ETV Bharat / state

VD Satheesan Against CM On Bribery Row : ഉള്ളത് പറയുമ്പോള്‍ മറ്റേയാള്‍ക്കല്ല, മുഖ്യമന്ത്രീ നിങ്ങള്‍ക്ക് തന്നെയാണ് തുള്ളല്‍ : വിഡി സതീശന്‍

author img

By ETV Bharat Kerala Team

Published : Oct 13, 2023, 7:46 PM IST

VD Satheesan Criticized CM Pinarayi Vijayan On Health Minister's Office Bribery Row : ആരോഗ്യമന്ത്രിയുടെ ഓഫിസിനെതിരായ കൈക്കൂലി ആരോപണത്തിന് പിന്നില്‍ പ്രതിപക്ഷമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവന അപഹാസ്യമാണെന്ന് പ്രതിപക്ഷ നേതാവ്

VD Satheesan Against CM On Bribary Row  VD Satheesan Against CM  CM On Health Minister Office Bribary Row  Health Minister Office Bribary Row  Veena George Personal Staff Allegation  ആരോഗ്യമന്ത്രിയുടെ ഓഫിസിനെതിരായ ആരോപണം  മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍  ആരാണ് അഖില്‍ മാത്യു  അഴിമതി ആരോപണത്തില്‍പെട്ട മന്ത്രിമാര്‍  കൈക്കൂലി ആരോപണങ്ങള്‍
VD Satheesan Againt CM On Bribary Row

തിരുവനന്തപുരം : ആരോഗ്യമന്ത്രിയുടെ ഓഫിസിനെതിരായ കൈക്കൂലി ആരോപണത്തിന് പിന്നില്‍ പ്രതിപക്ഷമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവന അപഹാസ്യമാണെന്ന് വിഡി സതീശന്‍. വായില്‍ തോന്നുന്നതെന്തും വിളിച്ചുപറയാന്‍, പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തല്ല മുഖ്യമന്ത്രിക്കസേരയിലാണ് ഇരിക്കുന്നതെന്ന് പിണറായി വിജയന്‍ ഓര്‍ക്കണം. ഇരിക്കുന്ന സ്ഥാനത്തിന്‍റെ വില കളയുന്ന തരത്തില്‍ ആവര്‍ത്തിച്ച് പച്ചക്കള്ളം വിളിച്ചുപറയുന്ന മുഖ്യമന്ത്രിയായി പിണറായി വിജയന്‍ അധഃപതിക്കരുതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

മാധ്യമങ്ങള്‍ ഉള്ളത് പറയുമ്പോള്‍ മറ്റേയാള്‍ക്ക് തുള്ളല്‍ എന്നതുതന്നെയാണ് മുഖ്യമന്ത്രിയുടെ ഇന്നത്തെ അവസ്ഥ. ആരോഗ്യമന്ത്രിയുടെ ഓഫിസിനെതിരായ ആരോപണത്തില്‍ ആരെയൊക്കെയാണ് നിങ്ങളുടെ പൊലീസ് അറസ്‌റ്റ് ചെയ്‌തതെന്ന് മുഖ്യമന്ത്രിക്ക് അറിയുമോ. അറസ്‌റ്റിലായ അഖില്‍ സജീവും ബാസിത്തും നിങ്ങളുടെ പാളയത്തില്‍ തന്നെയുള്ള ക്രിമിനലുകളല്ലേയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

അക്കമിട്ട് വിമര്‍ശനങ്ങള്‍ : സിഐടിയു പത്തനംതിട്ട ഓഫിസ് സെക്രട്ടറിയായിരുന്നില്ലേ അഖില്‍ സജീവ്. സിഐടിയു ഓഫിസ് കേന്ദ്രീകരിച്ചും ഇയാള്‍ തട്ടിപ്പ് നടത്തിയത് മുഖ്യമന്ത്രി അറിഞ്ഞില്ലേ. സിഐടിയു ജില്ല കമ്മിറ്റി ഓഫിസിലെ ഫണ്ട് തട്ടിയെടുത്തെന്ന് നിങ്ങളുടെ നേതാക്കള്‍ തന്നെ പരാതിപ്പെട്ടിട്ടില്ലേ. എന്നിട്ടും നിങ്ങളുടെ പൊലീസ് എപ്പോഴാണ് ഇയാളെ അറസ്റ്റ് ചെയ്‌തതെന്ന് വിഡി സതീശന്‍ വിമര്‍ശനമുന്നയിച്ചു.

സിഐടിയു നല്‍കിയ പരാതിയില്‍ പോലും നടപടിയെടുക്കാതെ, പത്തനംതിട്ടയില്‍ നിന്നും മുങ്ങി കോഴിക്കോട് കേന്ദ്രീകരിച്ച് ഇത്രകാലവും തട്ടിപ്പ് നടത്താന്‍ അഖില്‍ സജീവിന് അവസരമൊരുക്കിയത് മുഖ്യമന്ത്രിയുടെ കീഴിലുള്ള ആഭ്യന്തര വകുപ്പും പൊലീസുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അഖില്‍ സജീവിനൊപ്പമുള്ള മറ്റൊരു പ്രതി എഐഎസ്എഫിന്‍റെ മലപ്പുറം മുന്‍ ജില്ല സെക്രട്ടറിയാണെന്നതും മുഖ്യമന്ത്രി മറന്നുപോയോ. മഞ്ചേരി മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായി മത്സരിച്ച തലാപ്പില്‍ സജീറിന്‍റെ വീട്ടില്‍ വച്ചല്ലേ ബാസിത്തിനെ പൊലീസ് ചോദ്യം ചെയ്‌തതും പിന്നീട് അറസ്‌റ്റ് ചെയ്‌തതും. എന്നിട്ടും അങ്ങയുടെ മന്ത്രിക്കെതിരെ ഗൂഢാലോചന നടത്തിയ പ്രതിക്ക് അഭയം നല്‍കിയ തലാപ്പില്‍ സജീറിനെതിരെ പൊലീസ് കേസെടുത്തോയെന്നും പ്രതിപക്ഷ നേതാവ് രൂക്ഷ വിമര്‍ശനമുന്നയിച്ചു.

അന്വേഷണത്തില്‍ സംശയം പ്രകടിപ്പിച്ച് : ഞാന്‍ നിങ്ങളുടെ പിഎസിനെ കണ്ട് കാര്യങ്ങള്‍ സംസാരിക്കാന്‍ പോവുകയാണെന്ന സന്ദേശം ബാസിത് അയച്ചത് മന്ത്രിയുടെ പിഎ അഖില്‍ മാത്യുവിന്‍റെ മൊബൈല്‍ നമ്പറിലേക്കാണ്. അത് ബാസിത് പുറത്തുവിട്ടിട്ടുമുണ്ട്. കൈക്കൂലി ആരോപണത്തില്‍ നിരപരാധിയാണെങ്കില്‍ അന്ന് തന്നെ മന്ത്രിയുടെ പിഎ ഇതിനെതിരെ പരാതി നല്‍കാതിരുന്നത് എന്തുകൊണ്ടാണെന്നും, അതെല്ലാം മൂടിവച്ച് അന്വേഷണം വഴിതിരിച്ച് വിട്ടെന്നുവേണം കരുതാനെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇപ്പോള്‍ അറസ്‌റ്റിലായ ബാസിത്താണ് തട്ടിപ്പിന് പിന്നിലെങ്കില്‍ അയാള്‍ തന്നെ പിഎയ്‌ക്കെതിരെ മന്ത്രിയുടെ ഓഫിസില്‍ പരാതി നല്‍കാന്‍ തയാറാകുമോയെന്ന സംശയം അരിയാഹാരം കഴിക്കുന്ന ആര്‍ക്കുമുണ്ടാകാം. പ്രിയപ്പെട്ട മുഖ്യമന്ത്രീ, നിങ്ങളുടെ പൊലീസ് പുറത്തുവിട്ട വിവരങ്ങള്‍ ഇപ്പോഴും സംശയകരമാണ്. പല കണ്ണികളും തമ്മില്‍ ചേരുന്നില്ലെന്നും ഒരു കള്ളം പറഞ്ഞാല്‍ അതിനെ മറയ്ക്കാന്‍ പല കള്ളങ്ങള്‍ വേണ്ടി വരുമെന്നാണല്ലോയെന്നും അദ്ദേഹം ആഞ്ഞടിച്ചു.

മുഖ്യമന്ത്രിക്ക് രൂക്ഷ വിമര്‍ശനം : മന്ത്രിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന പേരില്‍ നിങ്ങള്‍ അറസ്‌റ്റ് ചെയ്‌ത അഖില്‍ സജീവും ബാസിത്തും നിങ്ങളുടെ കൂട്ടര്‍ തന്നെയാണ്. നിങ്ങള്‍ ചെല്ലും ചെലവും നല്‍കി തട്ടിപ്പുകാരാക്കി വളര്‍ത്തിയെടുത്തവര്‍. കിഫ്ബിയുടെ പേരില്‍ നടത്തിയ തട്ടിപ്പില്‍ നിങ്ങളുടെ സഖാവിന്‍റെ ഒക്കച്ചങ്ങായിമാരായി യുവമോര്‍ച്ചക്കാരുമുണ്ടല്ലോയെന്നും അതേക്കുറിച്ചും അങ്ങ് ഒന്നും പറഞ്ഞുകേട്ടില്ലേയെന്നും വിഡി സതീശന്‍ പരിഹസിച്ചു. എന്നിട്ടും പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും പഴിക്കുന്ന അങ്ങയുടെ തൊലിക്കട്ടിക്ക് മുന്നില്‍ നല്ല നമസ്‌കാരമെന്നും, ഉള്ളത് പറയുമ്പോള്‍ മറ്റേയാള്‍ക്കല്ല മുഖ്യമന്ത്രീ നിങ്ങള്‍ക്ക് തന്നെയാണ് തുള്ളലെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.