ETV Bharat / state

18 വർഷം മുമ്പ് കാണാതായ സഹോദരിയെ കൊന്നു കുഴിച്ച് മൂടിയെന്ന് പരാതി; ആരോപണം സഹോദരനെതിരെ, പൊലീസ് പരിശോധന നടത്തി

author img

By ETV Bharat Kerala Team

Published : Dec 19, 2023, 7:01 PM IST

Wayanad woman missing case  Woman killed and buried by brother in Wayanad  Allegation against brother on sisters missing case  സ്വത്ത് തർക്കം  വയനാട് ജില്ലാ വാർത്തകൾ  Crime news in Wayanad  സഹോദരിയെ കൊന്നു കുഴിച്ച് മൂടിയതായി പരാതി
Allegation against brother on killed and buried sister in 18 years ago in Wayanad

Wayanad woman missing case :18 വർഷം മുമ്പ് കാണാതായ തൻ്റെ സഹോദരിയെ സഹോദരൻ, കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയിക്കുന്നതായി പരാതി. കാണാതായ ഷൈനിയുടെ സഹോദരി ബീനയാണ് സഹോദരനെതിരെ പരാതിയുമായി രംഗത്തെത്തിയത്. പൊലീസ് പരിശോധന നടത്തിയെങ്കിലും സംശയാസ്‌പദമായി ഒന്നും കണ്ടെത്തിയില്ല. എന്നാൽ സ്വത്ത് തർക്കം മൂലമുള്ള വിദ്വേഷമാണ് പരാതിക്ക് കാരണമെന്ന് സഹോദരൻ നിധീഷ്.

Allegation against brother on killed and buried sister

വയനാട്: 18 വർഷം മുമ്പ് കാണാതായ തൻ്റെ സഹോദരിയെ സഹോദരൻ കൊന്ന് കുഴിച്ചുമൂടിയതായി സംശയിക്കുന്നുവെന്ന പരാതിയുമായി വീട്ടമ്മ രംഗത്ത്. വരയാൽ 41 ആം മൈൽ കുറ്റിലക്കാട്ടിൽ കുഞ്ഞിമോൾ എന്ന ബീനയാണ് തൻ്റെ സഹോദരി ഷൈനിയെ കൊന്ന് കുഴിച്ചുമൂടിയതായുള്ള സംശയവുമായി തലപ്പുഴ പോലീസിനെ സമീപിച്ചത്. ഇവരുടെ സഹോദരൻ നിധീഷിനെതിരെയാണ് പരാതി ഉന്നയിച്ചിരിക്കുന്നത്.

2005 ഏപ്രിൽ മുതലാണ് ഷൈനിയെ കാണാതായത്. ബീനയുടെ പരാതി പ്രകാരം കഴിഞ്ഞ ഫെബ്രുവരിയിൽ കേസെടുത്ത തലപ്പുഴ പോലീസ് ഇന്ന് എക്‌സിക്യുട്ടീവ് മജിസ്ട്രേറ്റ് മാനന്തവാടി തഹസിൽദാർ എംജെ അഗസ്റ്റിൻ്റെയും ഡിവൈഎസ്‌പി എൽ ഷൈജുവിൻ്റെയും നേതൃത്വത്തിൽ പരിശോധന നടത്തി. മുൻപ് ഷൈനിയും കുടുംബവും താമസിച്ചിരുന്ന വീടിൻ്റെ മുറ്റത്തിനോട് ചേർന്ന ഭാഗവും മറ്റുമാണ് ഹിറ്റാച്ചി ഉപയോഗിച്ച് കുഴിയെടുത്ത് പരിശോധിച്ചത്.

പരിശോധനയിൽ സംശയാസ്‌പദമായി ഒന്നും തന്നെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ സ്വത്ത് തർക്കവുമായി ബന്ധപ്പെട്ടുള്ള വിദ്വേഷം കൊണ്ടാണ് ബീന തനിക്കെതിരെ പരാതി നൽകിയതെന്ന് ആരോപണ വിധേയനായ നിധീഷ് പറഞ്ഞു.

പരാതിക്കാരി ബീനയ്ക്ക് ഏഴ് സഹോദരങ്ങളാണുള്ളത്. ഇവരുടെ അമ്മയോടൊപ്പമാണ് ഷൈനി താമസിച്ച് വന്നിരുന്നത്. ഈ സമയം ബീന വിദേശത്തായിരുന്നു. ഇടയ്ക്ക് ലീവിന് നാട്ടിൽ വന്നപ്പോഴാണ് ഷൈനിയെ കാണാതായ വിവരം അറിയുന്നത്. ആദ്യം അമ്മയും സഹോദരന്മാരും ഷൈനി വിദേശത്തേക്ക് പോയെന്നായിരുന്നു പറഞ്ഞിരുന്നത്.

പിന്നീട് ബീന തറവാടിനടുത്ത് സ്ഥലം വാങ്ങുകയും വീടുവെക്കുകയും അമ്മയുമായി കൂടുതൽ അടുക്കുകയും ചെയ്‌തു. അമ്മയുമായി കൂടുതൽ അടുത്തിടപഴകാൻ അവസരം കിട്ടിയപ്പോൾ അമ്മയും മറ്റൊരു സഹോദരൻ കുര്യനുമാണ് തന്നോട് ഷൈനി കൊല ചെയ്യപെട്ടെന്നുള്ള കാര്യം പറഞ്ഞതെന്ന് ബീന പറയുന്നു.

കൊലപാതകം പണം സ്വന്തമാക്കാൻ: ഹോം നഴ്‌സായി ജോലി ചെയ്‌തിരുന്ന ഷൈനിയുടെ കൈവശം ധാരാളം പണവും സ്വർണവുമുണ്ടായിരുന്നെന്നും അത് സ്വന്തമാക്കാനാണ് ഷൈനിയെ കൊന്ന് വീടിന് ചേർന്ന് കുഴിച്ചുമൂടിയതെന്നും സംഭാഷണമധ്യേ സൂചനകൾ ലഭിച്ചതായും ബീന ആരോപിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ അന്വേഷണമാരംഭിക്കുകയായിരുന്നു.

മാനന്തവാടി ഡിവൈഎസ്‌പി പി എൽ ഷൈജുവിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം. തുടർന്ന് പരാതിക്കാരി ബീനയും, സഹോദരൻ കുര്യനും ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ മൊഴി നൽകുകയും ആയതിൻ്റെ അടിസ്ഥാനത്തിൽ ഇന്ന് നിധീഷിൻ്റെ വീടിൻ്റെ പരിസരത്ത് കുഴിയെടുത്ത് പരിശോധിക്കുകയുമായിരുന്നു. ഫോറൻസിക് സർജൻ എസ് കൃഷ്‌ണകുമാർ , മാനന്തവാടി പോലീസ് ഇൻസ്പെക്‌ടർ എംഎം അബ്‌ദുൾ കരീം, തലപ്പുഴ എസ് ഐ വിമൽ ചന്ദ്രൻ തുടങ്ങിയവരും പരിശോധനക്ക് നേതൃത്വം നൽകി.

സ്വത്ത് തർക്കം മൂലമുള്ള വിദ്വേഷമെന്ന് സഹോദരൻ: എന്നാൽ ബീനയുമായി സ്വത്ത് തർക്കം നിലനിൽക്കുന്നതായും, അമ്മയും മറ്റ് സഹോദരങ്ങളുമെല്ലാം തൻ്റെ ഭാഗത്താണെന്നും നിധീഷ് പറയുന്നു. കുടുംബ സ്വത്ത് വിഭജിച്ചതുമായി ബന്ധപ്പെട്ടുള്ള തർക്കവും നിയമ നടപടികളും നടക്കുന്നതിനിടയിൽ മനഃപൂർവ്വമാണ് കെട്ടിച്ചമച്ച കഥയുമായി ബീന രംഗത്ത് വന്നതെന്നും നിധീഷ് പറഞ്ഞു.

Also read: വൃദ്ധയെ ജീവനോടെ കുഴിച്ച് മൂടി കൊലപ്പെടുത്തിയ സംഭവം: മകനും കൂട്ടുകാരനും ശിക്ഷ വിധിച്ച് കോടതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.