ETV Bharat / state

കുഴഞ്ഞു മറിഞ്ഞ് കോൺഗ്രസ്; അതൃപ്തി പരസ്യമാക്കി മുതിർന്ന നേതാക്കൾ

author img

By

Published : Aug 29, 2021, 12:03 PM IST

Updated : Aug 29, 2021, 2:01 PM IST

ഗ്രൂപ്പ് നേതാക്കള്‍ എന്ന നിലയിലേക്ക് രമേശ് ചെന്നിത്തലയേയും ഉമ്മന്‍ചാണ്ടിയേയും ഒതുക്കി കാര്യങ്ങള്‍ വേണുഗോപാലും, സുധാകരനും, സതീശനും തീരുമാനിച്ചു എന്നാണ് വിമർശനം. അതേസമയം ആരോപണങ്ങൾ തള്ളി കെ മരളീധരനും കെ സുധാകരനും രംഗത്ത് എത്തിയിട്ടുണ്ട്

quarrels after dcc president selection in congress  DCC President selection in kerala  ഹൈക്കമാൻഡിനെതിരെ കോൺഗ്രസ് നേതാക്കൾ  കേൺഗ്രസിൽ പരസ്യ വിഴുപ്പലക്കൽ
കുഴഞ്ഞു മറിഞ്ഞ് കോൺഗ്രസ്; അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് മുതിർന്ന നേതാക്കൾ

തിരുവനന്തപുരം: ഡിസിസി അധ്യക്ഷന്‍മാരെ പ്രഖ്യാപിച്ചതിനു പിന്നാലെ കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കം രൂക്ഷം. മുതിര്‍ന്ന നേതാക്കള്‍ അടക്കം പട്ടികയ്‌ക്കെതിരെ പരസ്യ പ്രതികരണവുമായി രംഗത്തെത്തി. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ശക്തമായ ഭാഷയിലാണ് പട്ടികയ്ക്ക് എതിരെ പ്രതികരിച്ചത്. അധ്യക്ഷന്മാരെ തീരുമാനിക്കുന്നതില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണമായിരുന്നെന്ന നിലപാടാണ് നേതാക്കള്‍ വ്യക്തമാക്കിയിരിക്കുന്നത്.

കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെ.സി.വേണുഗോപലിനുമെതിരായാണ് നേതാക്കളുടെ പ്രതികരണം. ഗ്രൂപ്പ് വ്യത്യാസമില്ലാതെ ഇവര്‍ക്കെതിരെ പോര്‍മുഖം തുറക്കുകയാണ് കോണ്‍ഗ്രസിനുള്ളില്‍. ഫലപ്രദമായ ചര്‍ച്ച സംസ്ഥാനത്ത് നടക്കാത്തതുകൊണ്ടാണ് വിവാദങ്ങളൈന്നാണ് പ്രതികരണം.

മുതിർന്ന നേതാക്കളുടെ താത്കാലിക വിലക്കിലും വിമർശനം

ഡിസിസി അധ്യക്ഷ പട്ടികയ്ക്ക് എതിരെ പരസ്യവിമര്‍ശനം നടത്തിയതിന് കെ ശിവദാസൻ നായർ, കെ.പി.അനില്‍കുമാര്‍ എന്നിവരെ താത് കാലികമായി സസ്‌പെൻഡ് ചെയ്തതിലും കോണ്‍ഗ്രസില്‍ കടുത്ത വിമര്‍ശനമുയരുന്നുണ്ട്. വിശദീകരണം പോലും ചോദിക്കാതെയുള്ള സസ്‌പെന്‍ഷന്‍ ശരിയല്ലെന്ന അഭിപ്രായമാണ് ഉയരുന്നത്. ജനാധിപത്യ രീതിയിലല്ല കാര്യങ്ങള്‍ പോകുന്നതെന്നും വിമര്‍ശനമുണ്ട്.

Also read: കെ ശിവദാസന്‍ നായരെയും കെപി അനിൽ കുമാറിനെയും കോൺഗ്രസ് സസ്പെൻഡ് ചെയ്തു

പട്ടിക സംബന്ധിച്ച് കേരളത്തില്‍ ചര്‍ച്ച നടത്തിയില്ല

ഗ്രൂപ്പ് നേതാക്കള്‍ എന്ന നിലയിലേക്ക് രമേശ് ചെന്നിത്തലയേയും ഉമ്മന്‍ചാണ്ടിയേയും ഒതുക്കി കാര്യങ്ങള്‍ വേണുഗോപാലും, സുധാകരനും, സതീശനും തീരുമാനിച്ചതാണ് സംസ്ഥാന വ്യാപകമായി പൊട്ടിത്തെറിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. ഡിസിസി പ്രസിഡന്‍റുമാരുടെ പട്ടിക സംബന്ധിച്ച് കേരളത്തില്‍ ചര്‍ച്ച നടത്തുമെന്ന് പറഞ്ഞെങ്കിലും അതുണ്ടായില്ലെന്നാണ് മുതിര്‍ന്ന നേതാക്കള്‍ ഉന്നയിക്കുന്നത്.

വിമര്‍ശനങ്ങളെ തളളി കെ.മുരളീധരന്‍

ഗ്രൂപ്പില്ലെന്ന് പറയുന്നവര്‍ സ്ഥാനമാനം ലഭിച്ച ശേഷമാണ് ആ നിലപാട് സ്വീകരിക്കുന്നതെന്നും വിമര്‍ശനമുണ്ട്. വിമര്‍ശനങ്ങളെ തളളികൊണ്ട് മറ്റൊരു ചേരിയും പരസ്യ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. എല്ലാ കാലത്തേക്കാളും കൂടുതല്‍ വിശാലമായ ചര്‍ച്ച ഇത്തവണ നടന്നുവെന്നും 14 ഡിസിസി പ്രസിഡന്‍റുമാരും യോഗ്യരാണെന്നും കെ.മുരളീധരന്‍ അഭിപ്രായപ്പെട്ടു.

quarrels after dcc president selection in congress  DCC President selection in kerala  ഹൈക്കമാൻഡിനെതിരെ കോൺഗ്രസ് നേതാക്കൾ  കേൺഗ്രസിൽ പരസ്യ വിഴുപ്പലക്കൽ
അതൃപ്തി പരസ്യമാക്കി മുതിർന്ന നേതാക്കൾ

മുരളീധരന് പിന്നാലെ കെ സുധാകരനും

ഡല്‍ഹിയില്‍ മാധ്യമങ്ങളെ കണ്ടപ്പോള്‍ ഉമ്മന്‍ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും പൂര്‍ണമായും തള്ളുകയാണ് കെ സുധാകരന്‍ ചെയ്തത്. എല്ലാവരുമായും ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് ഉമ്മന്‍ചാണ്ടി നല്‍കിയ പേരുകള്‍ ഉയര്‍ത്തികാട്ടിയാണ് സുധാകരന്‍ മറുപടി നല്‍കിയത്. ഗ്രൂപ്പിന്‍റെ അടിസ്ഥാനത്തില്‍ മാത്രമേ മുന്നിലേക്ക് വരാന്‍ കഴിയുവെന്ന പ്രസ്താവന ശരിയല്ല. നേരത്തെ കാര്യങ്ങള്‍ തീരുമാനിക്കുമ്പോള്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ആരുമായും ചര്‍ച്ച ചെയ്തിട്ടില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.

പരസ്യമായി വിഴുപ്പലക്കുന്ന സ്ഥിതി

മുതിര്‍ന്ന നേതാക്കള്‍ തന്നെ പരസ്യമായി വിഴുപ്പലക്കുന്ന സ്ഥിതിയിലാണ് കോണ്‍ഗ്രസ് നേതൃത്വം. നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയയോടെ തുടങ്ങിയ കോണ്‍ഗ്രസിലെ പ്രതിസന്ധികള്‍ രൂക്ഷമായ അവസ്ഥയിലേക്കാണ് പോകുന്നത്. പ്രതിപക്ഷ സ്ഥാനത്തേക്ക് സതീശനേയും കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ.സുധാകരനേയും നിശ്ചയിച്ചതോടെയാണ് ഗ്രൂപ്പ് വ്യത്യാസം മറന്ന് എ,ഐ ഗ്രൂപ്പുകള്‍ രംഗത്തെത്തിയത്. ഗ്രൂപ്പ് നേതാക്കളെ പൂര്‍ണമായും അവഗണിച്ച് മുന്നോട്ട പോകുന്നത് തടയാനാണ് ഇപ്പോള്‍ ലഭിച്ച അവസരത്തില്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തുന്നത്. കേരളത്തിലെ സ്ഥിഗതികളില്‍ ഹൈക്കമാന്റിനും അതൃപ്തിയുണ്ട്.

Also read: ഡി.സി.സി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചു; ആലപ്പുഴയില്‍ ബാബു പ്രസാദ് കോട്ടയത്ത് നാട്ടകം സുരേഷ്

Last Updated : Aug 29, 2021, 2:01 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.