Accidents In Kochi Dhanushkodi National Highway : പുനർനിർമാണത്തിന് ശേഷം 18 അപകടങ്ങൾ ; കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ 'ആശങ്കായാത്ര'

By ETV Bharat Kerala Team

Published : Oct 1, 2023, 11:38 AM IST

thumbnail

ഇടുക്കി : കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിൽ വാഹനാപകടങ്ങള്‍ പതിവാകുന്നു (Accidents In Kochi Dhanushkodi National Highway). അപകടത്തില്‍പ്പെടുന്നതില്‍ അധികവും ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വാഹനങ്ങളാണ്. ബോഡിമെട്ട് മുതൽ ആനയിറങ്കൽ വരെയുള്ള ഭാഗങ്ങളിലാണ് അപകടങ്ങൾ ഏറെയും. ദേശീയപാതയുടെ പുനർനിർമ്മാണത്തിന് ശേഷം മാത്രം 18 അപകടങ്ങളാണ് ഉണ്ടായത്. വീതികൂട്ടി അലൈന്‍മെന്‍റ് ക്രമീകരിച്ചിട്ടും കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിൽ (Kochi- Dhanushkodi National Highway) വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് ആശങ്ക സൃഷ്ടിക്കുന്നു. ഇടുക്കിയിലെ റോഡുകളിലെ വളവും കുത്തിറക്കവുമെല്ലാം അറിയാതെയുള്ള ഡ്രൈവിങ് ആണ് അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതിന്‍റെ പ്രധാന കാരണം. ബിഎം ബിസി നിലവാരത്തിലുള്ള റോഡില്‍ വേഗത നിയന്ത്രണം അനിവാര്യമാണ്. കൊടും വളവുകളും ഇറക്കവും ഉള്ളതിനാല്‍ വേഗത കുറയ്‌ക്കേണ്ട സാഹചര്യം ഉണ്ടാകുന്നു. എന്നാല്‍ അമിത വേഗത മൂലം വളവുകളിലും ഇറക്കങ്ങളിലും നിയന്ത്രണം നഷ്‌ടമാകുന്നതാണ് അപകടങ്ങളിലേക്ക് നയിക്കുന്നത്. കൂടാതെ, ഹൈറേഞ്ചിലെ റോഡിന് അനുയോജ്യമല്ലാത്ത രൂപകല്‍പ്പനയുള്ള വാനുകളും ബസുകളും അപകടത്തില്‍പ്പെടുന്നുണ്ട്. ഇത്തരം വാഹനങ്ങള്‍ക്ക് ഇടുക്കിയില്‍ അനുമതിയില്ലാത്തതാണ്. തോണ്ടിമലയ്ക്ക്‌ സമീപമാണ് കൂടുതൽ വാഹനാപകടങ്ങൾ ഉണ്ടായിട്ടുള്ളത്. സെപ്റ്റംബർ 27ന് തമിഴ്‌നാട് തിരുനെൽവേലിയിൽ നിന്നും മൂന്നാർ സന്ദർശിക്കാൻ എത്തിയവരുടെ വാഹനം അപകടത്തിൽപ്പെട്ടിരുന്നു. വാഹനം ഇലക്‌ട്രിക്ക് പോസ്റ്റിൽ ഇടിച്ചുനിന്നതിനാൽ വൻ അപകടം ഒഴിവായി. ഏപ്രില്‍ 22ന് തമിഴ്‌നാട് തിരുനെല്‍വേലിയില്‍ നിന്നും എത്തിയ ബസ് ഇവിടെ നിയന്ത്രണം നഷ്ട്ടപ്പെട്ട് മറിഞ്ഞ് 5 പേര്‍ മരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ആന്ധ്രാപ്രദേശില്‍ നിന്നുമെത്തിയ വാഹനം മൂടല്‍മഞ്ഞ് മൂലം വഴിയറിയാതെ നിയന്ത്രണം വിട്ട് മറിഞ്ഞ സംഭവവും ഉണ്ടായിട്ടുണ്ട്. മൂലത്തുറയില്‍ തമിഴ്‌നാട് ശിവകാശിയില്‍ നിന്നുമെത്തിയ വാന്‍ മറിഞ്ഞ് യാത്രികര്‍ക്ക് പരുക്കേറ്റിരുന്നു. 17 പേരായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. ഗ്യാപ് റോഡ് ഭാഗത്ത് ഉള്‍പ്പടെ കോടമഞ്ഞ് കയറി മൂടുന്നതും അപകടങ്ങള്‍ക്ക് കാരണമാകുന്നു. സിഗ്നലുകളും ദിശ ബോര്‍ഡുകളും ഉണ്ടെങ്കിലും അപകടങ്ങള്‍ കുറയ്ക്കാന്‍ മറ്റ് നൂതന മാര്‍ഗങ്ങള്‍ ഒരുക്കണമെന്ന ആവശ്യം ശക്തമാണ്.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.