ETV Bharat / sukhibhava

കുറിപ്പടിയില്ലാതെ ആന്‍റിബയോട്ടിക്കുകള്‍ വില്‍പന നടത്തിയാല്‍ ഫാര്‍മസിക്ക് പൂട്ട് വീഴും; നിര്‍ദേശവുമായി ആരോഗ്യമന്ത്രി

author img

By

Published : Dec 21, 2022, 8:25 PM IST

ജനങ്ങള്‍ക്കിടയില്‍ അനാവശ്യമായി ആന്‍റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്ന ശീലം കൂടിവരുന്നത് പരിഗണിച്ച് ഡോക്‌ടറുടെ കുറിപ്പടിയില്ലാതെ ആന്‍റിബയോട്ടിക്കുകള്‍ വില്‍ക്കുന്ന ഫാര്‍മസികളുടെ ലൈസന്‍സ് റദ്ദാക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

Pharmacy  Pharmacy License  Antibiotics  Doctor  Prescription  Health Minister  Veena George  ആന്‍റിബയോട്ടിക്കുകള്‍  കുറിപ്പടി  വില്‍പന  ഫാര്‍മസി  ആരോഗ്യമന്ത്രി  വീണാ ജോര്‍ജ്  ആന്‍റിബയോട്ടിക്  കര്‍സാപ്പ്
കുറിപ്പടിയില്ലാതെ ആന്‍റിബയോട്ടിക്കുകള്‍ വില്‍പന നടത്തിയാല്‍ ഫാര്‍മസിക്ക് പൂട്ട് വീഴും

തിരുവനന്തപുരം: ഡോക്‌ടറുടെ കുറിപ്പടിയില്ലാതെ ആന്‍റിബയോട്ടിക്കുകള്‍ വില്‍ക്കുന്ന ഫാര്‍മസികളുടെ ലൈസന്‍സ് റദ്ദാക്കുന്നത് സംബന്ധിച്ച് നടപടി സ്വീകരിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന കര്‍സാപ്പ് (കേരള ആന്റി മൈക്രോബിയല്‍ റെസിസ്‌റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാന്‍) വാര്‍ഷിക അവലോകന യോഗത്തിലാണ് മന്ത്രിയുടെ നിര്‍ദേശം. മാത്രമല്ല കേരളത്തിലെ ആന്‍റിബയോട്ടിക് പ്രതിരോധത്തിന്‍റെ തോത് അറിയാനും അതനുസരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കാനുമായി ഇന്ത്യയിലാദ്യമായി ആന്‍റി ബയോഗ്രാം (എഎംആര്‍ സര്‍വെയലന്‍സ് റിപ്പോര്‍ട്ട്) പുറത്തിറക്കിയിരുന്നു.

തുമ്മിയാല്‍ ആന്‍റിബയോട്ടിക്ക്: റിപ്പോര്‍ട്ടനുസരിച്ച് പല രോഗാണുക്കളിലും ആന്‍റിബയോട്ടിക് പ്രതിരോധത്തിന്‍റെ തോത് കൂടിവരുന്നതായി കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കര്‍ശന നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചത്. മാത്രമല്ല മൃഗങ്ങള്‍ക്കിടയിലും പരിസ്ഥിതി, ഫിഷറീസ്, അക്വാകള്‍ച്ചര്‍ തുടങ്ങിയ വിഭാഗങ്ങളില്‍ നടന്ന പഠനങ്ങളിലും ആന്‍റിബയോട്ടിക് പ്രതിരോധം കൂടി വരുന്നതായാണ് കണ്ടുവരുന്നത്. എല്ലാ മേഖലകളിലുമുള്ള അശാസ്‌ത്രീയമായ ആന്‍റിബയോട്ടിക്കുകളുടെ ഉപയോഗമാണ് ഇതിലേക്ക് നയിച്ചതെന്നും യോഗം വിലയിരുത്തി.

ലൈസന്‍സ് തെറിക്കും: മനുഷ്യരില്‍ മാത്രമല്ല, മൃഗപരിപാലനം, കോഴിവളര്‍ത്തല്‍, മത്സ്യകൃഷി തുടങ്ങിയവയിലും അശാസ്‌ത്രീയമായി ആന്‍റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ പരിസ്ഥിതിയില്‍ നിന്നും ശേഖരിച്ച സാമ്പിളുകളില്‍ പോലും ആന്‍റിബയോട്ടിക്കുകളെ പ്രതിരോധിക്കാന്‍ കഴിവുള്ള ബാക്‌ടീരിയകളെയും ജീനുകളെയും ആന്‍റിബയോട്ടിക് അംശവും കണ്ടെത്തിയിട്ടുണ്ട്. ആന്‍റിബയോട്ടിക് പ്രതിരോധം കൂടാനുള്ള ഒരു മുഖ്യ കാരണമായി വിലയിരുത്തിയത് ഡോക്‌ടറുടെ കുറിപ്പടിയില്ലാതെ ഫാര്‍മസികളില്‍ നിന്നും നേരിട്ട് ആന്‍റിബയോട്ടിക്കുകള്‍ വാങ്ങി കഴിക്കുന്നതു കൊണ്ടാണ്. അത് കര്‍ശനമായി വിലക്കിക്കൊണ്ടുള്ള നടപടിയാണ് ആരോഗ്യ വകുപ്പ് സ്വീകരിക്കുന്നത്.

കാര്‍ബപെനം മരുന്നുകളെ പ്രതിരോധിക്കാന്‍ കഴിവുള്ള രക്തത്തിലുള്ള അണുബാധകളെ പ്രത്യേകം നോട്ടിഫയബിള്‍ കണ്ടീഷനാക്കി പ്രഖ്യാപിക്കുന്നത് പരിശോധിക്കുമെന്നും കേരളത്തിലെ ഏത് ആശുപത്രിയിലും കാര്‍ബപെനം മരുന്നുകളെ പ്രതിരോധിക്കാന്‍ കഴിവുള്ള രക്തത്തിലുള്ള അണുബാധ കണ്ടെത്തിക്കഴിഞ്ഞാല്‍ അത് ആരോഗ്യവകുപ്പിനെ അറിയിക്കാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ആന്‍റിബയോട്ടിക് പ്രതിരോധത്തില്‍ പൊതുജനങ്ങൾക്കും പങ്കാളികളാകാം:

1. മിക്ക അണുബാധകളും വൈറസ് മൂലമാണ് ഉണ്ടാകുന്നത്. അതിനാല്‍ ഇവയ്‌ക്കെതിരെ ആന്‍റിബയോട്ടിക്കുകള്‍ ഫലപ്രദമല്ല.

2. ഡോക്‌ടറുടെ നിര്‍ദ്ദേശാനുസരണം മാത്രമേ ആന്‍റിബയോട്ടിക്കുകള്‍ ഉപയോഗിക്കാവൂ.

3. ഒരിക്കലും ആന്‍റിബയോട്ടിക്കുകള്‍ ആവശ്യപ്പെടുകയോ ഡോക്‌ടറുടെ കുറിപ്പടി ഇല്ലാതെ വാങ്ങി കഴിക്കുകയോ ചെയ്യരുത്.

4. ചികിത്സ കഴിഞ്ഞു ശേഷിക്കുന്ന ആന്‍റിബയോട്ടിക്കുകള്‍ ഒരിക്കലും ഉപയോഗിക്കരുത്.

5. ശേഷിക്കുന്നതോ കാലഹരണപ്പെട്ടതോ ആയ ആന്‍റിബയോട്ടിക്കുകള്‍ കരയിലോ ജലാശയങ്ങളിലോ വലിച്ചെറിയരുത്.

6. രോഗശമനം തോന്നിയാല്‍ പോലും ഡോക്‌ടര്‍ നിര്‍ദേശിച്ച കാലയളവിലേക്ക് ആന്‍റിബയോട്ടിക് ചികിത്സ പൂര്‍ത്തിയാക്കണം.

7. ആന്‍റിബയോട്ടിക്കുകള്‍ ഒരിക്കലും മറ്റുള്ളവരുമായി പങ്കിടാന്‍ പാടില്ല.

8. അണുബാധ തടയുന്നതിന് പതിവായി കൈ കഴുകുക.

9. രോഗികളുമായുളള സമ്പര്‍ക്കം ഒഴിവാക്കുക.

10. പ്രതിരോധ കുത്തിവയ്പുകള്‍ കാലാനുസൃതമായി എടുക്കുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.