ETV Bharat / state

പ്ലസ്‌ വണ്‍ പ്രവേശനം: ഉപരിപഠനത്തിന് അർഹതയുള്ള എല്ലാ വിദ്യാർഥികൾക്കും പഠനാവസരം, ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി

author img

By

Published : May 23, 2023, 12:16 PM IST

പ്ലസ് വൺ പ്രവേശനം സംബന്ധിച്ച് ദുരാരോപണങ്ങൾ പടർത്തുന്നതിന് പിന്നിൽ നിക്ഷിപ്‌ത താത്‌പര്യക്കാരാണെന്നും ഇത്തരം പ്രചാരണം നടത്തുന്നവരെ ഒറ്റപ്പെടുത്തണമെന്നും വി ശിവൻകുട്ടി

V Sivankutty fb post  വി ശിവൻകുട്ടി  പ്ലസ് വണ്‍ പ്രവേശനം  വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി  പ്ലസ്‌ വണ്‍ സീറ്റ്  ആശങ്ക വേണ്ടെന്ന് വി ശിവൻകുട്ടി  PLUS ONE SEAT SHORTAGE ISSUE  V SIVANKUTTY
വി ശിവൻകുട്ടി

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനം സംബന്ധിച്ച ദുരാരോപണങ്ങൾ പടർത്തുന്ന നിക്ഷിപ്‌ത താത്‌പര്യക്കാരുണ്ടെന്നും എന്നാൽ യാതൊരു തടസവും കൂടാതെ പ്രവേശന നടപടികൾ പൂർത്തികരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പ്ലസ് വൺ പ്രവേശനം സംബന്ധിച്ച വിവാദങ്ങൾക്ക് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശിവൻകുട്ടി പ്രതികരിച്ചത്.

പ്ലസ് വൺ പ്രവേശന പ്രോസ്പെക്‌ട്‌സ് തയ്യാറാക്കുന്നതിന് മുൻപേ ആരോപണങ്ങൾ ഉന്നയിക്കുന്നവരുടെ ഉദ്ദേശം നല്ലതല്ല. കേരളത്തെ തെക്ക് വടക്ക് എന്ന രീതിയിൽ വിലയിരുത്തുന്നത് അനാരോഗ്യ പ്രവണതയാണെന്നും മന്ത്രി പറഞ്ഞു. വ്യാജ വാർത്തകൾ നൽകുന്നതിന് പിന്നിൽ നിക്ഷിപ്‌ത താത്‌പര്യമുണ്ടെന്ന് പറഞ്ഞുകൊണ്ട് മന്ത്രി മാധ്യമങ്ങളെയും വിമർശിച്ചു.

പ്ലസ് വൺ പ്രവേശനം സംബന്ധിച്ച് യാതൊരു ആശങ്കയും വേണ്ടെന്നും മുൻ വർഷത്തേത് പോലെ ആശങ്കകൾ അടിസ്ഥാന രഹിതമാണെന്ന് മനസിലാകുമെന്നും മന്ത്രി വ്യക്‌തമാക്കി.

ഫേസ്‌ബുക്ക്‌ കുറിപ്പിന്‍റെ പൂർണ രൂപം : 'പ്ലസ് വൺ പ്രവേശനം സംബന്ധിച്ച് ദുരാരോപണങ്ങൾ പടർത്തുന്ന ഒരു ചെറിയ വിഭാഗം നിക്ഷിപ്‌ത താൽപര്യക്കാരുണ്ട്. അവർ കഴിഞ്ഞ തവണയും പ്ലസ് വൺ പ്രവേശന സമയത്ത് ഇത്തരം ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ ഒരു തടസവും ഇല്ലാതെ പ്രവേശന നടപടികൾ പൂർത്തിയായി.

പ്രവേശനത്തിനുള്ള പ്രോസ്പെക്‌ടസ് തയ്യാറാക്കുന്നതിന് മുമ്പ് തന്നെ ഇത്തരം ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തെത്തുന്നവർക്ക് നല്ല ഉദ്ദേശമല്ല ഉള്ളത്. കേരള സംസ്ഥാനത്തെ തെക്കും വടക്കും എന്നൊക്കെ പറഞ്ഞ് വിലയിരുത്തുന്നത് തീർത്തും അനാരോഗ്യകരമായ പ്രവണതയാണ്. കേരള സംസ്ഥാനം രൂപീകരിച്ചതിന് ശേഷം അധികാരത്തിൽ വന്ന ഒരു സർക്കാരും ഇത്തരത്തിൽ ഒരു നിലപാട് കൈക്കൊണ്ടിട്ടില്ല.

അതുകൊണ്ട് തന്നെ ഇത്തരം പ്രചാരണം നടത്തുന്നവരെ ഒറ്റപ്പെടുത്തണം. വ്യാജ വാർത്ത ചമയ്ക്കുന്നതിന് പിന്നിലും നിക്ഷിപ്‌ത താൽപര്യം ഉണ്ട്. ഒരു വാർത്ത നൽകിയതിന് ശേഷം ഞങ്ങൾ അതല്ല ഉദ്ദേശിച്ചത് എന്ന് പറയുന്നത് മാധ്യമ ധർമമല്ല. അതിന് ശേഷം വീണ്ടും ഞങ്ങൾ അത് തന്നെയാണ് ഉദ്ദേശിച്ചത് എന്ന് പറയുന്നതും മാധ്യമ നീതിയ്ക്ക് നിരക്കുന്നതല്ല.

പ്ലസ് വൺ പ്രവേശനം സംബന്ധിച്ച് വിദ്യാർഥികളും രക്ഷകർത്താക്കളും ഒട്ടും ആശങ്കപ്പെടേണ്ടതില്ല. പ്രവേശന നടപടികൾ പൂർത്തിയാകുമ്പോൾ ആശങ്കയ്ക്ക് യാതൊരു അടിസ്ഥാനവും ഇല്ലായിരുന്നു എന്ന് മുൻ വർഷത്തേത് പോലെ വ്യക്തമാകും. ഉപരിപഠനത്തിന് അർഹതയുള്ള എല്ലാ വിദ്യാർഥികൾക്കും കേരളത്തിൽ പഠനാവസരം ഉണ്ടാകും', മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

ALSO READ: വാരിക്കോരി പ്ലസ് വൺ സീറ്റ് അധിക ബാച്ച് അനുവദിക്കാനാവില്ല, സമയമെടുത്ത് ക്രമീകരിക്കും ; വിദ്യാഭ്യാസ മന്ത്രി

മലബാർ മേഖലയിലെ വിദ്യാർഥികൾക്ക് സീറ്റില്ല: ഇത്തവണ എസ്‌എസ്എൽസി റിസൾട്ട് പ്രഖ്യാപിച്ചപ്പോൾ മലബാർ മേഖലയിൽ നിന്ന് 2,25,702 വിദ്യാർഥികളാണ് ഉപരി പഠനത്തിന് യോഗ്യത നേടിയത്. എന്നാൽ പാലക്കാട് മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ സീറ്റുകളുടെ എണ്ണം 1,95,050 മാത്രമാണ്. ഇനിയും 30,652 സീറ്റുകൾ അധികമായി വേണം.

പ്ലസ് വൺ പ്രവേശനം സംബന്ധിച്ച് സർക്കാർ നിയോഗിച്ച കാർത്തികേയൻ കമ്മിറ്റി പ്ലസ് വൺ പ്രവേശന പ്രതിസന്ധി ഒഴിവാക്കുന്നതിനായി 150 അധിക ബാച്ചുകൾ അനുവദിക്കാൻ സർക്കാരിനോട് ശുപാർശ ചെയ്‌തിരുന്നു. ഈ റിപ്പോർട്ടും സർക്കാരിന്‍റെ പരിഗണനയിലാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.