ETV Bharat / state

ബ്രഹ്മപുരം തീപിടിത്തം, സഭയില്‍ തീക്കാറ്റായി പ്രതിപക്ഷം, സഭ ബഹിഷ്‌കരിച്ച് പ്രതിഷേധം

author img

By

Published : Mar 13, 2023, 2:51 PM IST

ബ്രഹ്മപുരം തീപിടിത്തത്തിൽ മന്ത്രി എംബി രാജേഷ് മാലിന്യ കരാർ കമ്പനിയെ ന്യായീകരിച്ചതിനും വിഷയത്തിൽ മുഖ്യമന്ത്രി മൗനം പാലിച്ചതിനും എതിരെ പ്രതിപക്ഷം സഭ നടപടികൾ ബഹിഷ്‌കരിച്ചു

ബ്രഹ്മപുരം തീപിടുത്തം  സഭ ബഹിഷ്‌കരിച്ചു  ബ്രഹ്മപുരം  ബ്രഹ്മപുരത്തിൽ പ്രതിപക്ഷം  കേരള വാർത്തകൾ  മലയാളം വാർത്തകൾ  opposition boycotted assembly proceedings  brahmapuram issue  brahmapuram fire  brahmapuram issue in assembly  kerala news  malayalam news  v d satheeshan on brahmapuram  m b rajesh
പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

തിരുവനന്തപുരം: പതിമൂന്നു ദിവസമായിട്ടും അണയാതെ തുടരുന്ന ബ്രഹ്മപുരത്തെ തീപിടിത്തം അടിയന്തര പ്രമേയ വിഷയമാക്കി നിയമസഭയിലും പ്രതിപക്ഷം തീ പകര്‍ന്നു. കമ്പനിയെയും കരാര്‍ നല്‍കിയതിനെയും ന്യായികരിക്കാന്‍ ശ്രമിച്ച തദ്ദേശമന്ത്രി എം ബി രാജേഷും അതേ നാണയത്തില്‍ അതിനു കുറിക്കു കൊള്ളുന്ന മറുപടി നല്‍കിയ പ്രതിപക്ഷ നേതാവും സഭയിൽ പരസ്‌പരം വാക്‌ പോരുയര്‍ത്തി. പ്രതിപക്ഷനേതാവ് പ്രസംഗിക്കുന്നതിനിടെ അദ്ദേഹത്തിന്‍റെ മൈക്ക് ഓഫാക്കി മന്ത്രി എം ബി രാജേഷിന് മൈക്ക് നല്‍കിയ സ്‌പീക്കറുടെ നടപടിയില്‍ പ്രകോപിതരായ പ്രതിപക്ഷം പ്ലക്കാര്‍ഡുകളുമായി നടുത്തളത്തിലിറങ്ങി.

കൊച്ചിയിലെ ജനങ്ങള്‍ വിഷപ്പുക ശ്വസിച്ച് മരണം മുന്നില്‍കാണുന്ന ഈ പ്രശ്‌നത്തിനു പിന്നില്‍ ഗുരുതരമായ ക്രിമിനല്‍ പ്രവര്‍ത്തനം ഉണ്ടെന്നും ഇക്കാര്യത്തില്‍ സിബിഐ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം സഭ നടപടികള്‍ ബഹിഷ്‌കരിച്ചു. എറണാകുളം എംഎല്‍എ ടി ജെ വിനോദ് ആണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. നോട്ടീസിനു മറുപടി നല്‍കിയ എം ബി രാജേഷ് ബ്രഹ്മപുരത്ത് പ്രശ്‌നമൊന്നുമില്ലെന്ന് ചൂണ്ടിക്കാട്ടി പഴി മാധ്യമങ്ങള്‍ക്കുമേല്‍ കെട്ടി വയ്ക്കാനാണ് ശ്രമിച്ചത്.

സോൺടയെ ന്യായീകരിക്കാൻ മന്ത്രി: മാത്രമല്ല, ആരോപണ വിധേയമായി നില്‍ക്കുന്ന കരാര്‍ കമ്പനിയായ സോണ്‍ടയെ ശക്തമായി ന്യായീകരിക്കാൻ മന്ത്രി ശ്രമിച്ചതായും പ്രതിപക്ഷം ആരോപിച്ചു. പ്രതിപക്ഷവും മാധ്യമങ്ങളും ചൂണ്ടിക്കാട്ടുന്നതു പോലെ സോണ്‍ട വ്യാജ കമ്പനിയോ കടലാസു കമ്പനിയോ അല്ലെന്നു സമര്‍ത്ഥിക്കാന്‍ മന്ത്രി ആദ്യം പോയത് കോൺഗ്രസ് ഭരണത്തിലുള്ള രാജസ്ഥാനിലെ ജോധ്‌പൂര്‍ നഗരസഭയിലേക്കാണ്. അവിടെ മാലിന്യ നീക്കത്തിന്‍റെ കരാര്‍ സോണ്‍ടയയ്‌ക്കാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ഇതോടെ പ്രതിപക്ഷം പ്രതിഷേധവുമായി എഴുന്നേറ്റു. ഇതിനിടെ മറ്റൊരു കോണ്‍ഗ്രസ് സംസ്ഥാനമായ ഛത്തീസ്‌ഗഡിലെ റായ്‌പൂര്‍ മുന്‍സിപ്പാലിറ്റിയിലും മാലിന്യ കരാര്‍ സോണ്‍ടയ്‌ക്കാണെന്ന് അവകാശപ്പെട്ടത് വന്‍ പ്രതിപക്ഷ പ്രതിഷേധമായി. പിന്നീട് അവിടെയാണ് കോണ്‍ഗ്രസിന്‍റെ പ്ലീനറി സമ്മേളനം നടന്നതെന്ന് മന്ത്രി പ്രതിപക്ഷ നിരയെ നോക്കി പറഞ്ഞു.

മുന്‍പ് അമരീന്ദര്‍ സിങ് കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരിക്കെയാണ് പഞ്ചാബിലെ അമൃത്‌സര്‍ മുന്‍സിപ്പാലിറ്റിയില്‍ മാലിന്യ നീക്കം ഈ കരാര്‍ കമ്പനിയെ ഏല്‍പ്പിച്ചതെന്നു കൂടി മന്ത്രി പറഞ്ഞു വച്ചു. ഇന്ത്യയില്‍ മാലിന്യമല തീപിടിക്കുന്നത് ബ്രഹ്മപുരത്തു മാത്രമല്ലെന്നും പലയിടത്തും ഇത്തരത്തില്‍ തീപിടിത്തമുണ്ടെന്നും പറഞ്ഞ് തീപിടിത്തത്തെ ന്യായീകരിക്കാനാണ് മന്ത്രി ശ്രമിച്ചത്.

മന്ത്രിയെ പരിഹസിച്ച് വിഡി: കൊച്ചിയിലെ ജനങ്ങള്‍ വിഷപ്പുക ശ്വസിച്ച് ഭയചകിതരായി കഴിയുമ്പോള്‍ അതിനു കാരണക്കാരായ കരാര്‍ കമ്പനിക്ക് ഇതിലും നല്ല വക്താവിനെ ലഭിക്കാനില്ലെന്ന് സതീശന്‍ പറഞ്ഞു. തീ അണഞ്ഞുവെന്ന ആരോഗ്യ മന്ത്രിയുടെ വാദം തള്ളിയ സതീശന്‍ തീ ഇപ്പോഴും അണഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി. ടോക്‌സിന്‍ നിറഞ്ഞ ഈ പുക ശ്വസിക്കുന്നതിലൂടെ കാന്‍സര്‍, ശ്വാസകോശം എന്നീ രോഗങ്ങള്‍ പടരുമെന്ന് ഐഎംഎ തന്നെ ചൂണ്ടിക്കാട്ടിയെന്ന് സതീശന്‍ പറഞ്ഞു.

also read: ബ്രഹ്മപുരം തീപിടിത്തം; 'ആദ്യ സംഭവമല്ല, തീയില്ലാതെ പുകയുണ്ടാക്കാന്‍ മാധ്യമങ്ങള്‍ വിദഗ്‌ധരാണ്': എം ബി രാജേഷ്

വിഷം ഏതെല്ലാം വഴിയെ: തീ അണയ്‌ക്കാന്‍ ഫയര്‍ എന്‍ജിനുകളില്‍ നിന്ന് ചീറ്റുന്ന വെള്ളത്തിലൂടെ വിഷമാലിന്യം ഒഴുകി സമീപത്തെ ആറുകളിലും ജലാശയങ്ങളിലും എത്തുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്നും സതീശൻ ചൂണ്ടിക്കാട്ടി. ഇത്രയുമായിട്ടും സംസ്ഥാനത്തെ പരിസ്ഥിതി വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി എന്തു കൊണ്ട് മിണ്ടുന്നില്ലെന്നു ചോദിച്ച് മുഖ്യമന്ത്രിയെ പ്രകോപിപ്പിക്കാന്‍ പ്രതിപക്ഷ നേതാവ് ഒരു ശ്രമം നടത്തിയെങ്കിലും മുഖ്യമന്ത്രി മൗനം തുടരുകയാണുണ്ടായത്. ഏതായാലും കൊച്ചി നിവാസികള്‍ നേരിടുന്ന ഗുരുതര ആരോഗ്യ പ്രശ്‌നം വരും ദിവസങ്ങളിലും പല രീതിയില്‍ സഭയിലുയര്‍ത്താനായിരിക്കും പ്രതിപക്ഷ ശ്രമം എന്ന കാര്യം വ്യക്തമാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.