ETV Bharat / state

'നോ ലൈസൻസ് ഇലക്ട്രിക് ഓട്ടോറിക്ഷയും ആമിഗോ സൂപ്പർ ബൈക്കും'; ശാസ്‌ത്ര മേളയിലെ കൗതുക കാഴ്‌ച

author img

By ETV Bharat Kerala Team

Published : Dec 2, 2023, 9:53 PM IST

Electric Autorickshaw And Amigo Super Bike  State School Science Fair In Thiruvananthapuram  ഇലക്ട്രിക് ഓട്ടോറിക്ഷ  ആമിഗോ സൂപ്പർ ബൈക്ക്  ശാസ്‌ത്ര മേള  തിരുവനന്തപുരം വാര്‍ത്തകള്‍  തിരുവനന്തപുരം ജില്ല വാര്‍ത്തകള്‍  തിരുവനന്തപുരം പുതിയ വാര്‍ത്തകള്‍  kerala news updates  latest news in kerala  സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രമേള
students-build-electric-autorickshaw-and-super-bike-in-science-fair

State School Science Fair: വ്യത്യസ്‌ത വാഹനങ്ങളുമായി സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രമേളയില്‍ തിളങ്ങി കുട്ടി താരങ്ങള്‍. ശ്രദ്ധേയമായി നോ ലൈസൻസ് ഇലക്ട്രിക് ഓട്ടോറിക്ഷയും സൂപ്പര്‍ ബൈക്കും.

നോ ലൈസൻസ് ഇലക്ട്രിക് ഓട്ടോറിക്ഷയും ആമിഗോ സൂപ്പർ ബൈക്കും

തിരുവനന്തപുരം: സ്വന്തമായി ഒരു വാഹനം നിർമിക്കണം... അഞ്ചാം ക്ലാസ് മുതലുള്ള ആൽബിൻ്റെ ആഗ്രഹമാണത്. ആ ആഗ്രഹം സഫലമാക്കാൻ 2023 ജൂലൈ വരെ കാത്തിരിക്കേണ്ടി വന്നു കോട്ടയം കല്ലറ സ്വദേശിയും എസ്കെവി ഹയർ സെക്കണ്ടറി സ്‌കൂൾ നീണ്ടൂരിലെ പ്ലസ് വൺ വിദ്യാർഥിയുമായ ആൽബിന്. ഒടുവിൽ ആൽബിനും സുഹൃത്ത് അഫ്രിനും ചേർന്ന് ഉഗ്രനൊരു ഓട്ടോറിക്ഷ നിര്‍മിച്ചിരിക്കുകയാണിപ്പോള്‍.

വെറും ഓട്ടോറിക്ഷയല്ല, സോളാറിൽ പ്രവർത്തിക്കുന്ന നോ ലൈസൻസ് ഇലക്ട്രിക് ഓട്ടോറിക്ഷ. തിരുവനന്തപുരം പാളയം സെന്‍റ് ജോസഫ് എച്ച്എസ്എസിൽ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ ശാസ്ത്ര മേളയിൽ കൗതുകമായി മാറുകയാണ് ആൽബിനും അഫ്രിനും സോളാർ നോ ലൈസൻസ് ഇലക്ട്രിക് ഓട്ടോറിക്ഷയും.

എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ് അവധി സമയത്താണ് ഇരുവരും ഓട്ടോറിക്ഷയുടെ നിർമാണത്തിലേക്ക് കടന്നത്. വെറും രണ്ടു മാസം കൊണ്ട് നിർമാണം പൂർത്തിയാക്കിയ ഈ ഓട്ടോയ്ക്ക് പ്രത്യേകതകൾ ഏറെയാണ്. സോളാറിൽ പ്രവർത്തിക്കുന്ന ഓട്ടോ 8 മണിക്കൂർ ചാർജ് ചെയ്‌താൽ 55 കിലോമീറ്റര്‍ സഞ്ചരിക്കാം. ഡ്രൈവർ അടക്കം 4 പേർക്ക് സുരക്ഷിതമായി യാത്ര ചെയ്യാനുമാകും. 25 കിലോമീറ്ററാണ് ഓട്ടോയുടെ പരമാവധി വേഗത.

100 വാട്ടിൻ്റെ 4 സോളാർ പാനലുകളാണ് വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ഇലക്ട്രിക് സ്‌കൂട്ടറിന്‍റെ ഭാഗങ്ങളാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ വായു മലിനീകരണവും ഇതുകൊണ്ട് ഉണ്ടാകില്ല. കാറിലെ സീറ്റുകളും ഇലക്ട്രിക് സ്‌കൂട്ടറിന്‍റെ സ്‌പീഡോമീറ്ററുമാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.

70,000 രൂപയാണ് ഓട്ടോറിക്ഷയുടെ നിർമാണത്തിന് ചെലവായത്. പിന്നിലുള്ള വാഹനങ്ങൾക്ക് ഓവർ ടേക്കിങ് സിഗ്നൽ നൽകുന്നതിന് ചുവപ്പ് നിറത്തിൽ എൽഇഡി ലൈറ്റുകൾ കത്തുന്ന സൂചന ബോർഡും സ്ഥാപിച്ചിട്ടുണ്ട്. ശാസ്ത്ര മേളയിൽ വർക്കിങ് മോഡൽ വിഭാഗത്തിലാണ് ആൽബിനും അഫ്രിനും സോളാർ നോ ലൈസൻസ് ഇലക്ട്രിക് ഓട്ടോ പ്രദർശിപ്പിച്ചിരിക്കുന്നത്.

സൂപ്പര്‍ ബൈക്കുമായി സിനാനും റോഷനും: എറണാകുളം ജില്ലയിലെ ജിഎച്ച്എച്ച്എസ് ചെങ്ങമനാട് സ്‌കൂളിലെ പ്ലസ് വൺ സയൻസ് ഗ്രൂപ്പ് വിദ്യാർഥികളായ മുഹമ്മദ് സിനാനും ഹിലാൽ റോഷനും നിർമിച്ച ആമിഗോ സൂപ്പർ ബൈക്കും മേളയിൽ കൗതുക കാഴ്‌ചയായി. മദ്യപിച്ചാൽ വാഹനം പിണങ്ങും, സ്റ്റാർട്ടാകില്ല ഇതാണ് ആമിഗോ സൂപ്പർ ബൈക്കിൻ്റെ പ്രത്യേകത. ഇതിനായി Mq3 ആൽക്കഹോൾ സെൻസറും ഘടിപ്പിച്ചിട്ടുണ്ട്. വാഹനം ഓടിക്കുന്നയാൾ മദ്യപിച്ചിട്ടുണ്ടെങ്കിൽ സെൻസർ അത് കണ്ടുപിടിക്കും.

നാളെയാണ് ശാസ്ത്രമേളയുടെ സമാപനം. കാലത്തിന് മുന്നേ സഞ്ചരിക്കുകയാണ് പുതുതലമുറ. അവരുടെ ഓരോ കണ്ടുപിടിത്തങ്ങളും നമ്മെ അത്ഭുതപ്പെടുത്തുന്നതാണ്. ഭാവിയിൽ ഇതിലും മികച്ച സാങ്കേതിക വിദ്യകൾ ഈ കൊച്ചു മിടുക്കർ വികസിപ്പിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

also read: യാത്രകള്‍ക്കായി ഇനി ഇ-കാര്‍ ; ബെംഗളൂരുവില്‍ 'ഊബര്‍ ഗ്രീന്‍' സര്‍വീസുകള്‍ക്ക് തുടക്കം, ഫ്ലാഗ്‌ ഓഫ് ചെയ്‌ത് മന്ത്രി പ്രിയങ്ക് ഖാര്‍ഗെ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.