ബഫർ സോൺ: സുപ്രീം കോടതി വിധി ആശ്വാസം, സംസ്ഥാന സർക്കാരിന്‍റെ ദൃഢനിശ്ചയത്തിന് കിട്ടിയ അംഗീകാരമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ
തിരുവനന്തപുരം : ബഫർ സോൺ വിഷയത്തിൽ സുപ്രീംകോടതിയുടെ വിധിയുടെ പൂർണരൂപം ലഭിച്ചിട്ടില്ലെന്നും ലഭിച്ച വിവരം അനുസരിച്ച് പെർമെനന്‍റായിട്ടുള്ള നിർമാണങ്ങളുടെ നിയന്ത്രണം നീക്കിയെന്നും വനം മന്ത്രി എ കെ ശശീന്ദ്രൻ. നിലവിലുള്ള നിയന്ത്രണങ്ങളിൽ വലിയ രീതിയിലുള്ള ഇളവുകൾ നൽകിയിട്ടുണ്ട്. കേരളത്തിന്‍റെ താല്‌പര്യങ്ങൾ സംരക്ഷിക്കുന്ന നിലപാടാണ് കോടതിയുടെ ഭാഗത്ത് നിന്നുമുണ്ടായത്.
ബഫർ സോൺ വിധിയിൽ ആശങ്ക ഒഴിവാകുകയാണ്. ഒരു കിലോ മീറ്റർ പരിധി എന്നത് ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന്‍റെ താല്‌പര്യം മനസിലാക്കുന്ന വിധിയാണിത്. സംസ്ഥാന സർക്കാരിന്‍റെ ദൃഢനിശ്ചയത്തിന് കിട്ടിയ അംഗീകാരം കൂടിയാണ്. മലയോര മേഖലയിലുള്ളവർക്ക് ആശ്വാസമാണ് പുറത്തുവന്നിട്ടുള്ള സുപ്രീംകോടതി വിധി.
അതേസമയം എ ഐ കാമറ വിവാദത്തിൽ വിജിലൻസ് അന്വേഷണം സ്വാഗതം ചെയ്യുന്നതായും മന്ത്രി പറഞ്ഞു. ഉപകരാറുമായി ബന്ധപ്പെട്ട് സർക്കാർ യാതൊരു ഉത്തരവും പുറത്തിറക്കിയിട്ടില്ല. ഏത് ഏജൻസിയും അന്വേഷിക്കട്ടെ. അതിൽ യാതൊരു ഭയവുമില്ലെന്നും മന്ത്രി പറഞ്ഞു.
അരികൊമ്പൻ വിഷയത്തിൽ വിദഗ്‌ധ സമിതിയുടെ റിപ്പോർട്ട് കൈയിലേക്ക് ലഭിച്ചിട്ടില്ല. ഇത് ലഭിച്ചാലുടൻ റിപ്പോർട്ടിൽ പറഞ്ഞത് പ്രകാരമുള്ള നടപടികൾ ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.