ETV Bharat / state

Murder| നെയ്യാറ്റിൻകരയിൽ മരുമകൻ ഭാര്യ മാതാവിനെ തലക്കടിച്ചു കൊന്നു

author img

By

Published : Jul 3, 2023, 6:10 PM IST

son in law killed mother in law  neyyatinkara news  thiruvananthapuram crime  മരുമകൻ ഭാര്യ മാതാവിനെ തലക്കടിച്ചു കൊന്നു  നെയ്യാറ്റിൻകര  നെയ്യാറ്റിൻകര വാര്‍ത്ത  തിരുവനന്തപുരം ക്രൈം ന്യൂസ്  പൊഴിയൂർ പൊലീസ്  Pozhiyoor Police
നെയ്യാറ്റിൻകരയിൽ മരുമകൻ ഭാര്യ മാതാവിനെ തലക്കടിച്ചു കൊന്നു

ഭാര്യ മാതാവിനെ തലക്കടിച്ചു കൊന്ന സംഭവത്തില്‍ പ്രതി റോബർട്ടിനെ നാട്ടുകാര്‍ പിടികൂടി പൊഴിയൂർ പൊലീസില്‍ (Pozhiyoor Police)ഏല്‍പ്പിച്ചു.

തിരുവനന്തപുരം: നെയ്യാറ്റിൻകര കുളത്തൂർ കടകുളത്ത് മരുമകൻ ഭാര്യ മാതാവിനെ തലക്കടിച്ചു കൊന്നു. തൊഴിലുറപ്പ് തൊഴിലാളിയായ തങ്കം (65) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട മരുമകൻ റോബർട്ട് പൊഴിയൂർ പൊലീസ് പിടിയിൽ.

ഇന്നലെ വൈകിട്ടായിരുന്നു സംഭവം. തങ്കത്തിന്‍റെ മകൾ പ്രീതയുടെ രണ്ടാം ഭർത്താവാണ് റോബർട്ട്. പ്രീതയുടെ ആദ്യ ഭർത്താവ് നാലു വർഷം മുമ്പ് അപകടത്തിൽ മരിച്ചിരുന്നു. തുടർന്ന് ഊരമ്പ് സ്വദേശി റോബർട്ട് പ്രീതയ്ക്കൊപ്പം ചേരുകയായിരുന്നു.

പ്രീതയുടെ ആദ്യ ഭർത്താവിന്‍റെ മരണത്തെ തുടർന്ന് ലഭിച്ച തുക ചൊല്ലി വീട്ടിൽ കലഹം പതിവായിരുന്നു. ഇന്നലെ പ്രീതയെ റോബർട്ട് അതിക്രൂരമായി മർദിച്ചു. ഇരുമ്പ് ദണ്ഡുകൊണ്ടായിരുന്നു മർദനം. പ്രീതയെ രക്ഷിക്കാൻ എത്തിയതായിരുന്നു തങ്കം.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ തങ്കത്തിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നാട്ടുകാരുടെ സഹായത്തോടെ എത്തിച്ചെങ്കിലും ഇന്ന് പുലർച്ചെ അന്ത്യം സംഭവിക്കുകയായിരുന്നു. പ്രീതയുടെ ഇടതു കൈക്ക് പൊട്ടലുണ്ട്, തലയിലും പരിക്കേറ്റിട്ടുണ്ട്. റോബർട്ടിനെ നാട്ടുകാർ പിടികൂടിയായിരുന്നു പൊലീസിൽ ഏൽപ്പിച്ചത്.

തിരുവനന്തപുരം കന്യാകുമാരി ജില്ലകളിലെ വിവിധ സ്റ്റേഷനുകളിൽ പോക്സോ ഉൾപ്പെടെ നിരവധി കേസിലെ പ്രതിയാണ് റോബർട്ട് എന്ന് പൊലീസ് പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം തങ്കത്തിന്‍റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു.

അതേസമയം കഴിഞ്ഞ ഫെബ്രുവരിയില്‍ പത്തനംതിട്ട എനാദിമംഗലത്ത് വീട്ടമ്മയെ ഗുണ്ടാസംഘം തലക്കടിച്ച് കൊലപ്പെടുത്തിയിരുന്നു. മക്കളെ അന്വേഷിച്ചെത്തിയ ഗുണ്ട സംഘമാണ് അവരെ കാണാത്തതിനെത്തുടർന്ന് അമ്മയായ സുജാതയെ കൊലപ്പെടുത്തിയത്. സുജാതയുടെ മക്കളായ സൂര്യലാലിനെയും ചന്ദ്രലാലിനെയും ആക്രമിക്കാനായിരുന്നു മാരകായുധങ്ങളുമായി മാരൂരുള്ള സുജാതയുടെ വീട്ടിലേക്ക് ഗുണ്ടാസംഘം അതിക്രമിച്ച് കയറിയത്.

ഇരുവരും വീട്ടിൽ ഇല്ലാതിരുന്നതോടെ സംഘം സുജാതയെ ആക്രമിക്കുകയായിരുന്നു. കമ്പി വടികൊണ്ട് സുജാതയ്ക്ക് തലക്ക് അടിയേറ്റിരുന്നു. കല്ലുകൊണ്ടുള്ള ആക്രമണത്തിൽ വാരിയെല്ലുകൾക്കും പരിക്കേറ്റു. ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സുജാത ചികിത്സയിലിരിക്കെയാണ് മരിക്കുന്നത്. കതക് പൊളിച്ചായിരുന്നു അക്രമികള്‍ വീട്ടില്‍ കയറിയത്.

അക്രമികള്‍ വീട്ടുസാധനങ്ങള്‍ മുറ്റത്തെ കിണറില്‍ വലിച്ചെറിയുകയും വീട് തകര്‍ക്കുകയും ചെയ്‌തിരുന്നു. മാരൂർ മുളയംങ്കോട് ചെമ്മണ്ണേറ്റം ഭാഗത്തെ വസ്‌തുവിലെ മണ്ണെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിലെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് അറിയിച്ചത്.

മുളയംങ്കോട് സ്വദേശി സന്ധ്യയുടെ വസ്‌തുവിലെ മണ്ണ് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്. മുളയംങ്കോട് മോഹനൻ, മക്കളായ ശരൺ, ശരത് എന്നിവരാണ് മണ്ണ് മാറ്റുന്ന സംഘവുമായി തർക്കത്തിലേർപ്പെട്ടത്. ഇതോടെ മണ്ണ് മാറ്റുന്ന സംഘം സൂര്യലാലിന്‍റെ നേതൃത്വത്തിലുള്ള ഗുണ്ട സംഘത്തെ സ്ഥലത്തിറക്കി.

പരിശീലനം ലഭിച്ച നായയുമായാണ് സൂര്യലാലും സംഘവും എത്തിയത്. മോഹനന്‍റെ വീട്ടിൽ അക്രമം നടത്തിയ സൂര്യലാലിന്‍റെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെ കുട്ടിയെ നായയെകൊണ്ട് കടിപ്പിച്ചതായും പരാതിയുണ്ട്. ഇതിന്‌ പിന്നാലെയാണ് ഒരു സംഘം സുജാതയുടെ വീട് കയറി ആക്രമണം നടത്തിയത്.

മണ്ണെടുപ്പ്‌ തർക്കം നടന്ന സ്ഥലം ഏനാത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലും കൊല്ലപ്പെട്ട സുജാതയുടെ വീട് അടൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുമാണ്. സുജാതയെ കൊലപ്പെടുത്തിയ കേസില്‍ പതിനഞ്ചോളം പ്രതികളാണുള്ളത്.

ALSO READ: വിവാഹം കഴിഞ്ഞിട്ട് 14 ദിവസം, നവവധുവിനെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍, ദുരൂഹതയെന്ന് ബന്ധുക്കൾ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.