ETV Bharat / state

കോണ്‍ഗ്രസില്‍ തരൂര്‍ വിവാദം പുകയുന്നു; കെ റെയില്‍ നിലപാടില്‍ വിട്ടു വീഴ്ചയില്ലാതെ ശശി തരൂര്‍

author img

By

Published : Dec 17, 2021, 3:09 PM IST

തരൂരിന്‍റെ നിലപാട് പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സംസ്ഥാനത്തെ നിലപാട് മനസിലാക്കാന്‍ ശശി തരൂരിന് കഴിയുന്നില്ലെങ്കില്‍ കോണ്‍ഗ്രസ് നേതൃത്വം അക്കാര്യം മനസിലാക്കി കൊടുക്കണമെന്ന് മുല്ലപ്പള്ളി. തരൂര്‍ വികസന കാര്യങ്ങളില്‍ സ്വന്തമായി കാഴ്ചപ്പാടുകളുള്ള ഒരു അന്തര്‍ദേശീയ വ്യക്തിത്വമെന്ന് ചെന്നിത്തല.

K Rail controversy kearala  Shashi Tharoor stand on K Rail Development  ശശി തരൂര്‍  കെ റെയില്‍ വിവാദം  തരൂരിന്‍റെ വികസന കാഴ്ചപ്പാടിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍
കോണ്‍ഗ്രസില്‍ തരൂര്‍ വിവാദം പുകയുന്നു; കെ റെയില്‍ നിലപാടില്‍ വിട്ടു വീഴ്ചയില്ലാതെ ശശി തരൂര്‍

തിരുവനന്തപുരം: കെ-റെയില്‍ പദ്ധതി നടപ്പാക്കരുതെന്നാവശ്യപ്പെട്ട് കേരളത്തിലെ യു.ഡി.എഫ് എം.പിമാര്‍ കേന്ദ്ര റെയില്‍വേ മന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ഒപ്പിടാതെ കോണ്‍ഗ്രസ് എം.പി ശശിതരൂര്‍ ഒഴിഞ്ഞു നിന്ന സംഭവം കോണ്‍ഗ്രസില്‍ പുതിയ വിവാദത്തിനു തിരികൊളുത്തുന്നു.

നിവേദനത്തില്‍ ഒപ്പിട്ടില്ലെന്നു കരുതി താന്‍ പദ്ധതിക്ക് അനുകൂലമല്ലെന്നും പദ്ധതിയെ കുറിച്ച് പഠിക്കാന്‍ സമയം കിട്ടിയില്ലെന്നും ശശിതരൂര്‍ വിശദീകരിച്ചെങ്കിലും സംസ്ഥാന കോണ്‍ഗ്രസ് കെ-റെയിലിനെതിരെ സ്വീകരിച്ചിരിക്കുന്ന പൊതു നിലപാടിനു വിരുദ്ധമാണിതെന്ന് വ്യാഖ്യാനിക്കപ്പെട്ടു.

തൊട്ടുപിന്നാലെ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ലുലുമാളിന്‍റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും അദ്ദേഹത്തിന്‍റെ വികസന കാഴ്ചപ്പാടിനെയും പുകഴ്ത്തി ശശിതരൂര്‍ പരസ്യ നിലപാട് സ്വീകരിക്കുക കൂടി ചെയ്തതോടെ സംസ്ഥാന നേതൃത്വം തീര്‍ത്തും വെട്ടിലായി. കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക പ്രതികരണം പുറത്തു വന്നില്ലെങ്കിലും തരൂരിന്‍റെ നിലപാട് പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പറയേണ്ടി വന്നു.

Also Read: Shashi Tharoor's Selfie Controversy In Lok Sabha: ' ആ സെല്‍ഫി ഒരു തമാശ മാത്രം'; വിശദീകരണവുമായി ശശി തരൂര്‍

എന്നാല്‍ തരൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ കെ.പി.സി.സി പ്രസിഡന്‍റെ മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തു വന്നത് ശ്രദ്ധേയമായി. കോണ്‍ഗ്രസിന്‍റെ സംസ്ഥാനത്തെ നിലപാട് മനസിലാക്കാന്‍ ശശി തരൂരിനു കഴിയുന്നില്ലെങ്കില്‍ കോണ്‍ഗ്രസ് നേതൃത്വം അക്കാര്യം മനസിലാക്കി കൊടുക്കണമെന്നും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇക്കാര്യത്തില്‍ ഇടപെടുക തന്നെ വേണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

തരൂര്‍ അന്തര്‍ദേശീയ വ്യക്തിത്വമെന്ന് ചെന്നിത്തല

എന്നാല്‍ ശശി തരൂര്‍ വികസന കാര്യങ്ങളില്‍ സ്വന്തമായി കാഴ്ചപ്പാടുകളുള്ള ഒരു അന്തര്‍ദേശീയ വ്യക്തിത്വമാണെന്ന് പ്രഖ്യാപിച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തു വന്നതോടെ ഇക്കാര്യത്തിലും കോണ്‍ഗ്രസിന്‍റെ പതിവ് അഭിപ്രായ ഭിന്നത പ്രകടമായി.

അതേസമയം വിവാദങ്ങള്‍ക്കിടയിലും മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച ആസ്വദിച്ചു എന്ന കുറിപ്പോടെ ഫേസ് ബുക്കില്‍ തരൂര്‍ വീണ്ടും തന്‍റെ നിലപാടുകളെ ശക്തമായി ന്യായീകരിച്ചു രംഗത്തു വന്നതോടെ കോണ്‍ഗ്രസ് നേതൃത്വം കൂടുതല്‍ കുരുക്കിലായി.

മുന്‍പ് തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ വത്കരിക്കുന്നതിനെതിരെ യു.ഡി.എഫും എല്‍.ഡി.എഫും ഒരുമിച്ചു രംഗത്തു വന്നപ്പോള്‍ വിമാനത്താവളം അദാനിക്കു വിട്ടുകൊടുക്കുന്നതിനെ അനുകൂലിച്ച വ്യക്തിയായിരുന്നു ശശി തരൂര്‍. അന്ന് തരൂരിന്‍റെത് ബി.ജെ.പി അനുകൂല നിലപാടായി വ്യാഖ്യാനിച്ച ഇടതു പക്ഷം ഇപ്പോള്‍ തരൂരിന്‍റെ നിലപാടുകളെ ആയുധമാക്കി കെ-റെയിലെ പ്രതിപക്ഷ എതിര്‍പ്പിന്‍റെ മുനയൊടിക്കാന്‍ ശ്രമിക്കുന്നതും കൗതുകകരമാണ്.

തരൂരിന്‍റെ നിലപാട് മുന്‍നിര്‍ത്തി കോണ്‍ഗ്രസിനെ ആക്രമിച്ച് എല്‍ഡിഎഫ്

കെ-റെയിലിനെതിരെ സംസ്ഥാന വ്യാപക പ്രക്ഷോഭത്തിനു നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിന് ശശിതരൂരിന്‍റെ നിലപാട് കനത്ത ആഘാതവും എല്‍.ഡി.എഫിന് വീണുകിട്ടിയ ആയുധവുമായി. താന്‍ കൂടി ഒപ്പിട്ട നിവേദനത്തില്‍ ഒപ്പിടാതെ മാറി നിന്ന തരൂരിന്‍റെ കാര്യത്തില്‍ എന്തു നിലപാടാണ് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍ സ്വീകരിക്കുക എന്നതാണ് ഏവരും ഉറ്റു നോക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.