പടി കേസ് വിജിലൻസ് കോടതി തള്ളിയതാണെന്നും ബാലൻ പറഞ്ഞു. ഹൈക്കോടതിയിൽ ഇതിനെതിരെ റിവിഷൻ പെറ്റീഷൻ സമർപ്പിച്ചു. പ്രോക്‌സി പെറ്റീഷണറുടെ റിവിഷൻ പെറ്റീഷന്‍റെ അടിസ്ഥാനത്തിൽ പിണറായി വിജയനോ വീണയ്‌ക്കോ എതിരെ ഒരു നോട്ടീസ് പോലും ഹൈക്കോടതി അയച്ചിട്ടില്ലെന്നും, നോട്ടീസ് അയക്കണോ എന്നുപോലും തീരുമാനിക്കപ്പെട്ടിട്ടില്ലാത്ത കേസാണ് ഇതെന്നും ബാലൻ പറഞ്ഞു. കമ്പനീസ് രജിസ്ട്രാർ ഓഫീസുമായി ബന്ധപ്പെട്ട മൂന്ന് ഉദ്യോഗസ്ഥരെ കേരളത്തിൽനിന്നും കർണാടകയിൽനിന്നും ചെന്നൈയിൽനിന്നും അന്വേഷിക്കാൻ ചുമതലപ്പെടുത്തിയിട്ടുണ്ട്. അവർ അന്വേഷിക്കട്ടെയെന്നും കുറ്റക്കാർ ആരാണോ അവരെ ശിക്ഷിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. എന്തിനുവേണ്ടിയാണ് സിഎംആർഎല്ലിന് പ്രോസിക്യൂഷൻ എടുക്കേണ്ടെന്ന് പറഞ്ഞ് ഇന്‍ററിം സെറ്റിൽമെന്‍റ് ബോർഡ് ഇമ്മ്യൂണിറ്റി കൊടുത്തതെന്ന് ചോദിച്ച എ കെ ബാലൻ, ആവശ്യമെങ്കിൽ കൂടുതൽ രേഖകൾ നൽകുമെന്നും വ്യക്തമാക്കി. ഏത് അന്വേഷണം ആണ് വേണ്ടതെന്ന് ആദ്യം കേന്ദ്ര ഏജൻസികൾ തീരുമാനിക്കണം. ഏത് അന്വേഷണവും നടക്കട്ടെ. തങ്ങൾക്ക് ഒരു പ്രശ്‌നവുമില്ല. അന്വേഷണം നടക്കട്ടെ, ആർക്കാണ് ഭയം. സിഎംആർഎല്ലില്‍ പരിശോധനയ്ക്ക്‌ എത്തിയപ്പോൾ ഒരാൾ പറഞ്ഞ കാര്യംവച്ചാണ് റിപ്പോർട്ട്. അതല്ലാത്ത മറ്റുകാര്യങ്ങളിലേക്ക്‌ ആർഒസി കടന്നിട്ടില്ല. ഇൻകം ടാക്‌സും ജിഎസ്‌ടിയും കൊടുത്തിട്ടില്ല എന്നതായിരുന്നു ആദ്യ പ്രശ്‌നം. അത് കൊടുത്തിട്ടുണ്ടെന്ന് കൃത്യമായി മറുപടി നൽകി. സർവീസിന്‍റെ വിവരങ്ങൾ ഇവർക്ക് അന്വേഷിക്കേണ്ട കാര്യമില്ല. ആർഒസി റിപ്പോർട്ട് ശരിയാണെങ്കിൽ എന്തുകൊണ്ട് കമ്പനിക്ക് ഇമ്മ്യൂണിറ്റി കൊടുത്തെന്നും ബാലൻ ചോദിച്ചു. പ്രോസിക്യൂഷൻ നടപടി എടുക്കേണ്ടെന്ന് ഒരു സ്റ്റാറ്റ്യൂട്ടറി കമ്മിറ്റി പറഞ്ഞിട്ടുപോലും വീണ്ടും അന്വേഷിക്കണമെന്ന് പറയുന്നതിന്‍റെ അർഥമെന്താണ്. തങ്ങൾ എതിർക്കാനുള്ള പ്രധാന കാരണം ചില അനാവശ്യ പരാമർശങ്ങൾ വന്നു എന്നുള്ളതുകൊണ്ട് മാത്രമല്ലെന്നും ആർക്കെതിരെയാണോ പരാമർശം നടത്തുന്നത്, ആ വ്യക്തിയെ കേൾക്കണമെന്നും ബാലൻ പറഞ്ഞു. അതാണ് സ്വാഭാവികനീതി. ആർഒസി ആവശ്യപ്പെട്ട രേഖകൾ എക്‌സാലോജിക് സമർപ്പിച്ചില്ലെന്ന റിപ്പോർട്ടിലെ പരാമർശം ചൂണ്ടിക്കാണിച്ചപ്പോൾ, കൊടുക്കേണ്ട രേഖകൾ എല്ലാം പരിപൂർണമായും കൊടുത്തിട്ടുണ്ടെന്ന് ബാലൻ പറഞ്ഞു. രേഖകൾ കൊടുത്തിട്ടില്ലെന്ന വാദം തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.