ETV Bharat / sukhibhava

കൗമാരക്കാരിലെ പുകവലി എങ്ങനെ തടയാം?

author img

By

Published : Jun 9, 2022, 6:03 PM IST

വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ പുകവലിക്ക് അടിമപ്പെടാന്‍ കൗമാരത്തിലെ പുകവലി കാരണമാകും. ഡോ: ശ്രദ്ധ ഷെജ്‌കര്‍ (സൈക്യാട്രിസ്റ്റ്-ആസ്റ്റര്‍ ആര്‍വി ഹോസ്‌പ്പിറ്റല്‍) എഴുതുന്നു.

Adolescent smoking leads to accelerated dependency  how to prevent smoking in adolescent  health effects of smoking during adolescent  കൗമാരക്കാരിലെ പുകവലിയുടെ പ്രശ്‌നങ്ങള്‍  കൗമാരത്തിലെ പുകവലി എങ്ങനെ ഒഴിവാക്കാം  കൗമാരത്തിലെ പുകവലിയുടെ ആരോഗ്യ പ്രശ്‌നങ്ങള്‍
കൗമാരക്കാരിലെ പുകവലി തടയാന്‍ ചെയ്യേണ്ടത് എന്തൊക്കെ?

കൗമാരക്കാരിലെ പുകവലി നമ്മുടെ സമൂഹത്തെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ് സൃഷ്‌ടിക്കുന്നത്. കൗമാര കാലത്തെ പുകവലിയുടെ ഏറ്റവും അപകടം പിടിച്ച കാര്യം വളരെ കുറഞ്ഞ സമയം കൊണ്ട് കൗമരക്കര്‍ പുകവലിക്ക് അടിമപ്പെടും എന്നുള്ളതാണ്. പല പഠനങ്ങളും പറയുന്നത് രാജ്യത്ത് കൗമാരക്കാരില്‍ 5 മുതല്‍ 25 ശതമാനം പേര്‍ പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചവരോ ഉപയോഗിക്കുന്നവരോ ആണെന്നാണ്.

പുകയിലയിലടങ്ങിയ നിക്കോട്ടിന്‍ തലച്ചോറിന്‍റെ വികാസത്തെ ബാധിക്കുന്നതാണ്. പുകവലിക്കുന്ന കൗമാരക്കാര്‍ക്ക് മാനസിക പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത പുകവലിക്കാത്ത കൗമാരക്കാരേക്കാള്‍ കൂടുതലാണ്. പാനിക് അറ്റേക്(അകാരണ ഭീതി മൂലമുള്ള ശാരീരിക പ്രശ്‌നങ്ങള്‍), വിഷാദ രോഗം, ഉത്കണ്‌ഠ, മാനസിക സമ്മര്‍ദം, ഉറക്കമില്ലായ്‌മ എന്നിവ പുകവലിക്കുന്ന കൗമാരക്കാരില്‍ കണ്ടുവരുന്ന ആരോഗ്യ പ്രശ്‌നങ്ങളാണ്.

പുകവലിക്കുന്ന ചില കൗമാരക്കാരില്‍ ക്ലോസ്‌ട്രഫോബിയും (claustrophobia) അഗറോഫോബിയും (agoraphobia) കണ്ടുവരുന്നു. ഇടുങ്ങിയ സ്ഥലത്തോടും അടച്ചിട്ട മുറിയോടും തോന്നുന്ന അകാരണമായ ഭയമാണ് ക്ലോസ്‌ട്രഫോബിയ. ആളുകള്‍ കൂടിനില്‍ക്കുന്ന സ്ഥലത്തോട് തോന്നുന്ന അകാരണമായ ഭയമാണ് അഗറോഫോബിയ.

പുകവലി സമ്മര്‍ദത്തെ കുറയ്‌ക്കും എന്നാണ് പല പുകവലിക്കാരും പറയുന്ന ന്യായം. ഇത് ഒരു പരിധിവരെ ശരിയാണ്. നിക്കോട്ടിന്‍ നമ്മുടെ ശരീരത്തില്‍ പ്രവേശിക്കുമ്പോള്‍ സമ്മര്‍ദത്തില്‍ ചെറിയ അയവ് അനുഭവപ്പെടും. എന്നാല്‍ ഇത് വളരെ കുറഞ്ഞ സമയത്തേക്ക് മാത്രമെ നിലനില്‍ക്കുകയുള്ളൂ.

ചെറിയ സമയത്തേക്ക് അനുഭവപ്പെടുന്ന ഈ തോന്നലാണ് പുകവലിയില്‍ ഒരാളില്‍ ആസക്തിയുണ്ടാക്കുന്നത്. ശ്വാസമെടുക്കുന്നതിലെ ബുദ്ധിമുട്ട്, സ്റ്റാമിന കുറയല്‍, കുറഞ്ഞ ശ്വാസകോശ വളര്‍ച്ച എന്നിവ പുകവലിക്കാരായ കൗമാരക്കാരില്‍ കണ്ടുവരുന്നതാണ്. പ്രമേഹം, അര്‍ബുദം എന്നിവയ്‌ക്കുള്ള സാധ്യതയും ഈ വിഭാഗത്തിവല്‍ കൂടുതലാണ്.

പല ഘടകങ്ങളാണ് കൗമരക്കാരെ പുകവലിയിലേക്ക് നയിക്കുന്നത്. രക്ഷിതാക്കള്‍ പുകവലിക്കുന്നത്, കുടുംബസാഹചര്യം, കൂട്ടുകെട്ടില്‍ നിന്നുണ്ടാകുന്ന സമ്മര്‍ദം, എന്നിവ ഇതില്‍ ചിലതാണ്. കൗമാരക്കാരില്‍ പുകവലി തടയുന്നതിനുള്ള മാര്‍ഗങ്ങളില്‍ ചിലതാണ് താഴെ പറയുന്നത്.

രക്ഷിതാക്കള്‍ നല്ല മാതൃകയാവുക: പലപ്പോഴും രക്ഷിതാക്കള്‍ പുകവലിക്കുന്നത് കണ്ടിട്ട് ആകൃഷ്‌ടരായിട്ടാണ് കൗമാരക്കാര്‍ പുകവലിയിലേക്ക് കടക്കുന്നത്. അതുകൊണ്ട് തന്നെ കുട്ടികളുടെ മുന്നില്‍ നിന്ന് പുകവലിക്കുന്നത് രക്ഷിതാക്കള്‍ ഒഴിവാക്കണം. പുകവലിക്കുന്നവരാണെങ്കില്‍ പുകവലിക്കുന്നത് മൂലം നിങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ കുട്ടികളോട് പറയുക.

കൗമാരക്കാരുടെ മാനസികാവസ്ഥ മനസിലാക്കുക: സമപ്രായക്കാരില്‍ നിന്നുള്ള സമ്മര്‍ദം കൊണ്ട് പുകവലിയിലേക്ക് കടക്കുന്ന കൗമാരക്കാര്‍ നിരവധിയാണ്. ഒരു തരത്തില്‍ അവര്‍ പുകവലിയെ കാണുന്നത് സ്വാതന്ത്ര്യ പ്രഖ്യാപനമായാണ്. അതുകൊണ്ട് തന്നെ അവരെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി അവരുടെ തെറ്റായ ധാരണകളെ അകറ്റുക എന്നുള്ളത് രക്ഷിതാക്കളുടെയും അധ്യാപകരുടെയും ചുമതലയാണ്.

നോ എന്ന് പറയാന്‍ കുട്ടികളെ പഠിപ്പിക്കണം: തെറ്റായ കാര്യങ്ങള്‍ ചെയ്യാന്‍ ആര് പ്രേരിപ്പിച്ചാലും വേണ്ട എന്ന് പറയാന്‍ കുട്ടികളെ പഠിപ്പിക്കേണ്ടത് രക്ഷിതാക്കളുടെ ഉത്തരവാദിത്വമാണ്. കൂട്ടുക്കെട്ടില്‍ നിന്നുള്ള സമ്മര്‍ദങ്ങള്‍ നേരിടാന്‍ കുട്ടികളെ പ്രാപ്‌തമാക്കേണ്ടതുണ്ട്.

പുകവലി അനാവശ്യ പണചെലവാണ്: പുകവലി കൊണ്ട് ഒരുപാട് പണം വെറുതെ ചെലവാകും എന്നുള്ള കാര്യം കുട്ടികളെ പറഞ്ഞ് മനസിലാക്കണം. പണം കൊടുത്ത് ആരോഗ്യത്തെ നശിപ്പിക്കുകയാണ് പുകവലിയിലൂടെ ചെയ്യുന്നതെന്ന കാര്യം വ്യക്തമായി കുട്ടികളെ പറഞ്ഞ് മനസിലാക്കുക.

ഭാവിയെ കുറിച്ച് ചിന്തിക്കുക: കൗമാരക്കാര്‍ പലപ്പോഴും ഭാവിയെകുറിച്ച് ബോധവാന്‍മാരായിരിക്കില്ല. വര്‍ത്താമാനത്തിന്‍റെ സുഖലോലുപതയില്‍ ആയിരിക്കും അവരുടെ താല്‍പ്പര്യം. പുകവലിയുടെ ദീര്‍ഘകാലം നിലനില്‍ക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെ പറ്റി അവരെ പറഞ്ഞ് ബോധവാന്‍മാരാക്കുക. പുകവലികൊണ്ട് കടുത്ത ആരോഗ്യ പ്രശ്‌നം നേരിട്ടവരെ കുറിച്ച് കുട്ടികളോട് പറയുക.

പുകവലിക്കെതിരായുള്ള ബോധവല്‍ക്കരണത്തില്‍ കുട്ടികളെ പങ്കാളികളാക്കുക: സ്‌കൂളുകളുടെ നേതൃത്വത്തിലുള്ള പുകയില വിരുദ്ധ പ്രചാരണത്തിന്‍റെ ഭാഗമാകാന്‍ കുട്ടികളെ പ്രേരിപ്പിക്കുക. പൊതുയിടങ്ങള്‍ പുകവലി മുക്തമാകുന്നതിനായുള്ള ശ്രമങ്ങളില്‍ പങ്കാളികളാകുക. പുകവലിയില്‍ നിന്ന് വിമുക്തി നേടുന്നതിനുള്ള നിരവധി സന്നദ്ധ കേന്ദ്രങ്ങളും മൊബൈല്‍ ആപ്പുകളും ഉണ്ടെന്നുള്ള കാര്യത്തില്‍ അവബോധം സൃഷ്‌ടിക്കുക.

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.