ETV Bharat / state

സ്ത്രീധന പീഡനം; കിരൺ കുമാറിനെ സർവീസിൽ നിന്ന് പിരിച്ചു വിട്ടു

author img

By

Published : Aug 6, 2021, 3:28 PM IST

Updated : Aug 6, 2021, 4:52 PM IST

സംസ്ഥാന ചരിത്രത്തിൽ ഇതാദ്യമായാണ് സ്‌ത്രീധന പീഡന പരാതിയെ തുടർന്ന് ഒരു ഉദ്യോഗസ്ഥനെ സർവീസിൽ നിന്നും പിരിച്ചു വിടുന്നത്. ഇയാള്‍ക്ക് പെൻഷൻ പോലും ലഭിക്കില്ലെന്ന് മന്ത്രി

vismaya death  kiran kumar  motor vehicle department  dismissal  husband of vismaya kiran kumar dismissed from the government service  വിസ്‌മയ കൊലപാതകം  കിരൺ കുമാറിനെ സർവീസിൽ നിന്ന് പിരിച്ചു വിട്ടു  വിസ്‌മയ  കിരൺ കുമാർ
വിസ്‌മയ കേസ്; കിരൺ കുമാറിനെ സർവീസിൽ നിന്ന് പിരിച്ചു വിട്ടു

തിരുവനന്തപുരം: സ്ത്രീധന പീഡനത്തെ തുടർന്നുണ്ടായ വിസ്‌മയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭർത്താവ് കിരൺ കുമാറിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. കൊല്ലത്തെ മോട്ടോർ വാഹന വകുപ്പ് ഓഫിസിൽ അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായിരുന്ന കിരൺ വിസ്‌മയയുടെ മരണത്തെത്തുടർന്ന് സസ്പെൻഷനിലായിരുന്നു. വകുപ്പ് തല അന്വേഷണം നടത്തിയതിന് ശേഷം, സംശയാതീതമായി കുറ്റം ചെയ്തെന്ന് തെളിഞ്ഞതിനെത്തുടർന്നാണ് പിരിച്ചുവിടലെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു വാർത്താസമ്മേളനത്തില്‍ അറിയിച്ചു.

പിരിച്ചുവിടൽ 1960ലെ കേരള സിവിൽ സർവീസ് റൂൾ പ്രകാരം

ആദ്യമായാണ് സ്‌ത്രീധന പീഡന പരാതിയെ തുടർന്ന് ഒരു ഉദ്യോഗസ്ഥനെ സർവീസിൽ നിന്നും പിരിച്ചു വിടുന്നത്. 1960-ലെ കേരള സിവിൽ സർവീസ് റൂൾ പ്രകാരമാണ് കിരണിനെ സർവീസിൽ നിന്ന് പിരിച്ചുവിടുന്നത്. കിരണിന് ഇനി സർക്കാർ സർവീസിൽ തുടർജോലിയും ലഭിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. പ്രൊബേഷനിലായിരുന്നതിനാൽ പെൻഷനും അർഹതയുണ്ടാവില്ല.

വകുപ്പ് തല അന്വേഷണത്തിനൊടുവിൽ നടപടി

കിരണിനെതിരെ വിസ്‌മയയുടെ ആത്മഹത്യയെത്തുടർന്ന് വകുപ്പ് തല അന്വേഷണം നടത്തിയിരുന്നു. കിരണിനോട് നേരിട്ടും മോട്ടോർ വാഹനവകുപ്പ് വിശദീകരണം തേടി. 1960-ലെ സർവീസ് ചട്ടപ്രകാരം സ്ത്രീവിരുദ്ധവും, സാമൂഹ്യനീതിക്ക് നിരക്കാത്തതും, ലിംഗനീതിക്ക് എതിരുമായ പ്രവർത്തനങ്ങൾ നടത്തി സർക്കാരിനും മോട്ടോർ വാഹനവകുപ്പിനും ദുഷ്പേര് വരുത്തി വച്ചെന്ന് തെളിഞ്ഞാൽ സർവീസിൽ നിന്ന് പിരിച്ചുവിടാം. അതനുസരിച്ചാണ് കിരണിനെതിരെയും നടപടിയെടുത്തതെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു പറഞ്ഞു. സർക്കാർ ജീവനക്കാർ സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യരുതെന്നാണ് ചട്ടം. അതിനാൽക്കൂടിയാണ് കിരണിനെതിരെ പിരിച്ചുവിടൽ നടപടി വന്നത്.

Also Read: വിസ്‌മയയുടെ മരണം ; കിരണ്‍ പൊലീസ് പിടിയിൽ

പൊലീസ് കേസും വകുപ്പ് തല അന്വേഷണവും രണ്ടാണെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു പറഞ്ഞു. പൊലീസ് അന്വേഷണപ്രകാരമല്ല വകുപ്പ് തല അന്വേഷണം നടക്കുക. 2021 ജൂൺ 21നായിരുന്നു വിസ്‌മയയെ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നാളെ ഗതാഗതമന്ത്രി വിസ്‌മയയുടെ വീട് സന്ദർശിക്കുകയും ചെയ്യുന്നുണ്ട്. വിസ്‌മയയുടെ കുടുംബാംഗങ്ങൾ സർക്കാർ തീരുമാനം സ്വാഗതം ചെയ്തു.

Last Updated : Aug 6, 2021, 4:52 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.