ETV Bharat / state

VS Achuthanandan political life birth day 'സമരം തന്നെ ജീവിതം', കേരളത്തിന്‍റെ വിപ്ലവ സൂര്യനായി ഉദിച്ചുയർന്ന വിഎസ്

author img

By ETV Bharat Kerala Team

Published : Oct 19, 2023, 10:24 PM IST

ആസ്പിന്‍വാള്‍ തൊഴിലാളിയില്‍ നിന്ന് കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ അനിഷേധ്യ നേതാവും കേരള മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന് ഇന്ന് നൂറാം പിറന്നാൾ. ജീവിതത്തോടും വ്യവസ്ഥിതികളോടും പടവെട്ടിയ ജീവിതം. ജനനം, ജീവിതം, സ്വാതന്ത്ര്യസമരപോരാട്ടം എന്നിവയെ കുറിച്ച് ആത്മകഥയായ 'സമരം തന്നെ ജീവിതം' എന്ന പുസ്തകത്തില്‍ വിഎസ് വിവരിക്കുന്നു.

vs-achuthanandan-political-life-birth-day
vs-achuthanandan-political-life-birth-day

തിരുവനന്തപുരം: രാഷ്ട്രീയത്തില്‍ മലയാളികള്‍ വിശ്വസ്തതയുടെ പ്രതീകമായി കാണുന്ന ഒരേ ഒരു നേതാവേ എന്നും ഉണ്ടാകുകയുള്ളൂ-സാക്ഷാല്‍ വേലിക്കകത്തു വീട്ടില്‍ ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വിഎസ് അല്ലാതെ മറ്റാരുമല്ല. വിഎസ് അച്യുതാനന്ദന്‍ മലയാളികളില്‍ സൃഷ്ടിച്ചെടുത്തിരിക്കുന്ന വിശ്വാസം തകര്‍ക്കാന്‍ പറ്റാത്തത്ര ഉറച്ചതാണ്. വിഎസിന്റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ 'സുമാര്‍'- 916. മലയാളികളുടെ പ്രിയപ്പെട്ട വിഎസ് തന്റെ ജീവിതവഴിയില്‍ ശതാഭിഷിക്തനാകുകയാണ്.

പുന്നപ്ര-വയലാര്‍ സമര നായകനും കര്‍ഷകത്തൊഴിലാളികളെ സംഘടിപ്പിച്ച് 17-ാം വയസില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായത് മുതല്‍ പൊലീസിന്റെ കൊടിയ മര്‍ദ്ദനമേറ്റുവാങ്ങി ആയുസിന്റെ വലിപ്പം കൊണ്ടു മാത്രം ജീവിതത്തിലേക്ക് മടങ്ങിയെത്തിയതു വരെ സംഭവ ബഹുലവും സമര തീക്ഷ്‌ണവുമാണ് ആ വിപ്ലവ ജീവിതം. നാലാം വയസില്‍ മാതാവിനെയും പതിമൂന്നാം വയസില്‍ പിതാവിനെയും നഷ്ടപ്പെട്ട വിഎസിന്റെ ബാല്യ-കൗമാരങ്ങളിലുടനീളം ജീവിത സമരമായിരുന്നു.

vs-achuthanandan-political-life-birth-day
hപൊതുയോഗത്തില്‍ വിഎസ്

പത്താം ക്ലാസുവരെയെങ്കിലും പഠിക്കണമെന്നാഗ്രഹമുണ്ടായിട്ടും ഏഴാം ക്ലാസില്‍ പഠനമുപേക്ഷിച്ച് ആസ്പിന്‍വാള്‍ കമ്പനിയില്‍ തൊഴിലാളിയായി. കനല്‍ വഴികള്‍ താണ്ടി കേരള ജനത നെഞ്ചേറ്റിയ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സിപിഎം സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായ വിഎസ് എന്നും നീതിക്കും ജന നന്മയ്ക്കും വേണ്ടി ശബ്ദിച്ചു കൊണ്ടേയിരുന്നു. 2019ല്‍ ഉണ്ടായ മസ്തിഷ്‌കാഘാതം വിഎസിനെ പൊതു രംഗത്തു നിന്നകറ്റിയെങ്കിലും നീട്ടിയും കുറുക്കിയും എതിരാളികളെ നിലം പരിശാക്കുന്ന ആ ശബ്ദം ഒരിക്കല്‍ കൂടി കേള്‍ക്കാന്‍ കേരളം ആഗ്രഹിക്കുന്നുണ്ട്.

ജനനം സംബന്ധിച്ച വിശദാംശങ്ങള്‍ വിഎസ് അച്യുതാനന്ദന്‍ തന്നെ തന്റെ ആത്മകഥയായ സമരം തന്നെ ജീവിതം എന്ന പുസ്തകത്തില്‍ വിവരിക്കുന്നത് ഇങ്ങനെയാണ്: '1923 ഒക്ടോബര്‍ 20നാണ് ഞാന്‍ ജനിച്ചത്. ഇന്നത്തെ ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കില്‍ പുന്നപ്ര വില്ലേജില്‍ വരുന്ന വേലിക്കകത്ത് വീട്ടില്‍. അച്ഛന്‍ ശങ്കരന്‍, അമ്മ അക്കമ്മ. ഇവരുടെ രണ്ടാമത്ത മകന്‍. എനിക്ക് നാലു വയസുള്ളപ്പോള്‍ അമ്മ മരിച്ചു. വസൂരി പിടിപെട്ടായിരുന്നു മരണം. അന്ന് വസൂരിക്ക് ഫലപ്രദമായ ചികിത്സ ഉണ്ടായിരുന്നില്ല. അമ്മയുടെ മരണം ഇന്നും മനസില്‍ വിട്ടുമാറാത്ത ഓര്‍മ്മയാണ്. വസൂരി ബാധിച്ച അമ്മയെ വീട്ടില്‍ ചികിത്സയ്ക്ക് ആളെ ഏര്‍പ്പെടുത്തിയ ശേഷം അച്ഛന്റെ സഹോദരിയുടെ വീട്ടിലേക്ക് ഞങ്ങള്‍ താമസം മാറ്റി. അന്ന് വസൂരി പേടി സ്വപ്‌നമായിരുന്നു. വസൂരി ബാധിച്ചാല്‍ മരണമാണ്. അടുത്തു ചെന്നാല്‍ പകരും.

vs-achuthanandan-political-life-birth-day
ആത്മകഥയുടെ ആദ്യ പേജ്

രോഗബാധിതയായ അമ്മയെ ദൂരെ നിന്നു നോക്കി കണ്ണീര്‍ വാര്‍ക്കാനേ കുട്ടിയായ എനിക്ക് കഴിഞ്ഞുള്ളൂ. അമ്മയുടെ മരണ ശേഷം അച്ഛനാണ് വളര്‍ത്തിയത്. പതിനൊന്നു വയസുള്ളപ്പോള്‍ അച്ഛനും മരിച്ചു. അച്ഛനും അമ്മയും നഷ്ടപ്പെട്ട അനാഥനായ എന്നെയും സഹോദരങ്ങളെയും അച്ഛന്റെ സഹോദരി, എന്റെ അപ്പച്ചിയാണ് വളര്‍ത്തിയത്. ജ്യേഷ്ഠന്‍ ഗംഗാധരന്‍ ആയിരുന്നു കുടുംബം പോറ്റിയത്. അച്ഛന്‍ മരിച്ചതോടെ ഏഴാം ക്ലാസില്‍ പഠനം നിലച്ചു. ജ്യേഷ്ഠന് സ്വന്തമായി ഉണ്ടായിരുന്ന തയ്യല്‍ക്കടയില്‍ സഹായിയായി കൂടി. പഠനം തുടരാന്‍ കഴിയാത്തതില്‍ നിരാശയുണ്ടായിരുന്നു. എസ്എസ്എല്‍സിയെങ്കിലും നേടണമെന്ന് ആഗ്രഹമുണ്ടായിരുന്നു'. വിഎസ് എഴുതി...

vs-achuthanandan-political-life-birth-day
കേരളത്തിന്‍റെ വിപ്ലവ സൂര്യനായി ഉദിച്ചുയർന്ന വിഎസ്

സഹോദരന്റെ വരുമാനം കൊണ്ടു മാത്രം കുടുംബം പുലര്‍ത്താന്‍ കഴിയാത്തതിനാല്‍ 1940 ല്‍ 17-ാം വയസില്‍ ആസ്പിന്‍വാള്‍ കമ്പനിയില്‍ കയര്‍ തൊഴിലാളിയായി ചേര്‍ന്നു. സ്വന്തമായി ഒരു വരുമാനം അദ്ദേഹത്തിന് അത്യാവശ്യമായിരുന്നു എന്നു മാത്രമല്ല, ഇടുങ്ങിയ ജീവിത്തില്‍ നിന്ന് കുറെക്കൂടി സ്വതന്ത്രമായ ജീവിതത്തിലേക്ക് പ്രവേശിക്കാനും സ്വന്തമായി ഒരു തൊഴില്‍ ആവശ്യമായിരുന്നു. അനുജന്‍ പുരുഷോത്തമന്‍, സഹോദരി ആഴിക്കുട്ടി എന്നിവരുടെ സംരക്ഷണവും പ്രധാനമായിരുന്നു.

17-ാം വയസില്‍ ആസ്പിന്‍വാള്‍ കമ്പനിയില്‍ തൊഴിലാളിയായി ചേര്‍ന്നതോടെ കയര്‍ ഫാക്ടറി വര്‍ക്കേഴ്‌സ് യൂണിയന്റെ സംഘടന പ്രവര്‍ത്തനത്തില്‍ പങ്കാളിയായി. ജോലിക്കു ചേര്‍ന്ന് ആറ് മാസത്തിനിടയില്‍ അന്ന് നിയമവിരുദ്ധമെന്ന് പ്രഖ്യാപിക്കപ്പെട്ട കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വമെടുത്തു. പി.കൃഷ്ണപിള്ളയാണ് വിഎസിന് കമ്മ്യൂണിസ്റ്റ്് പാര്‍ട്ടി മെമ്പര്‍ഷിപ്പ് നല്‍കുന്നത്. രഹസ്യമായിട്ടായിരുന്നു പാര്‍ട്ടി പ്രവര്‍ത്തനം. ഇതിനിടെ ആസ്പിന്‍വാള്‍ ഫാക്ടറിയിലെ ട്രേഡ് യൂണിയന്‍ നേതാവായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

1943 ല്‍ പി കൃഷ്ണപിള്ള ആലപ്പുഴയില്‍ വന്ന് ഫാക്ടറി പണി നിര്‍ത്തി കൃഷിക്കാരെയും കര്‍ഷകത്തൊഴിലാളികളെയും സംഘടിപ്പിക്കാന്‍ മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകനാകാന്‍ അഭ്യര്‍ത്ഥിച്ചു. അങ്ങനെ കുട്ടനാട്ടില്‍ കര്‍ഷക തൊഴിലാളികളെ സംഘടിപ്പിക്കാന്‍ ചുമതല ഏറ്റെടുത്തു. 1944 മുതല്‍ പ്രവര്‍ത്തന മേഖല കുട്ടനാട്ടിലേക്കു മാറ്റിയതോടെ ആലപ്പുഴയിലേക്കുള്ള വിഎസിന്റെ വരവു പോക്ക് വല്ലപ്പോഴുമായി. ഇതിനു മുന്‍പു തന്നെ വിഎസ് മുന്‍ കൈ എടുത്തു ചെത്തു തൊഴിലാളികളുടെയും മത്സ്യ തൊഴിലാളികളുടെയും സംഘടന ആലപ്പുഴയില്‍ രൂപീകരിച്ചു കഴിഞ്ഞിരുന്നു.

vs-achuthanandan-political-life-birth-day
വിഎസും നായനാരും

ഇതോടൊപ്പം കര്‍ഷകത്തൊഴിലാളി മേഖലയില്‍ അക്കാലത്ത് ജന്‍മിമാര്‍ നടത്തി വന്നിരുന്ന കൊടിയ ചൂഷണത്തിനെതിരെ തൊഴിലാളികളെ സംഘടിപ്പിച്ച്് സമരം തുടങ്ങി. പകലന്തിയോളം കഠിനമായി പണിയെടുത്തിരുന്ന തൊഴിലാളികള്‍ക്ക് കൂലി കുറവായിരുന്നു എന്നു മാത്രമല്ല, കൂലിയായി കൊടുത്തിരുന്ന നെല്ല് കള്ളപ്പറ ഉപയോഗിച്ച് അളന്ന് വളരെ കുറച്ചാണ് നല്‍കിയത്. ശ്രീമൂലമംഗലം പാട ശേഖരത്ത് സമരം ആരംഭിച്ചു. പേഷ്‌കാര്‍ കുടുംബത്തിലെ വന്‍ കര്‍ഷകരുടെയും മുരുക്കന്‍ അടക്കമുള്ള നിരവധി പ്രമാണിമാരുടെയും സ്ഥലത്തായിരുന്നു കര്‍ഷത്തൊഴിലാളി സമരം. ജന്മിമാര്‍ ഗുണ്ടകളെയും പൊലീസിനെയും രംഗത്തിറക്കി. ആലപ്പുഴയില്‍ നിന്ന് കൂടുതല്‍ പൊലീസെത്തി. 50 തൊഴിലാളികളെ അറസ്റ്റു ചെയ്തു. ലോക്കപ്പ് മര്‍ദ്ദനവും ഭീഷണിയും ആരംഭിച്ചു. പക്ഷേ പിന്‍മാറാന്‍ തൊഴിലാളികള്‍ തയ്യാറായില്ല.

vs-achuthanandan-political-life-birth-day
വിഎസും യെച്ചൂരിയും

എട്ടാം ദിവസം ആയപ്പോഴേക്കും യൂണിയന്‍ നേതാക്കളുമായി ചര്‍ച്ച എന്ന അവസ്ഥയിലേക്ക് ജന്‍മിമാരെത്തി. ടികെ വര്‍ഗീസിന്റെ നേതൃത്വത്തില്‍ തൊഴിലാളി പ്രതിനിധികള്‍ ചര്‍ച്ചയ്ക്കു പോയി. 125 പറ നെല്ല് കൂലിയായി ആവശ്യപ്പെടാനും 100 കിട്ടിയാല്‍ സമരം അവസാനിപ്പിക്കാനും തീരുമാനിച്ചാണ് ചര്‍ച്ചയ്ക്ക് പോയ്ത്. നെല്ല് കൊയ്ത് വരമ്പത്തു കിടക്കുന്നതിനാല്‍ ഡിമാന്‍ഡുകള്‍ ജന്‍മിമാര്‍ക്ക് അംഗീകരിക്കേണ്ടി വന്നു. അങ്ങനെ സമരം വിജയിച്ചു.

ആത്മകഥയില്‍ വിവരിക്കുന്നത് ഇങ്ങനെ:' ഈ സമരത്തിന്റെ വിജയം വലിയ ചലനം സൃഷ്ടിച്ചു. ഇഷ്ടം പോലെ നെല്ലും ചുമന്ന് കളംപിരിഞ്ഞ് നിരനിരയായി പോകുന്ന കര്‍ഷകത്തൊഴിലാളികള്‍ കുട്ടനാടിന്റെ ആദ്യ കാഴ്ചയായി. അടിസ്ഥാന തൊഴിലാളികള്‍ ജന്‍മിത്വത്തിനു നേരെ നേടിയ ആദ്യ വിജയം. അതോടു കൂടി ഞാന്‍ താമസിച്ചിരുന്ന കര്‍ഷത്തൊഴിലാളി കുടുംബത്തിലേക്ക് മെമ്പര്‍ഷിപ്പ് ചോദിച്ച് തൊഴിലാളികള്‍ വരുന്ന അവസ്ഥയായി'... ആത്മകഥ തുടരുന്നു...

പുന്നപ്ര-വയലാര്‍ സമരനായകനിലേക്ക്: കര്‍ഷകത്തൊഴിലാളി സമര വിജയത്തിനു പിന്നാലെ 1945ല്‍ കര്‍ഷകത്തൊഴിലാളി യൂണിയന്റെ ആദ്യ വാര്‍ഷികം നടത്താന്‍ തീരുമാനിച്ചു. ജന്‍മിമാര്‍ ദിവാന്‍ സര്‍ സിപിയെ കണ്ട് വാര്‍ഷികം നിരോധിക്കാന്‍ ആവശ്യപ്പെട്ടു. വാര്‍ഷികം നടത്താന്‍ തീരുമാനിച്ച സ്ഥലങ്ങളില്‍ പൊലീസ്് നിരോധനാജ്ഞയുമായി വന്ന് സമ്മേളനം തടഞ്ഞു. സമ്മേളനം പല നിലകളില്‍ തടസപ്പെട്ടെങ്കിലും ജനങ്ങളില്‍ ഉത്തരവാദ പ്രക്ഷോഭത്തിന്റെ ആവശ്യകതയെ കുറിച്ച് ബോധം സൃഷ്ടിക്കാന്‍ ദിവാന്റെ ഈ നടപടികള്‍ സാഹയകമായി.

vs-achuthanandan-political-life-birth-day
വിഎസിന്‍റെ പ്രസംഗം

ഉത്തരവാദ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ സിപി നടപടികള്‍ ആരംഭിച്ചു. എന്നാല്‍ സ്വാതന്ത്ര്യം നല്‍കാതെ അടങ്ങില്ലെന്നതായിരുന്നു അവസ്ഥ. ബ്രിട്ടീഷുകാരുമായി അധികാര കൈമമാറ്റത്തിന്റെ വിവരങ്ങള്‍ പുറത്തു വന്നു കൊണ്ടിരുന്നെങ്കിലും ജന പ്രതിനിധികള്‍ക്ക് ഭരണം നല്‍കുന്നു എന്ന വ്യാജേന അധികാരത്തില്‍ തുടരാനായിരുന്നു സിപിയുടെ പരിപാടി. സ്വാതന്ത്ര്യം അംഗീകരിക്കുന്നു എന്ന രീതിയില്‍ ട്രേഡ് യൂണിയന്‍ നേതാക്കളുടെ യോഗം സിപി വിളിച്ചു ചേര്‍ത്തു. തൊഴിലാളികള്‍ക്ക് പ്രത്യേക നിയോജക മണ്ഡലം, കൂലി, ബോണസ് എന്നിവ നല്‍കാം, ഉത്തരവാദ ഭരണം മാത്രം നല്‍കാനാകില്ല എന്നായിരുന്നു സിപിയുടെ നിലപാട്.

also read: Oru Samara Noottandu : 'ഒരു സമര നൂറ്റാണ്ട്'; നൂറാം ജന്മദിനത്തിൽ വിഎസിന്‍റെ ജീവിത കഥയുമായി മുൻ പ്രസ് സെക്രട്ടറി കെ വി സുധാകരന്‍

ടിവി തോമസ് അടക്കമുള്ള നേതാക്കളാണ് സർ സിപിയുമായുള്ള ചര്‍ച്ചകളില്‍ പങ്കെടുത്തത്. സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ആവശ്യം ഉപേക്ഷിക്കാന്‍ കഴിയില്ലെന്ന് അവർ തീര്‍ത്തു പറഞ്ഞു. എന്നാല്‍ തന്റെ കയ്യില്‍ പൂര്‍ണ അധികാരം നിക്ഷിപ്തമാകുന്ന അമേരിക്കന്‍ മോഡലായിരുന്നു സിപിയുടെ കാഴ്ചപ്പാട്. ഇതിനെതിരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിഷേധിച്ചു. അമ്പലപ്പുഴ, ആലപ്പുഴ താലൂക്കുകളിലെ തൊഴിലാളികള്‍ വിഎസിനൊപ്പം ചേര്‍ന്നു.

vs-achuthanandan-political-life-birth-day
ജനസാഗരത്തിന് മുന്നില്‍

അമേരിക്കന്‍ മോഡലിനെതിരായ സമരം അടിച്ചമര്‍ത്താന്‍ സിപി പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു. പട്ടാള, പൊലീസ് ക്യാമ്പുകള്‍ കൊണ്ട് അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകള്‍ നിറഞ്ഞു. പ്രക്ഷോഭകാരികള്‍ക്കെതിരെ ഈ താലൂക്കുകളിലെങ്ങും പൊലീസിന്റെ ഭീതി ജനകമായ അന്തരീക്ഷം. സി.കേശവനും പിടി പുന്നൂസും അടക്കമുള്ളവരെ അറസ്റ്റു ചെയ്തു. ബാക്കി നേതാക്കള്‍ക്കെതിരെ അറസ്റ്റു വാറൻഡ് പുറപ്പെടുവിച്ചു. അമേരിക്കന്‍ മോഡല്‍ പരിഷ്‌കാരത്തിനെതിരെ ആലപ്പുഴ ആലിശേരി മൈതാനിയില്‍ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. നേതാക്കളായ സുഗതന്‍, കെവി പത്രോസ്, ശ്രീകണ്ഠന്‍നായര്‍, സൈമണ്‍ ആശാന്‍, എന്നിവരും വിഎസുമായിരുന്നു പ്രസംഗകര്‍. യോഗം കഴിഞ്ഞ ഉടനെ സുഗതനെ അറസ്റ്റു ചെയ്തു. പത്രോസ്, ശ്രീകണ്ഠന്‍നായര്‍, വിഎസ് എന്നിവരെ പിടികൂടാന്‍ പൊലീസ് തെരച്ചില്‍ നടത്തുന്നതിനിടെ അവിടെ നിന്നു മുങ്ങി നേരെ പുന്നപ്രയിലെത്തി അറസ്റ്റിനെതിരെ യോഗം സംഘടിപ്പിച്ചു.

also read: Pirappancode Murali About VS: 'ലോക കമ്മ്യൂണിസ്‌റ്റ് നേതാക്കന്മാരുടെ പാരമ്പര്യത്തിലുള്ള ഏക മനുഷ്യന്‍'; ഓര്‍മകള്‍ പങ്കുവച്ച് പിരപ്പന്‍കോട് മുരളി

അവിടെ എത്തിയപ്പോള്‍ തിരുവിതാംകൂര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആക്ടിംഗ് സെക്രട്ടറിയായിരുന്ന കെവി പത്രോസിന്റെ കത്തുമായി ഒരു സഖാവ് വിഎസിനെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. അറസ്‌റ്റ് വാറന്റുണ്ടെന്നും പിടികൊടുക്കരുതെന്നും യോഗത്തില്‍ പ്രസംഗിക്കരുതെന്നും കത്തുമായി വരുന്ന ആളിനൊപ്പം ഉടന്‍ കോട്ടയത്തു പോകണം, കോട്ടയം ജില്ലാ സെക്രട്ടറി സിഎസ് ഗോപാലപിള്ള മറ്റൊരു സ്ഥലത്തെത്തിക്കും എന്നുമായിരുന്നു കത്തില്‍. കോട്ടയത്തെത്തി സിഎസ് ഗോപാലപിള്ളയെ കണ്ടു ഗോപാലപിള്ളയ്ക്കൊപ്പം പൂഞ്ഞാറിലേക്കു പോയി.

vs-achuthanandan-political-life-birth-day
ജനസാഗരത്തിന് മുന്നില്‍

പൂഞ്ഞാറിലെ കര്‍ഷക സംഘത്തിന്റെ നേതാക്കളെ അറസ്റ്റു ചെയ്ത സാഹചര്യത്തിലാണ് അവിടെ എത്തിയത്. അവിടെ ഒളിവില്‍ പ്രവര്‍ത്തനം തുടരവേ രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും കെവി പത്രോസിന്റെ കത്ത്- ആലപ്പുഴയിലേക്ക് തിരിച്ചു ചെല്ലുക. അപ്പോഴേക്കും അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളില്‍ പൊലീസ് നരനായാട്ട് തുടങ്ങിയിരിന്നു. ഇതു നേരിടാന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടി തീരുമാനിച്ചു. വാര്‍ഡുകളില്‍ ട്രേഡ് യൂണിയന്‍ കൗണ്‍സിലര്‍ രൂപീകരിച്ച് വോളന്റിയര്‍ സംഘടനയ്ക്കു രൂപം കൊടുത്തു. യുദ്ധം കഴിഞ്ഞ് പിരിഞ്ഞു വന്ന പട്ടാളക്കാരുടെ നേതൃത്വത്തിലായിരുന്നു ക്യാമ്പ്.

പൊലീസിനെയും പട്ടാളത്തെയും നേരിടാന്‍ ക്യാമ്പില്‍ പരിശീലനം. പൊലീസ് വെടിവച്ചാല്‍ ഒഴിയാനും വാരിക്കുന്തം ഉപയോഗിച്ച് തിരിച്ച് ആക്രമിക്കാനും പരിശീലനം നല്‍കുന്ന നിരവധി ക്യാമ്പുകള്‍. എന്നാല്‍ ഇത്തരം കായിക പരിശീലനം മാത്രം പോരെന്നും വെടിവയ്ക്കുമ്പോള്‍ പിന്തിരിയാതിരിക്കാന്‍ ജനങ്ങള്‍ക്ക് രാഷ്ട്രീയ ബോധം നല്‍കേണ്ട ചുമതല ഏല്‍പ്പിക്കാനുമായിരുന്നു വിഎസിനെ പൂഞ്ഞാറില്‍ നിന്ന് തിരികെ വിളിപ്പിച്ചത്. പുന്നപ്രയിലെത്തി ക്യാമ്പുകള്‍ക്കു നേതൃത്വം നല്‍കി. ഒരു വോളന്റിയര്‍ ക്യാമ്പില്‍ 300-400 പ്രവര്‍ത്തകരുണ്ടായിരുന്നു. മൂന്നു ക്യാമ്പുകളുടെ ചുമതല വിഎസിനായിരുന്നു.

മൂന്നാഴ്ച പിന്നിട്ടപ്പോള്‍ 1946 ഒക്ടോബര്‍ 23, മലയാളം തിയതി തുലാം ഏഴ്, തിരുവിതംകൂര്‍ മഹാരാജാവിന്റെ തിരുനാള്‍. തിരുനാള്‍ പ്രമാണിച്ച് ദിവാന്‍ കൂടുതല്‍ പെലീസ് സ്റ്റേഷനുകളും പൊലീസ് ക്യാമ്പുകളും തുറന്നു. വോളന്‍റിയര്‍മാരുടെ നേതൃത്വത്തില്‍ ജനങ്ങളുടെ പ്രകടനം പൊലീസ് ക്യാമ്പുകളിലേക്ക് നടത്താനും പൊലീസ് ക്യാമ്പുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെടാനും പാര്‍ട്ടി തീരുമാനിച്ചു. അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍ എന്ന മുദ്രാവാക്യം മുഴക്കി സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടാനായിരുന്നു ആഹ്വാനം.

പുന്നപ്രയില്‍ പുതുതായി സ്ഥാപിച്ച പൊലീസ് ക്യാമ്പിലേക്കു പരിശീലനം നേടിയ വോളന്റിയര്‍മാര്‍ മാര്‍ച്ചു നടത്തി. മാര്‍ച്ചിന്റെ ഒരു ഭാഗം വരെ വിഎസും മാര്‍ച്ചിനൊപ്പമുണ്ടായിരുന്നു. അറസ്റ്റു വാറന്റുള്ളതിനാല്‍ മാറിനില്‍ക്കാന്‍ വിഎസിനു നിര്‍ദ്ദേശം വന്നു. അങ്ങനെ അദ്ദേഹം സമീപത്തെ ഒരു തൊഴിലാളിയുടെ വീട്ടിലേക്കു മാറി. ഇതിനിടെ പിരിഞ്ഞു പോകാന്‍ പൊലീസ് മേധാവി ജനങ്ങളോട് ആവശ്യപ്പെട്ടതിനൊപ്പം വെടി വയ്ക്കാനും ഉത്തരവിട്ടു. പരിശീലനം കിട്ടിയ വോളന്റിയര്‍മാര്‍ വാരിക്കുന്തവുമായി നിലത്തു കിടന്നു അതിനു ശേഷം പൊലീസ് ക്യാമ്പിലേക്ക് ഇഴഞ്ഞു നീങ്ങി.

അക്രമാസക്തരായ വോളന്റിയര്‍മാര്‍ ഒരു എസ്‌ഐയുടെ തലവെട്ടി. എട്ടോളം പൊലീസുകാരെ കൊന്നു. വോളന്റിയര്‍മാര്‍ 50 പൊലീസുകാരെ വെടിവച്ചിട്ടു. പൊലീസിന്റെ തോക്ക് തട്ടിയെടുത്ത വോളന്റിയര്‍മാര്‍ താന്‍ കഴിഞ്ഞിരുന്ന തൊഴിലാളിയുടെ വീട്ടിലെത്തി. തോക്കുകള്‍ ഉപേക്ഷിക്കാന്‍ അദ്ദേഹത്തോടു പറഞ്ഞ ശേഷം വിഎസ് വീണ്ടും പൂഞ്ഞാറിലേക്കു പോയി. പൂഞ്ഞാറിലെത്തുമ്പോള്‍ വിഎസിനായി പൊലീസ് അവിടെ വല വിരിച്ചു കഴിഞ്ഞിരുന്നു. പുന്നപ്രയിലെ പൊലീസ് ക്യാമ്പ് ആക്രമണം സര്‍ സിപിക്ക് വന്‍ ഷോക്കായിരുന്നു. ഒക്ടോബര്‍ 28ന് പൂഞ്ഞാറില്‍ നിന്ന പൊലീസ് അറസ്റ്റു ചെയ്തു പാലാ സ്റ്റേഷനിലേക്ക് കൊണ്ടു വന്നു.

ഇതിനിടെ വയലാര്‍ അടക്കമുള്ള വോളന്റിയര്‍ ക്യാമ്പുകള്‍ പട്ടാളം ആക്രമിച്ചു. അറുന്നൂറിലേറെ പേരെ പട്ടാളം കൊന്നൊടുക്കി. അറസ്റ്റും ക്രൂരമായ ലോക്കപ്പ് മര്‍ദ്ദനവും പൂഞ്ഞാറില്‍ നിന്ന് അറസ്റ്റു ചെയ്ത് പാലായിലേക്ക് കൊണ്ടു വരും വഴി ഈരാറ്റുപേട്ട പൊലീസ് ഔട്ട് പോസ്റ്റില്‍ വച്ചു തന്നെ വിഎസിനു നേരെ പൊലീസ് മര്‍ദ്ദനം ആരംഭിച്ചിരുന്നു.

അറസ്റ്റും ക്രൂരമായ ലോക്കപ്പ് മര്‍ദ്ദനവും: പൂഞ്ഞാറില്‍ നിന്ന് അറസ്റ്റു ചെയ്ത് പാലായിലേക്ക് കൊണ്ടു വരും വഴി ഈരാറ്റുപേട്ട പൊലീസ് ഔട്ട് പോസ്റ്റില്‍ വച്ചു തന്നെ വിഎസിനു നേരെ പൊലീസിന്റെ മര്‍ദ്ദനം ആരംഭിച്ചിരുന്നു. ആലപ്പുഴയില്‍ നിന്നും സിഐഡിമാര്‍ പാലായിലെത്തി. പൊലീസ് ക്യാമ്പുകള്‍ക്കെതിരെ ആക്രമണം നടത്തി, എസ്‌ഐയെ കൊലപ്പെടുത്തി എന്നിവയായിരുന്നു കുറ്റങ്ങള്‍. ഇതിനിടെ ഇടിയന്‍ നാരായണന്‍ പിള്ള എത്തി. കെവി പത്രോസ്, കെസി ജോര്‍ജ്, ഇഎംഎസ് എന്നിവര്‍ എവിടെയെന്നായിരുന്നു അദ്ദേഹത്തിന് അറിയേണ്ടിയിരുന്നത്. അറിയില്ലെന്നു പറഞ്ഞതോടെ ഇതെല്ലാം അറിയുന്ന ആക്രമണത്തിന്റെ സൂത്രധാരനായി പൊലീസ് തന്നെ കണ്ടു. വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാമെന്ന ധാരണയില്‍ പൊലീസ് ക്രൂര മര്‍ദ്ദനം തുടങ്ങി. എത്ര മര്‍ദ്ദിച്ചിട്ടും ഒരു വിവരവും കിട്ടില്ലെന്നായപ്പോള്‍ മര്‍ദ്ദനത്തിന്റെ രീതി മാറ്റി.

ലോക്കപ്പ് അഴികളില്‍ കാല്‍ ലാത്തി കൊണ്ട് വെച്ചു കെട്ടി മര്‍ദ്ദനം തുടങ്ങി. ഇഎംഎസും കെവി പത്രോസും എവിടെയെന്ന് മര്‍ദ്ദനത്തിനിടെ ചോദിച്ചു കൊണ്ടിരുന്നു. ഇതിനിടെ പൊലീസുകാര്‍ തോക്കിന്റെ പാത്തികൊണ്ട് ഇടിച്ചു. രണ്ടു പൊലീസുകാര്‍ ഉള്ളം കാലില്‍ ചൂരല്‍ കൊണ്ട് മാറി മാറി തല്ലി. ഇതിനിടെ ഒരു പൊലീസുകാരന്‍ തോക്കില്‍ ബയണറ്റ് പടിപ്പിച്ചു. ചോദ്യം ചെയ്യലിനിടെ ബയണറ്റു പിടിപ്പിച്ച തോക്ക് ഉള്ളം കാലില്‍ ആഞ്ഞു കുത്തി. കാല്‍പ്പാദം തുളഞ്ഞ് ബയണറ്റ് അപ്പുറം കയറി. കണ്ണു തുറക്കുന്നത് പാലാ ആശുപത്രിയിലാണ്.

1947 ഓഗസ്റ്റ് 15ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ പുന്നപ്ര- വയലാര്‍ സമരത്തിന്റെ പേരില്‍ ഭരണ കൂടത്തെ അട്ടിമറിക്കാന്‍ ശ്രമിച്ച കുറ്റത്തിന് വിഎസ് ജയിലിലായിരുന്നു. 1948 ല്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ രണ്ടാം പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞതോടെ കമ്മ്യൂണിസ്റ്റു പാര്‍ട്ടി നിരോധിക്കപ്പെട്ടു. 1948 മുതല്‍ 52 വരെ ഒളിവില്‍ കഴിഞ്ഞു കൊണ്ടായിരുന്നു പ്രവര്‍ത്തനം. 1952ല്‍ ജയിലില്‍ കഴിഞ്ഞവര്‍ മോചിതരായി. 1956 ല്‍ തിരുകൊച്ചി, മലബാര്‍ ഘടകങ്ങള്‍ ചേര്‍ന്ന് കേരള സംസ്ഥാനം രൂപീകരിച്ചപ്പോള്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗവും ഒന്‍പതംഗ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായി. 1964ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അഖിലേന്ത്യാടിസ്ഥാനത്തില്‍ പിളര്‍ന്നപ്പോള്‍ 101 അംഗ ദേശീയ കൗണ്‍സിലില്‍ നിന്ന് 32 പേര്‍ ഇറങ്ങി വന്നതില്‍ ഒരാള്‍ വിഎസ് ആണ്. ഈ 32 പേർ ചേർന്നാണ് പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്‌റ്റ്) രൂപീകരിച്ചത്.

പാര്‍മെന്ററി ജീവിതത്തിന്‍റെ നാള്‍ വഴികള്‍: 1965-ല്‍ അമ്പലപ്പുഴ മണ്ഡലത്തില്‍ കന്നിയങ്കത്തില്‍ പരാജയം. 1967, 1970 തെരഞ്ഞെടുപ്പുകളില്‍ അമ്പലപ്പുഴയില്‍ നിന്ന് നിയമസഭയിലെത്തി. 1977ല്‍ അമ്പലപ്പുഴയില്‍ പരാജയം. 1991ല്‍ മാരാരിക്കുളത്തു നിന്ന് വിജയം. 1996 മാരാരിക്കുളത്തു നിന്ന് പരാജയം. 2001, 2006, 2011, 2016 തെരഞ്ഞെടുപ്പുകളില്‍ മലമ്പുഴയില്‍ നിന്ന് വിജയം. 2001-2006 വരെ പ്രതിപക്ഷ നേതാവായിരുന്നു. 2006 മുതല്‍ 2011 വരെ മുഖ്യമന്ത്രി. 2011 മുതല്‍ 2016 വരെ വീണ്ടും പ്രതിപക്ഷ നേതാവ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.