ETV Bharat / state

Woman Killed By Husband: തിരുവനന്തപുരത്ത് യുവതിയെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി ഭര്‍ത്താവ്, ശിക്ഷ വിധി ഇന്ന്

author img

By ETV Bharat Kerala Team

Published : Sep 30, 2023, 9:24 AM IST

Man killed wife in Thiruvananthapuram: മദ്യപിച്ചെത്തി മര്‍ദിച്ചതിനെ തുടര്‍ന്ന് യുവതി പൊലീസില്‍ പരാതിപ്പെട്ടിരുന്നു. പിന്നാലെയാണ് ഭര്‍ത്താവ് കമ്പിപ്പാര കൊണ്ട് തലയ്‌ക്കടിച്ചത്. ചികിത്സയിലിരിക്കെ യുവതി മരിക്കുകയായിരുന്നു

Woman Killed By Husband  Man killed wife by attacking with Iron rode  Man killed wife in Thiruvananthapuram  മുദാക്കൽ ചെമ്പൂര്‍ നിഷ കൊലക്കേസ്  തിരുവനന്തപുരം ആറാം അഡിഷണൽ സെഷൻസ് ജഡ്‌ജി  യുവതിയെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയ കേസ്
Woman Killed By Husband

തിരുവനന്തപുരം : മുദാക്കൽ ചെമ്പൂര്‍ കളിക്കൽ കുന്നിൻ വീട്ടിൽ നിഷയെ (35) തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അഴൂർ മുട്ടപ്പാലം പുതുവൽ വിള വീട്ടിൽ സന്തോഷ് (37) കുറ്റക്കാരനെന്ന് കോടതി (Woman Killed By Husband). തിരുവനന്തപുരം ആറാം അഡിഷണൽ സെഷൻസ് ജഡ്‌ജി കെ വിഷ്‌ണുവിന്‍റേതാണ് വിധി. കേസില്‍ ശിക്ഷ വിധി ഇന്ന്.

മദ്യപിച്ചെത്തി നിഷയെ ശാരീരിക ഉപദ്രവം ഏല്‍പ്പിച്ചതിന് ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതാണ് കൊലപാതകത്തിനു കാരണം. 2011 ഒക്ടോബർ 27 നായിരുന്നു കേസിനാസ്‌പദമായ സംഭവം. സ്ഥിരം മദ്യപാനിയായ സന്തോഷ്, മദ്യപിച്ച് വന്ന് നിരന്തരം നിഷയെ ദേഹോപദ്രവം ഏല്‍പ്പിച്ചിരുന്നു എന്നാണ് വിവരം (Man killed wife in Thiruvananthapuram).

മർദനം സഹിക്കവയ്യാതെ വന്നതോടെ നിഷ ആറ്റിങ്ങല്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു എന്നാണ് വിവരം. പരാതി ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സന്തോഷിനെ തെരഞ്ഞ് വീട്ടില്‍ എത്തിയിരുന്നു. ഇതറിഞ്ഞ ഇയാള്‍ വീട്ടില്‍ നിന്ന് മാറി നില്‍ക്കുകയും പിറ്റേദിവസം രാവിലെ ഏഴുമണിയോടെ വീട്ടിലെത്തി നിഷയുമായി വഴക്കിടുകയും ചെയ്‌തു. നിഷയുടെ അമ്മ രാധയും സഹോദരി രമ്യയും വീട്ടില്‍ ഉണ്ടായിരുന്നതിനാല്‍ ഇയാള്‍ പെട്ടെന്ന് തന്നെ വീട്ടില്‍ നിന്ന് ഇറങ്ങി തൊട്ടടുത്തുള്ള വേങ്ങോട് ജങ്‌ഷനിലേക്ക് പോയി.

നിഷയുടെ സഹോദരി ജോലിക്ക് പോകുകയും അമ്മ വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ പോകുന്നത് കാണുകയും ചെയ്‌തതോടെ സന്തോഷ് വീട്ടിലെത്തി നിഷയെ ആക്രമിക്കുകയായിരുന്നു. വീട്ടുമുറ്റത്ത് തുണി അലക്കുകയായിരുന്ന നിഷയെ സന്തോഷ് കമ്പിപ്പാര ഉപയോഗിച്ച് തലയ്‌ക്കടിച്ച് വീഴ്‌ത്തി. നിഷയുടെ മകൾ സനീഷ അയൽവാസി സുനിത എന്നിവരായിരുന്നു കേസിലെ പ്രധാന ദൃക്‌സാക്ഷികൾ. അച്ഛൻ അമ്മയെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തിയത് കണ്ടുവെന്ന് മകൾ സനീഷയും തറയിൽ വീണ നിഷയെ വീണ്ടും സന്തോഷ് മർദിക്കുന്നത് കണ്ടുവെന്ന് അയൽവാസി സുനിതയും കോടതി മുമ്പാകെ മൊഴി നൽകി.

മകളുടെ നിലവിളി കേട്ട് പരിസരവാസികൾ ഓടിക്കൂടിയപ്പോഴേക്കും ഇയാള്‍ സംഭവസ്ഥലത്തു നിന്ന് ഓടിരക്ഷപ്പെട്ടു. വേങ്ങോട് ജങ്‌ഷനിലെത്തിയ പ്രതിയെ നാട്ടുകാർ പിടികൂടി ആറ്റിങ്ങൽ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിഷയെ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും പിറ്റേ ദിവസം മരണത്തിന് കീഴടങ്ങി.

വിചാരണയുടെ ആദ്യ ഘട്ടത്തിൽ കോടതിയിൽ ഹാജരുണ്ടായിരുന്ന പ്രതി വിചാരണയ്ക്കിടയിൽ കോടതിയിൽ ഹാജരാകാതെ ഒളിവിൽപോയതിനെ തുടർന്ന് വിചാരണ നിർത്തിവച്ചു. പൊലീസ് പിന്നീട് പ്രതിയെ പിടികൂടി ഹാജരാക്കി. തുടർന്ന് ജുഡീഷ്യൽ കസ്റ്റഡിയിൽ ആണ് പ്രതി വിചാരണ നേരിട്ടത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം സലാഹുദീൻ, ദേവിക മധു, അഖില ലാൽ എന്നിവർ ഹാജരായി.

14 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്‌തരിച്ചു. 18 രേഖകളും ഏഴ് തൊണ്ടി മുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. ആറ്റിങ്ങൽ പൊലീസ് മുൻ സർക്കിൾ ഇൻസ്‌പെക്‌ടറും ഇപ്പോൾ ഡിസിആർബി ഡിവൈഎസ്‌പിയുമായ ബി അനിൽകുമാറാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.