ETV Bharat / state

UDF State Coordination Committee യുഡിഎഫ് സംസ്ഥാന ഏകോപന സമിതി യോഗം 13ന്

author img

By ETV Bharat Kerala Team

Published : Sep 10, 2023, 7:50 PM IST

UDF State Coordination Committee meeting : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനെ തുടർന്ന് മാറ്റിവച്ച സമര പരിപാടികൾ ചർച്ചയാകും

UDF State Coordination Committee meeting  UDF State Coordination Committee  UDF  UDF State Coordination Committee meeting on 13  യുഡിഎഫ് സംസ്ഥാന ഏകോപന സമിതി യോഗം 13ന്  യുഡിഎഫ് സംസ്ഥാന ഏകോപന സമിതി  യുഡിഎഫ് സംസ്ഥാന ഏകോപന സമിതി യോഗം  യുഡിഎഫ്  യുഡിഎഫ് കൺവീനർ എം എം ഹസൻ  MM Hassan  യുഡിഎഫ് സമര പരിപാടികൾ
UDF State Coordination Committee

തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനെ തുടർന്ന് മാറ്റിവച്ച സമര പരിപാടികൾ ചർച്ച ചെയ്യുന്നതിന് യുഡിഎഫ് സംസ്ഥാന ഏകോപന സമിതി യോഗം ഈ മാസം 13ന് ചേരുമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ അറിയിച്ചു. തിരുവനന്തപുരം കന്‍റോൺമെന്‍റ് ഹൗസിൽ വൈകിട്ട് മൂന്ന് മണിക്കാണ് യോഗം ചേരുക. അഴിമതിക്കും സ്വജനപക്ഷപാതത്തിനും പൊലീസിന്‍റെ നിഷ്‌ക്രിയത്വത്തിനും എതിരെ യുഡിഎഫ് നടത്തിയ സമര പരിപാടികളെ ജനങ്ങൾ സ്വീകരിച്ചു എന്നതിന് തെളിവാണ് പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർഥിയുടെ ചരിത്ര ഭൂരിപക്ഷമെന്നും എം എം ഹസൻ വാർത്താക്കുറിപ്പിൽ പറഞ്ഞു.

പുതുപ്പള്ളിയിലെ പരാജയം സർക്കാരിന്‍റെ അഴിമതിക്കും ജനദ്രോഹ ഭരണത്തിനും എതിരായ ജനവിധിയായി അംഗീകരിക്കാൻ മുഖ്യമന്ത്രിയോ മാർക്‌സിസ്റ്റ് പാർട്ടിയോ തയ്യാറാകാത്ത സാഹചര്യത്തിൽ സർക്കാരിനെതിരെ നടത്തിവരുന്ന സമരപരിപാടികൾ കൂടുതൽ ശക്തമായി തുടരാനാണ് യുഡിഎഫിന്‍റെ തീരുമാനമെന്ന് കൺവീനർ വ്യക്തമാക്കി. എഐ കാമറ, കെ ഫോൺ തുടങ്ങിയ പദ്ധതികളിലെ അഴിമതിയും മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടിയിലും അന്വേഷണം നടത്താതെ ഒളിച്ചോടാൻ സർക്കാരിനെ അനുവദിക്കില്ല. ഓണക്കാലത്ത് സിവിൽ സപ്ലൈസ് കോർപ്പറേഷന് ആവശ്യത്തിന് പണം നൽകാതെ സാധാരണക്കാരെയും സംഭരിച്ച നെല്ലിന്‍റെ വില നൽകാതെ കർഷകരെയും തിരുവോണ നാളിൽ പട്ടിണിക്കിട്ടതിനും കുട്ടികളുടെ ഉച്ചക്കഞ്ഞി മുടക്കിയതിനും ലഭിച്ച തിരിച്ചടി കൂടിയാണ് പുതുപ്പള്ളിയിലെ ഉപതെരഞ്ഞെടുപ്പ് ഫലമെന്നും എം എം ഹസൻ കൂട്ടിച്ചേർത്തു.

അതേസമയം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നാളെ രാവിലെ ഒമ്പത് മണിക്ക് മാധ്യമങ്ങളെ കാണും. എഐസിസി പ്രവർത്തക സമിതി അംഗമാക്കാത്തതിൽ അതൃപ്‌തിയുണ്ടെന്ന വാർത്ത സജീവമായി നിൽക്കെയാണ് രമേശ് ചെന്നിത്തല നാളെ മാധ്യമങ്ങളെ കാണുന്നത്. വഴുതക്കാടുള്ള വസതിയിൽ വച്ചാണ് മുൻ പ്രതിപക്ഷ നേതാവ് മാധ്യമങ്ങളെ കാണുക.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ശേഷം സംഘടനാ കാര്യങ്ങളെല്ലാം പറയാമെന്നായിരുന്നു രമേശ് ചെന്നിത്തല നേരത്തെ അറിയിച്ചിരുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ ക്ഷണിതാവ് മാത്രമാക്കി നിലനിർത്തിയതിൽ രമേശ് ചെന്നിത്തല അതൃപ്‌തി പരസ്യമായല്ലെങ്കിലും പ്രകടിപ്പിച്ചിരുന്നു. ഇത് സംബന്ധിച്ച് പരസ്യ പ്രതികരണത്തിന് അദ്ദേഹം തയാറായിരുന്നില്ല.

കോൺഗ്രസ് പ്രവർത്തക സമിതി പ്രഖ്യാപിച്ചപ്പോൾ ശശി തരൂർ എം പി, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, പ്രിയങ്ക ഗാന്ധി, സച്ചിൻ പൈലറ്റ് എന്നിവർ ഉൾപ്പെട്ടു. കൂടാതെ എ കെ ആന്‍റണിയെ സമിതിയിൽ നിലനിർത്തി. 39 പേരാണ് പ്രവർത്തക സമിതിയിലുള്ളത്.

അതേസമയം ചാണ്ടി ഉമ്മൻ പുതുപ്പള്ളിയുടെ പുതിയ എംഎൽഎയായി നാളെ സത്യപ്രതിജ്ഞ ചെയ്യും. ഉപതെരഞ്ഞെടുപ്പ് മൂലം നിര്‍ത്തിവച്ച 15-ാം നിയമസഭയുടെ ഒന്‍പതാം സമ്മേളനം നാളെ പുനരാരംഭിക്കും. ഇതിനിടയിലായിരിക്കും ചാണ്ടി ഉമ്മന്‍റെ സത്യപ്രതിജ്ഞ നടക്കുക. ഉമ്മന്‍ ചാണ്ടിയുടെ സീറ്റ് മുന്‍നിരയിലായിരുന്നെങ്കിലും ചാണ്ടിയുടെ സീറ്റ് പിന്‍നിരയിലായിരിക്കും. സെപ്‌റ്റംബര്‍ 11 മുതല്‍ തുടങ്ങി 14 വരെയാണ് സഭ സമ്മേളിക്കുക. സബ്‌ജക്‌ട് കമ്മിറ്റിക്ക് വിട്ട ബില്ലുകളുടെ നിയമ നിര്‍മാണത്തിനായാണ് പ്രധാനമായും സമ്മേളനം ചേരുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.