ETV Bharat / state

പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ വിജിലന്‍സ് അന്വേഷണം

author img

By

Published : Jun 9, 2023, 6:25 PM IST

Updated : Jun 9, 2023, 7:27 PM IST

2018ലെ പ്രളയത്തിനു ശേഷം പുനര്‍ജനി എന്ന പേരില്‍ നടപ്പാക്കിയ പുനരധിവാസ പദ്ധതിയില്‍ ക്രമക്കേട് ആരോപിച്ച് ലഭിച്ച പരാതിയിലാണ് അന്വേഷണം

വിഡി സതീശനെതിരെ വിജിലന്‍സ് അന്വേഷണം  വിഡി സതീശൻ  vigilance probe against vd Satheesan  പുനര്‍ജനി  സിപിഎം  VD Satheesan  CPM
വിഡി സതീശനെതിരെ വിജിലന്‍സ് അന്വേഷണം

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ആഭ്യന്തര വകുപ്പ് ഉത്തരവിട്ടു. 2018ലെ പ്രളയത്തിനു ശേഷം പുനര്‍ജനി എന്ന പേരില്‍ തന്‍റെ മണ്ഡലമായ പറവൂരില്‍ സതീശന്‍ നടപ്പാക്കിയ പുനരധിവാസ പദ്ധതിയില്‍ ക്രമക്കേട് ആരോപിച്ച് ലഭിച്ച പരാതിയിലാണ് പ്രാഥമിക അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടത്.

കേന്ദ്ര അനുമതിയില്ലാതെ വിദേശത്ത് നിന്ന് പണപ്പിരിവ് നടത്തുകയും ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത് സുതാര്യമായല്ലെന്നും ഫണ്ട് വിനിയോഗത്തില്‍ ക്രമക്കേടുണ്ടെന്നും ചൂണ്ടിക്കാട്ടി ചാലക്കുടിയിലെ കാതികൂടം ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്‍റ് ജയ്‌സണ്‍ പന്നിക്കുളങ്ങര നല്‍കിയ പരാതിയിലാണ് അന്വേഷണം.

പ്രാഥമിക അന്വേഷണത്തില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ സതീശനെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌ത് വിശദമായ അന്വേഷണം നടത്തി കോടതിക്ക് റിപ്പോര്‍ട്ട് കൈമാറും. പുനര്‍ജനി പദ്ധതിയിലെ ക്രമക്കേടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഇതേ പരാതിക്കാരന്‍ നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി സിംഗിള്‍ ബഞ്ചും ഡിവിഷന്‍ ബഞ്ചും ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് തള്ളിയിരുന്നു.

പിന്നാലെയാണ് പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിച്ചത്. ഇത് സംബന്ധിച്ച പരാതിയില്‍ സതീശനെതിരെ അന്വേഷണത്തിന് അനുമതി തേടി അന്നത്തെ സ്‌പീക്കര്‍ പി.ശ്രീരാമകൃഷ്‌ണനെ വിജിലന്‍സ് സമീപിച്ചെങ്കിലും അനുമതി നല്‍കുന്നതിന് പകരം കൂടുതല്‍ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ വിജിലന്‍സിനോട് സ്‌പീക്കര്‍ ആവശ്യപ്പെടുകയായിരുന്നു.

സംസ്ഥാന സര്‍ക്കാരിനെതിരെ തുടര്‍ച്ചയായി അഴിമതി ആരോപണങ്ങള്‍ സതീശന്‍ ഉയര്‍ത്തുന്ന പശ്ചാത്തലത്തിലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ചും ഡിവിഷന്‍ ബഞ്ചും തള്ളിയ അതേ പരാതിയില്‍ സതീശനെതിരെ അന്വേഷണത്തിന് വിജിലന്‍സിന്‍റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി ഉത്തരവിട്ടത്.

10 കോടി പിരിച്ചെന്ന് ആരോപണം : പദ്ധതിയുടെ പേരില്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ ഇംഗ്ലണ്ടിലും ഗള്‍ഫിലും യാത്ര നടത്തി 10 കോടി രൂപ പിരിച്ചെടുത്തു എന്നാണ് ആരോപണം. പുനര്‍ജനി പദ്ധതിക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കാതികൂടം ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്‍റ് ജയ്‌സണ്‍ പണികുളങ്ങര എന്ന വ്യക്തി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബഞ്ച് 2020 ഡിസംബര്‍ 2ന് തള്ളിയിരുന്നു.

ഇതിനെതിരെ കാതികൂടം ജയ്‌സണ്‍ ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചെങ്കിലും ചീഫ് ജസ്റ്റീസ് മണികുമാര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചും സിബിഐ അന്വേഷണം എന്ന ആവശ്യം തള്ളുകയായിരുന്നു. 2018ലെ പ്രളയത്തിന് ശേഷം ഇംഗ്ലണ്ടിലെ ബര്‍ണിങ്‌ഹാം സന്ദര്‍ശിച്ച് നടത്തിയ യോഗത്തില്‍ പങ്കെടുത്ത ഓരോ വ്യക്തിയില്‍ നിന്നും പ്രളയ പുനരധിവാസത്തിന്‍റെ പേരില്‍ സതീശന്‍ 500 പൗണ്ട് പുനര്‍ജനി സൊസൈറ്റിയുടെ പേരില്‍ പിരിച്ചെടുത്തതായി ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

വിദേശ സംഭാവന നിയന്ത്രണ ചട്ടം ലംഘിച്ചാണ് സതീശന്‍ പുനര്‍ജനി പദ്ധതിക്ക് വേണ്ടി പണം പിരിച്ചതെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചു. എന്നാല്‍ ഹര്‍ജിക്കാരന്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് തെളിവില്ലെന്നായിരുന്നു ഹര്‍ജി തള്ളിക്കൊണ്ടുള്ള ഹൈക്കോടതിയുടെ നിരീക്ഷണം. ഇതിനു പിന്നാലെയാണ് അദ്ദേഹം പരാതിയുമായി വിജിലന്‍സിനെയും മുഖ്യമന്ത്രിയെയും സമീപിച്ചത്.

പുനര്‍ജനിയുടെ പേരില്‍ വിദേശത്ത് നിന്ന് പാര്‍പ്പിട നിര്‍മാണത്തിന് കോടികള്‍ പിരിച്ചെടുത്തെങ്കിലും ഈ പണം വിനിയോഗിക്കാതെ സന്നദ്ധ സംഘടനകളും സ്വകാര്യ വ്യക്തികളും നിര്‍മിച്ചു നല്‍കി വീടുകളെ പുനര്‍ജനിയുടെ പേരിലാക്കുകയാണ് സതീശന്‍ ചെയ്‌തതെന്നാണ് പരാതിക്കാരന്‍ ഉയര്‍ത്തുന്ന ആരോപണം. ഈ ആരോപണത്തിന്‍മേലാണ് ഇപ്പോള്‍ സതീശനെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്.

സിപിഎമ്മിന്‍റെ ആസൂത്രണമെന്ന് പ്രതിപക്ഷം : സര്‍ക്കാരിനെതിരെ നിരന്തരം ആഴിമതി ആരോപണം ഉന്നയിക്കുന്ന സതീശനെ മനപൂര്‍വ്വം കുടുക്കുക എന്ന ഉദ്ദേശത്തോടെ സിപിഎം ആസൂത്രണം ചെയ്‌തതാണ് വിജിലന്‍സ് അന്വേഷണം എന്നാണ് പ്രതിപക്ഷം ഉയര്‍ത്തുന്ന പരാതി. പദ്ധതി പ്രകാരം പുനര്‍ജനി സൊസൈറ്റി പറവൂര്‍ മണ്ഡലത്തില്‍ 300 വീടുകള്‍ പ്രളയ ദുരിത ബാധിതര്‍ക്കായി നിര്‍മിച്ചു നല്‍കിയിട്ടുണ്ട്.

Last Updated : Jun 9, 2023, 7:27 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.