ETV Bharat / state

വടക്കഞ്ചേരി അപകടം : മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപ ധനസഹായം

author img

By

Published : Oct 13, 2022, 11:01 PM IST

ഇന്ന്(13.10.2022)ചേര്‍ന്ന മന്ത്രിസഭായോഗത്തിന്‍റേതാണ് തീരുമാനം

വടക്കഞ്ചേരി അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങള്‍  Vadakkencherry accident victims  മന്ത്രിസഭാ യോഗത്തിന്‍റേതാണ് തീരുമാനം  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി  കേരള മന്ത്രിസഭാ യോഗ തീരുമാനം  kerala state government cabinet decisions
വടക്കഞ്ചേരി അപകടം : മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപ ധനസഹായം

തിരുവനന്തപുരം : പാലക്കാട് വടക്കഞ്ചേരിയില്‍ ബസ് അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം നഷ്‌ടപരിഹാരം അനുവദിക്കാൻ മന്ത്രിസഭാതീരുമാനം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് തുക അനുവദിക്കുകയെന്ന് റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചു. നേരത്തെ അനുവദിച്ച തുകയ്ക്ക് പുറമെയാണിത്.

അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞവര്‍ക്കും തുടര്‍ ചികിത്സ ആവശ്യമുള്ളവര്‍ക്കുമുള്ള എല്ലാ ചെലവുകളും സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. വടക്കഞ്ചേരിയില്‍ ഉണ്ടായത് പോലുള്ള അപകടങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതിനുള്ള ശക്തമായ നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോവുന്നതെന്നും മന്ത്രി പറഞ്ഞു. 9 പേരാണ് വടക്കഞ്ചേരി ബസ് അപകടത്തില്‍ മരിച്ചത്.

വടക്കഞ്ചേരി അപകടം : മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപ ധനസഹായം

മറ്റ് മന്ത്രിസഭായോഗ തീരുമാനങ്ങൾ : കൂത്തുപറമ്പ് സ്‌പെഷ്യല്‍ സബ് ജയിലിന്‍റെ പ്രവര്‍ത്തനത്തിന് 12 തസ്‌തികകള്‍ സൃഷ്‌ടിക്കാന്‍ തീരുമാനിച്ചു. സൂപ്രണ്ട് (ഡെപ്യൂട്ടി സൂപ്രണ്ട്), അസിസ്റ്റന്‍റ് സൂപ്രണ്ട് ഗ്രേഡ് 1, അസിസ്റ്റന്‍റ് സൂപ്രണ്ട് ഗ്രേഡ് 2, എന്നിവയുടെ ഓരോ തസ്‌തികകളും ഡെപ്യൂട്ടി പ്രിസണ്‍ ഓഫിസറുടെ 3 തസ്‌തികകളും അസിസ്റ്റന്‍റ് പ്രിസണ്‍ ഓഫിസറുടെ 6 തസ്‌തികകളുമാണ് സൃഷ്ടിക്കുക. ഇതിനുപുറമെ കണ്ണൂര്‍ സ്‌പെഷ്യല്‍ സബ് ജയിലില്‍ നിന്ന് കൂത്തുപറമ്പ് സ്‌പെഷ്യല്‍ സബ് ജയിലിലേക്ക് 9 തസ്‌തികകള്‍ പുനര്‍ വിന്യസിക്കും.

വിഴിഞ്ഞം രാജ്യാന്തര തുറമുഖ കമ്പനി ലിമിറ്റഡിന്‍റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫിസര്‍ ഡോ. ജയകുമാറിന്‍റെ സേവനകാലാവധി 28.02.2022 മുതല്‍ രണ്ട് വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിക്കും. സംസ്ഥാനത്തെ ഏഴ് പ്രിന്‍സിപ്പല്‍ ജില്ല ജഡ്‌ജിമാര്‍ക്ക് വാഹനം വാങ്ങുന്നതിന് അനുമതി നല്‍കും.

കണ്ണൂര്‍ ജില്ലയില്‍ ചെറുവാഞ്ചേരിയില്‍ അപ്ലൈഡ് സയന്‍സ് കോളജിന്‍റെ പ്രവര്‍ത്തനത്തിന് കണ്ടെത്തിയ 5 ഏക്കര്‍ ഭൂമിയുടെ കമ്പോളവില ഓരോ അഞ്ച് വര്‍ഷം കൂടുന്തോറും പുതുക്കി നിശ്ചയിക്കും. ആര്‍ ഒന്നിന് നൂറുരൂപ പാട്ടനിരക്കില്‍ 30 വര്‍ഷത്തേക്ക് ഐ.എച്ച്.ആര്‍.ഡിക്ക് അനുവദിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.