ETV Bharat / state

വ്യാജ തങ്കവിഗ്രഹം വില്‍പന നടത്താന്‍ ശ്രമം; സ്ത്രീ ഉള്‍പ്പെടെ ഏഴംഗ സംഘം അറസ്റ്റിൽ

author img

By

Published : Dec 3, 2021, 10:58 AM IST

തൃശൂർ വിഗ്രഹ തട്ടിപ്പ് അറസ്റ്റ് വാർത്ത  Attempt to sell fake gold idol in Pavaratty  Thrissur idol fraud arrested news  പാവറട്ടിയിൽ വ്യാജ തങ്കവിഗ്രഹം വില്‍പന നടത്താന്‍ ശ്രമം  Thrissur Crime news  തൃശൂർ ക്രൈം വാർത്ത
വ്യാജ തങ്കവിഗ്രഹം വില്‍പന നടത്താന്‍ ശ്രമം; സ്ത്രീ ഉള്‍പ്പെടെ ഏഴംഗ സംഘം അറസ്റ്റിൽ

പാവറട്ടിയിൽ നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണെന്ന് അവകാശപ്പെട്ടാണ് വ്യാജ തങ്കവിഗ്രഹം വില്‍പന നടത്താന്‍ ശ്രമിച്ച കേസിൽ സ്ത്രീ ഉള്‍പ്പെടെ ഏഴംഗ സംഘം അറസ്റ്റിലായി. ഇവരുടെ പക്കൽ നിന്നും നിരവധി വ്യാജ സര്‍ട്ടിഫിക്കറ്റുകളും മൂന്ന് ആഢംബര കാറുകളും തൃശൂര്‍ പൊലീസ് പിടിച്ചെടുത്തു.

തൃശൂർ: നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണെന്ന് അവകാശപ്പെട്ട് വ്യാജ തങ്കവിഗ്രഹം വില്‍പന നടത്താന്‍ ശ്രമിച്ച കേസിൽ സ്ത്രീ ഉള്‍പ്പടെ ഏഴംഗ സംഘം അറസ്റ്റിൽ. പാവറട്ടി പാടൂര്‍ സ്വദേശി അബ്ദുള്‍ മജീദ്, തിരുവനന്തപുരം തിരുമല സ്വദേശി ഗീതാറാണി, പത്തനംതിട്ട സ്വദേശി ഷാജി, ആലപ്പുഴ കറ്റാനം സ്വദേശി ഉണ്ണികൃഷ്ണന്‍, എളവള്ളി സ്വദേശി സുജിത് രാജ്, തൃശൂര്‍ പടിഞ്ഞാറേകോട്ട സ്വദേശി ജിജു, പുള്ള് സ്വദേശി അനില്‍കുമാര്‍ എന്നിവരാണ് പിടിയിലായത്.

പാവറട്ടി പാടൂരിലെ ആഢംബര വീട് കേന്ദ്രീകരിച്ച് 20 കോടി മൂല്യമുള്ള വിഗ്രഹം വിൽപനയ്ക്ക് വച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് തൃശൂര്‍ സിറ്റി ഷാഡോ പൊലീസും പാവറട്ടി പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

വ്യാജ തങ്കവിഗ്രഹം വില്‍പന നടത്താന്‍ ശ്രമം; സ്ത്രീ ഉള്‍പ്പെടെ ഏഴംഗ സംഘം അറസ്റ്റിൽ

തനി തങ്കത്തില്‍ തീര്‍ത്ത വിഗ്രഹം നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കവടിയാര്‍ കൊട്ടാരത്തില്‍ നിന്നും മോഷണം പോയതാണെന്നാണ് പ്രതികള്‍ പറഞ്ഞിരുന്നത്. ഇതിന്‍റെ ഉടമസ്ഥാവകാശം സംബന്ധിച്ച് കോടതിയില്‍ കേസുകള്‍ ഉണ്ടായിരുന്നെന്നും രണ്ടര കോടി രൂപ കോടതിയില്‍ കെട്ടിവച്ചതിനുശേഷം വിട്ടുകിട്ടിയ വിഗ്രഹമാണെന്ന് പ്രതികള്‍ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതിനായി നിരവധി വ്യാജ സര്‍ട്ടിഫിക്കറ്റുകളും പ്രതികളുടെ കൈവശം ഉണ്ടായിരുന്നു.
ALSO READ: തിരുവനന്തപുരത്ത് അമ്മയെയും മകനെയും വീടുകയറി ആക്രമിച്ചു

പതിനഞ്ച് കോടി രൂപ വിലപറഞ്ഞ് പത്തുകോടി രൂപയ്ക്ക് വിഗ്രഹം വാങ്ങാനെന്ന വ്യാജേന ഇടനിലക്കാര്‍ മുഖാന്തിരമാണ് പ്രതികളെ പൊലീസ് സമീപിച്ചത്. സ്വര്‍ണം പൂശിയ വിഗ്രഹത്തോടൊപ്പം വ്യാജമായി തയാറാക്കിയ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്, കോടതിയില്‍ നിന്നുള്ള വ്യാജ വിടുതല്‍ രേഖ, തനി തങ്കമാണെന്ന് വിശ്വസിപ്പിക്കുന്നതിനായി റീജിയണല്‍ ഫോറന്‍സിക് ലബോറട്ടറിയുടെ വ്യാജ സീല്‍ പതിപ്പിച്ച രേഖകൾ, മൂന്ന് ആഢംബര കാറുകൾ എന്നിവയും പൊലീസ് പിടിച്ചെടുത്തു.

അറസ്റ്റിലായ ഗീതാറാണിയ്‌ക്കെതിരെ കേരളത്തിലെ വിവിധ സ്റ്റേഷനുകളില്‍ നിരവധി തട്ടിപ്പുകേസുകള്‍ നിലവിലുണ്ട്. ഷാജിയ്‌ക്കെതിരെ തൃശൂര്‍ ടൗണ്‍ വെസ്റ്റ് സ്റ്റേഷനില്‍ പതിനെട്ട് ലക്ഷം രൂപയും സ്വര്‍ണവും തട്ടിയെടുത്തതിനും കേസ് നിലവിലുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.