ETV Bharat / state

തലസ്ഥാനം ആര്യ ഭരിക്കും; വിപ്ലവകരമായ തീരുമാനവുമായി സിപിഎം

author img

By

Published : Dec 25, 2020, 4:54 PM IST

ഇത്തവണത്തെ കൗൺസിലിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് ആര്യ രാജേന്ദ്രൻ

Thiruvananthapuram mayor Arya Rajendran  Arya Rajendran  തലസ്ഥാനം ആര്യ നയിക്കും  തലസ്ഥാന ഭരണം ആര്യ നയിക്കും  തിരുവനന്തപുരം  തലസ്ഥാനത്തെ മേയർ
തലസ്ഥാന ഭരണം ആര്യ നയിക്കും; വിപ്ലവകരമായ തീരുമാനവുമായി സിപിഎം

തിരുവനന്തപുരം: തലസ്ഥാനത്തെ മേയർ പദവി യുവരക്തത്തിന് നൽകി വീണ്ടും വിപ്ലവകരമായ തീരുമാനമെടുത്തിരിക്കുകയാണ് സിപിഎം ജില്ലാ നേതൃത്വം. കൗൺസിലിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗത്തെ തന്നെ മേയറാക്കുന്നതിലൂടെ പാർട്ടിയിലേക്ക് കൂടുതൽ യുവാക്കളെ ആകർഷിക്കാമെന്ന കണക്കുകൂട്ടലാണ് പാർട്ടിക്കുള്ളത്. മേയർ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന എജി ഒലീനയും പുഷ്പലതയും തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായിരുന്ന എൻ ശ്രീധരന്‍റെ മകളും പേരൂർക്കട വാർഡ് കൗൺസിലറുമായ ജമീലാ ശ്രീധരനായിരുന്നു പ്രഥമ പരിഗണന. കഴിഞ്ഞ കൗൺസിലിൽ മേയർ സ്ഥാനാർഥികൾ ഒന്നടങ്കം പരാജയപ്പെട്ട സാഹചര്യത്തിൽ യുവാവായ വികെ പ്രശാന്തിനെ മുൻനിർത്തി നടത്തിയ പരീക്ഷണം വിജയമായ പശ്ചാത്തലത്തിലാണ് വീണ്ടും അത്തരമൊരു നീക്കത്തിന് സിപിഎം മുതിർന്നത്. സംഘടനാ രംഗത്തെ പ്രവർത്തനപരിചയവും ആര്യ രാജേന്ദ്രന് അനുകൂല ഘടകമായി.

ഉന്നത സർക്കാർ ഉദ്യോഗസ്ഥയായിരുന്ന ജമീല ശ്രീധരന് പൊതുപ്രവർത്തന പരിചയം കുറവായതും മാറി ചിന്തിക്കാൻ പാർട്ടിയെ പ്രേരിപ്പിച്ചു. മേയറായിരിക്കെ വികെ പ്രശാന്ത് നടത്തിയ പ്രവർത്തനങ്ങളും ഇത്തവണ 52 സീറ്റോടെ മുന്നണിക്ക് കേവലഭൂരിപക്ഷത്തിലെത്താൻ സഹായകമായെന്നാണ് പാർട്ടി വിലയിരുത്തുന്നത്. നിലവിൽ കോർപറേഷനിലുള്ള പാർട്ടിയുടെ മേൽക്കൈ നിലനിർത്താൻ യുവാക്കളിൽ സ്വാധീനം വർധിപ്പിക്കുന്നത് ഗുണകരമാകുമെന്ന വിലയിരുത്തലിൽ പാർട്ടി എത്തിയതോടെയാണ് ആര്യക്ക് നറുക്ക് വീണത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.