തിരുവനന്തപുരം: വൃത്തിയുടെ കാര്യത്തിൽ ഹൈടെക്കാകുകയാണ് കെഎസ്‌ആർടിസി സ്വിഫ്‌റ്റ്. ആനവണ്ടികൾ കഴുകാറില്ലെന്ന യാത്രക്കാരുടെ നിരന്തര പരാതികൾക്കിടെയാണ് കെഎസ്‌ആർടിസിയുടെ സ്വിഫ്‌റ്റ് ബസുകളെ കഴുകി വൃത്തിയാക്കുന്നത്. ഇതിനായി പ്രൊഫഷണൽ ഹോസ്‌പ്പിറ്റാലിറ്റി സർവീസസ് എന്ന സ്വകാര്യ കമ്പനിയെ മാനേജ്‌മെൻ്റ് കരാർ അടിസ്ഥാനത്തിൽ നിയോഗിച്ചു.
ഡിസംബർ 21 മുതലാണ് സ്വകാര്യ കമ്പനി പ്രവർത്തനം ആരംഭിച്ചത്. ആദ്യ ഒരു മാസം പരീക്ഷണാടിസ്ഥാനത്തിലാണ് പ്രവർത്തനം. ആദ്യഘട്ടത്തിൽ കെഎസ്‌ആർടിസിയുടെ സ്വിഫ്‌റ്റ് ബസുകൾ മാത്രമാണ് വൃത്തിയാക്കുന്നത്. ബസിൻ്റെ ഉൾഭാഗവും പുറംഭാഗവും അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് വൃത്തിയാക്കും. ഉൾഭാഗത്തെ പൊടിപടലങ്ങൾ ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് ഒപ്പിയെടുക്കും.
ഏഴ് പേരടങ്ങുന്ന ടീമിനെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. ഷിഫ്‌റ്റ് അനുസരിച്ചാണ് ജീവനക്കാരുടെ പ്രവർത്തനം. തമ്പാനൂർ, കിഴക്കേക്കോട്ട, പേരൂർക്കട, കണിയാപുരം ഡിപ്പോകളിലാണ് നിലവിൽ ക്ലീനിങ് ടീമിൻ്റെ പ്രവർത്തനം. സ്വിഫ്‌റ്റിൻ്റെ സിറ്റി സർക്കുലർ ഇലക്‌ട്രിക് ബസുകൾ രാത്രിയിലാണ് വൃത്തിയാക്കുന്നത്. രാവിലെ എട്ട് മണി മുതൽ ആരംഭിക്കുന്ന ജോലി ഡിപ്പോയിൽ ബസ് വരുന്ന മുറയ്‌ക്ക് തുടരും.
ഏകദേശം ഒരു മണിക്കൂറെടുത്താണ് ഓരോ ബസും സസൂക്ഷ്‌മം വൃത്തിയാക്കുന്നത്. പരീക്ഷണഘട്ടം വിജയകരമായി പൂർത്തിയാക്കിയാൽ ഒരു വർഷത്തേക്കാണ് കരാർ. ഭാവിയിൽ എല്ലാ ബസുകളും ഇങ്ങനെ കുളിപ്പിച്ച് കുട്ടപ്പനാക്കിയാൽ കെഎസ്‌ആർടിസിയുടെ മുഖച്ഛായ തന്നെ മാറുമെന്ന കാര്യത്തിൽ സംശയമില്ല.