ETV Bharat / state

മദ്യപാനത്തിനിടെ സുഹൃത്തുക്കൾ യുവാവിനെ അടിച്ചുകൊന്ന സംഭവം; പ്രതികൾ പിടിയിൽ

author img

By

Published : Jan 16, 2023, 9:10 AM IST

തിരുവനന്തപുരം ശ്രീകാര്യത്ത് മദ്യപാനത്തിനിടെ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ അനീഷ്, വിനോദ് എന്നിവരാണ് പിടിയിലായത്. ശ്രീകാര്യം അമ്പാടി നഗർ സ്വദേശി സാജുവാണ് കൊല്ലപ്പെട്ടത്.

മദ്യപാനത്തിനിടെ സുഹൃത്തുക്കൾ യുവാവിനെ കൊന്നു  തിരുവനന്തപുരം  ശ്രീകാര്യം  sreekaryam  sreekaryam saju murder  trivandrum  sreekaryam saju murder case  യുവാവിനെ അടിച്ചുകൊന്നു
ശ്രീകാര്യം കൊലപാതകം

ശ്രീകാര്യം കൊലപാതകം

തിരുവനന്തപുരം: ശ്രീകാര്യത്ത് മദ്യപാനത്തിനിടെ സുഹൃത്തുക്കൾ യുവാവിനെ അടിച്ചുകൊന്ന സംഭവത്തിൽ പ്രതികൾ പിടിയിൽ. കട്ടേല തെക്കേകരപുത്തൻ വീട്ടിൽ വിനോദ് എന്ന ഗിരീഷ് (35), കുളത്തൂർ കിഴക്കുംകര സ്വദേശി അനീഷ് എന്നിവരാണ് അറസ്‌റ്റിലായത്. ശ്രീകാര്യം അമ്പാടി നഗർ സ്വദേശി സാജു (39) ആണ് കൊല്ലപ്പെട്ടത്.

മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ശനിയാഴ്‌ച(14.01.2023) രാത്രി ഒമ്പത് മണിയോടെ സുഹൃത്തുക്കളായ അനീഷ്, വിനോദ് എന്നിവരുമായി സാജു മദ്യപിക്കാനായി ഒത്തുകൂടിയിരുന്നു. പിന്നീട് ഇവർ തമ്മിൽ വാക്കേറ്റം ഉണ്ടായി. തുടർന്ന് സാജുവിന്‍റെ മൊബൈൽ ഇവർ ബലമായി പിടിച്ചു വാങ്ങി.

വീട്ടിലേക്ക് മടങ്ങിയ സാജുവിനെ ഓട്ടോയിലെത്തിയ പ്രതികൾ ബലമായി പിടിച്ച് കൊണ്ട് കട്ടേല ഹോളി ട്രിനിറ്റി സ്‌കൂളിന് സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ എത്തിച്ചു. മൊബൈൽ തിരികെ വേണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് സാജുവും സുഹൃത്തുക്കളുമായി തർക്കമായി. തുടർന്ന് കല്ലും തടികഷണങ്ങളും ഉപയോഗിച്ച് പ്രതികൾ സാജുവിനെ ക്രൂരമായി മർദിച്ചു.

കല്ലു കൊണ്ടുള്ള ഇടിയിൽ സാജുവിന്‍റെ തലയോട്ടി തകർന്നു. മർദനത്തിൽ അവശനായ സാജുവിനെ വഴിയിലുപേക്ഷിച്ച് പ്രതികൾ കടന്നു കളഞ്ഞു. മദ്യപിച്ച് അവശനായി കിടക്കുന്നതാണെന്ന് കരുതി ആരും തിരിഞ്ഞു നോക്കിയില്ല. വെളുപ്പിന് രണ്ടു മണിയോടെ സാജുവിന്‍റെ മാതാവ് മകനെ കാണാനില്ലെന്ന് കാണിച്ച് ശ്രീകാര്യം പൊലീസിൽ പരാതി നൽകി.

തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ സാജുവിനെ കണ്ടെത്തി മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു. എന്നാൽ സംഭവ സ്ഥലത്തുവച്ച് തന്നെ സാജു മരിച്ചിരുന്നു. പ്രതികളിലൊരാളായ അനീഷ് വധശ്രമം ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ്.

ലഹരി ഉപയോഗിക്കുന്നവരാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിനുശേഷം ഓട്ടോയിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ നാലാഞ്ചിറ പരുത്തിപ്പാറയിൽവച്ചാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. പ്രതികൾ സഞ്ചരിച്ച ഓട്ടോയും പൊലീസ് കസ്‌റ്റഡിയിലെടുത്തു. സ്ഥലത്ത് ഫോറൻസിക്കും വിരലടയാള വിദഗ്‌ധരും പരിശോധന നടത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.