ETV Bharat / state

ആശ്വാസമായി സര്‍ക്കാര്‍ തീരുമാനം; പിരിച്ചുവിട്ട 68 ഹയർസെക്കൻഡറി ജൂനിയർ ഇംഗ്ലീഷ് അധ്യാപകർക്ക് പുനർനിയമനം

author img

By

Published : Apr 27, 2023, 3:51 PM IST

1-6-2023 മുതൽ 31-O5-2025 വരെ 68 സൂപ്പർ ന്യൂമററി തസ്‌തിക സൃഷ്‌ടിച്ചാണ് പുനർനിയമനത്തിന് മന്ത്രിസഭ അനുമതി നൽകിയത്

junior english teachers reppointed  ജൂനിയർ ഇംഗ്ലീഷ് അധ്യാപകർക്ക് പുനർ നിയമനം  പൊതു വിദ്യാഭ്യാസ വകുപ്പ്  higher secondary junior english teachers protest  വിദ്യാഭ്യാസ വകുപ്പ്
ജൂനിയർ ഇംഗ്ലീഷ് അധ്യാപകർക്ക് പുനർ നിയമനം

തിരുവനന്തപുരം: നീണ്ട പ്രതിഷേധങ്ങൾക്കൊടുവിൽ 68 ഹയർ സെക്കൻഡറി ജൂനിയർ ഇംഗ്ലീഷ് അധ്യാപകർക്ക് പുനർനിയമനം നൽകാൻ തീരുമാനിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. 1-6-2023 മുതൽ 31-O5-2025 വരെ 68 സൂപ്പർ ന്യൂമററി തസ്‌തിക സൃഷ്‌ടിച്ചാണ് പുനർനിയമനത്തിന് മന്ത്രിസഭ അനുമതി നൽകിയത്.

ഇക്കഴിഞ്ഞ മാർച്ച് മാസത്തിലാണ് 110 സൂപ്പർ ന്യൂമററി തസ്‌തിക നിർത്തലാക്കി പൊതുവിദ്യാഭ്യാസ ഡയറക്‌ടർ ഉത്തരവിറക്കിയത്. പിന്നാലെ, പിഎസ്‌സി വഴി നിയമിതരായ 68 പേരുടെ ജോലിയും നഷ്‌ടമായി. ഹയർ സെക്കൻഡറി സ്‌കൂളുകളിലെ ഇംഗ്ലീഷ് ജൂനിയർ അധ്യാപകരുടെ തസ്‌തിക നിർണയം നടത്തിയപ്പോൾ ആകെ 337 തസ്‌തികയിൽ 87 എണ്ണത്തിൽ മാത്രമാണ് ജൂനിയർ അധ്യാപകരുടെ തസ്‌തികളുണ്ടായിരുന്നത്.

തുടർന്ന് 110 സൂപ്പർ ന്യൂമററി തസ്‌തിക സൃഷ്‌ടിക്കുകയും അധ്യാപകർക്ക് നിയമനം നൽകുകയുമായിരുന്നു. അധികമുള്ള അധ്യാപകർ, പിഎസ്‌സി നിയമന ശുപാർശ നൽകിയ 47 പേർ, നിയമന ശുപാർശ നൽകാനുള്ള രണ്ടുപേർ, ശൂന്യവേതന അവധിയിലുള്ള രണ്ടുപേർ എന്നിവരെ ഉൾക്കൊള്ളിച്ച് കൊണ്ടായിരുന്നു സൂപ്പർ ന്യൂമററി തസ്‌തിക സൃഷ്‌ടിച്ചത്.

ഒന്നര വർഷത്തിന് ശേഷം പുനർനിർണയത്തിന്‍റെ ഭാഗമായി സീനിയർ അധ്യാപകർ ആഴ്‌ചയിൽ എടുക്കേണ്ട ക്ലാസ് 24ൽ നിന്ന് 25 ആയി മാറിയതോടെ ജൂനിയർ ഇംഗ്ലീഷ് അധ്യാപകരുടെ ക്ലാസ് ഏഴില്‍ നിന്ന് ആറ് ആയി കുറഞ്ഞു. ഏഴ്‌ പിരിയഡിൽ താഴെയുള്ള ക്ലാസുകൾക്കായി ഗസ്റ്റ് അധ്യാപകരെ നിയമിച്ചാൽ മതിയെന്നും തീരുമാനമായി. ഇതോടെയാണ് ഈ അധ്യാപകർ പുറത്തായത്.

ഒഴിവുകൾ വരുന്ന മുറക്ക് സീനിയോറിറ്റി അടിസ്ഥാനത്തിൽ നിയമനം നൽകുമെന്നായിരുന്നു പിരിച്ചുവിടുമ്പോൾ വിദ്യാഭ്യാസ വകുപ്പ് അധ്യാപകരെ അറിയിച്ചിരുന്നത്. 2017ലെ വിജ്ഞാപനം അനുസരിച്ച് 2018ലെ പരീക്ഷയിൽ മുന്നിലെത്തി 2019ലെ റാങ്ക് ലിസ്റ്റിൽ നിന്ന് 2021ൽ സ്ഥിര നിയമനം കിട്ടിയവരായിരുന്നു ഈ 68 അധ്യാപകരും.

ദിവസങ്ങൾ നീണ്ട പ്രതിഷേധം, ഒടുവിൽ നിയമനം: പുറത്താകുന്ന അധ്യാപകർക്ക് യാതൊരുവിധ ആനുകൂല്യങ്ങളും ലഭിക്കില്ല എന്നും പുറത്താക്കൽ ഉത്തരവിൽ പറഞ്ഞിട്ടുണ്ടായിരുന്നു. ഉണ്ടായിരുന്ന സർക്കാർ ജോലി രാജിവച്ച് മെച്ചപ്പെട്ട ശമ്പളം പ്രതീക്ഷിച്ച് ഹയർ സെക്കൻഡറി അധ്യാപക ജോലിയിൽ പ്രവേശിച്ച നിരവധി പേരാണ് ഉത്തരവിലൂടെ വഴിയാധാരമായത്.

പിന്നാലെ സർക്കാരിന്‍റെ നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് അധ്യാപക സംഘടനയുടെ ഭാഗത്തുനിന്നും ഉണ്ടായത്. സെക്രട്ടേറിയറ്റിന് മുന്നിൽ ഹയർസെക്കൻഡറി അധ്യാപക സംഘടനയുടെ നേതൃത്വത്തിൽ ഉപവാസ സമരങ്ങളും ഈസ്റ്റർ ദിനത്തിൽ യാചക സമരവും നടത്തിയിരുന്നു.

പ്ലസ്‌ വണ്‍, പ്ല്‌സ്‌ ടു പരീക്ഷ ഡ്യൂട്ടി കൂടി ചെയ്‌ത അധ്യാപകരാണ് തൊഴിൽ തിരിച്ചുകിട്ടാൻ തെരുവിലിറങ്ങിയത്. ജോലി നഷ്‌ടപ്പെട്ടതിനാൽ കല്യാണം വരെ മുടങ്ങിയ അധ്യാപകർ വരെ സമരത്തിൽ ഉണ്ടായിരുന്നു. സർക്കാർ ജോലി സുരക്ഷിതമാണെന്ന വിശ്വാസത്തിലാണ് കഷ്‌ടപ്പെട്ട് ജോലി വാങ്ങിയതെന്നും ഇപ്പോൾ ജീവിതം തന്നെ ആശങ്കയിൽ ആണെന്നുമാണ് അന്ന് അധ്യാപകർ പറഞ്ഞിരുന്നത്.

എയ്‌ഡഡ് സ്‌കൂളുകളിലെ അധ്യാപകർക്ക് കിട്ടിയ തൊഴിൽ സംരക്ഷണം സർക്കാർ സ്‌കൂളുകളിലെ അധ്യാപകർക്കും വേണമെന്നായിരുന്നു ഇവരുടെ ആവശ്യം. പിന്നാലെയാണ് പുനർനിയമനം നടത്താൻ സർക്കാർ തീരുമാനമെടുത്തത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.