ETV Bharat / state

നിയമസഭാ സമ്മേളന ഷെഡ്യൂൾ മാറ്റണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ; സ്‌പീക്കര്‍ക്ക് കത്തുനല്‍കി വി ഡി സതീശൻ

author img

By ETV Bharat Kerala Team

Published : Jan 11, 2024, 1:37 PM IST

കെപിസിസി ജാഥ  നിയമസഭ സമ്മേളനം  V D Satheesan  Change assembly schedule
V D Satheesan written letter to speaker to change assembly schedule

V D Satheesan on Assembly Schedule : നിയമസഭയുടെ പത്താം സമ്മേളന ഷെഡ്യൂൾ മാറ്റണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം. ഫെബ്രുവരി 9 മുതല്‍ 25 വരെ നടക്കാനിരിക്കുന്ന കെപിസിസി ജാഥ കണക്കിലെടുത്ത് ഈ ദിവസങ്ങളിലെ ഷെഡ്യൂൾ മാറ്റണം, ബജറ്റ് ഫെബ്രുവരി 5ല്‍ നിന്ന് 2ലേക്ക് മാറ്റണമെന്നും ആവശ്യം.

തിരുവനന്തപുരം : നിയമസഭാ സമ്മേളനത്തിന്‍റെ ഷെഡ്യൂള്‍ മാറ്റണമെന്നാവശ്യപ്പെട്ട് സ്‌പീക്കര്‍ക്ക് കത്ത് നല്‍കി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ (V D Satheesan on Assembly Schedule). നിയമസഭ സമ്മേളിക്കുന്ന ചില ദിവസങ്ങളിൽ കെ പി സി സിയുടെ ജാഥ നടക്കുന്നത് കണക്കിലെടുത്താണ് പ്രതിപക്ഷ നേതാവ് സ്‌പീക്കർക്ക് കത്ത് നൽകിയത്.

ഈ മാസം 25നാണ് നിയമസഭാസമ്മേളനം ആരംഭിക്കുന്നത്. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ജനുവരി 25 മുതല്‍ ഫെബ്രുവരി 14 വരെയും തുടര്‍ന്ന് ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 27 വരെയുമാണ് സമ്മേളിക്കുക. ഫെബ്രുവരി 9 മുതല്‍ 25 വരെയാണ് കെപിസിസിയുടെ ജാഥ(KPCC procession).

ഇതിനെ തുടര്‍ന്ന് ഈ ദിവസങ്ങളിൽ വരുന്ന ഷെഡ്യൂള്‍ മാറ്റണമെന്നാണ് ആവശ്യം. സംസ്ഥാന ബജറ്റ് ഫെബ്രുവരി 5 ല്‍ നിന്ന് 2 ലേക്ക് മാറ്റണമെന്നും, ഫെബ്രുവരി 5, 6, 7 തീയതികളിലേക്ക് ബഡ്‌ജറ്റ് പൊതു ചര്‍ച്ച ക്രമീകരിക്കണമെന്നുമാണ് കത്തില്‍ ആവശ്യപ്പെടുന്നത്. കെപിസിസി ജാഥയില്‍ പ്രതിപക്ഷ എം എല്‍ എമാര്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടതുണ്ടെന്നും കത്തില്‍ പറയുന്നു.

ഗവര്‍ണറുടെ നിലപാട് നിര്‍ണായകം: പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനമാണ് ജനുവരി 25 ന് നടക്കാനിരിക്കുന്നത്. സർക്കാർ ഗവര്‍ണറുമായും പ്രതിപക്ഷവുമായും ഏറ്റുമുട്ടൽ തുടർന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് നിയമ സഭാ സമ്മേളനം നടക്കാനിരിക്കുന്നത്. പുതുവർഷത്തിലെ ആദ്യ നിയമസഭാ സമ്മേളനം ആണ് ഇത്.

നിയമസഭയുടെ വര്‍ഷാദ്യ സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കണമെന്നാണ് ചട്ടം. എന്നാൽ സർക്കാരും ഗവർണറും തമ്മിൽ പോര് മുറുകിയ സാഹചര്യത്തിൽ നയപ്രഖ്യാപന പ്രസംഗത്തിന് ആരിഫ് മുഹമ്മദ് ഖാന്‍ തയ്യാറാകുമോ എന്നതിൽ സര്‍ക്കാരിന് ആശങ്കയുണ്ട്. നയപ്രഖ്യാപനത്തിൽ ഗവര്‍ണറുടെ നിലപാട് നിര്‍ണായകമാണ്.

ഗവര്‍ണര്‍ നയ പ്രഖ്യാപന പ്രസംഗത്തിന് തയ്യാറായില്ലെങ്കില്‍ അത് ഒഴിവാക്കേണ്ടതായി വരും. എന്നാൽ ഇക്കാര്യത്തിൽ ഗവർണർ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ വര്‍ഷവും ഇതേ സാഹചര്യം ഉണ്ടായെങ്കിലും പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരെ നടപടി സ്വീകരിച്ച് സര്‍ക്കാര്‍ ഗവര്‍ണറെ അനുനയിപ്പിക്കുകയായിരുന്നു.

എന്നാൽ നയപ്രഖ്യാപന പ്രസംഗത്തിന് ഗവര്‍ണര്‍ വഴങ്ങുന്നില്ലെങ്കില്‍ അത് നിയമ പ്രശ്‌നങ്ങളിലേക്ക് നീങ്ങും. കഴിഞ്ഞ ദിവസങ്ങളിലായി ഗവര്‍ണർ ഇടുക്കിയിലും മലപ്പുറത്തും എത്തിയിരുന്നു. പരിപാടികള്‍ക്കെത്തിയ ഗവര്‍ണർക്ക് നേരെ സിപിഎം, എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടുകയും വഴിതടയാന്‍ ശ്രമിക്കുകയും ചെയ്‌തിരുന്നു.

Also read: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എരമംഗലത്ത് എസ്‌എഫ്‌ഐ-ഡിവൈഎഫ്‌ഐ കരിങ്കൊടി പ്രതിഷേധം

അതേസമയം നവകേരള സദസിനെതിരായ സെക്രട്ടേറിയറ്റ് മാർച്ച് ,നേതാക്കളുടെ അറസ്റ്റ് തുടങ്ങിയ വിഷയങ്ങളുടെ പശ്ചാത്തലത്തില്‍ സിപിഎമ്മും കോണ്‍ഗ്രസുമായുള്ള ബന്ധം അങ്ങേയറ്റം വഷളായിരിക്കുകയാണ്. അതിനാൽ തന്നെ സഭ പ്രക്ഷുബ്‌ധമാവാനും സാധ്യതയുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.