ETV Bharat / state

ബംഗാൾ വിസി നിയമനങ്ങൾ റദ്ദാക്കിയ ഹൈക്കോടതി വിധി കേരളത്തിലും പ്രസക്തമെന്ന് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി

author img

By

Published : Mar 17, 2023, 7:20 PM IST

യുജിസി ചട്ടങ്ങള്‍ ലംഘിച്ച് നിയമനം നേടിയ 29 സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെ നിയമനങ്ങളാണ് ബംഗാള്‍ ഹൈക്കോടതി റദ്ദാക്കിയത്. ബംഗാള്‍ കോടതിയുടെ പ്രസ്‌തുത വിധി കേരളത്തിലും ബാധകമാണെന്ന് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി വ്യക്തമാക്കി

Save University Committee  Bengal HC verdict on VC appointment  Bengal HC  VC appointment  ബംഗാൾ വിസി നിയമനങ്ങൾ റദ്ദാക്കിയ ഹൈക്കോടതി വിധി  ഹൈക്കോടതി വിധി  സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി  ബംഗാൾ ഹൈക്കോടതി  മമതാ ബാനർജി  യുജിസി  സുപ്രീം കോടതി  ആരിഫ് മുഹമ്മദ് ഖാന്‍
ബംഗാൾ വിസി നിയമനങ്ങൾ റദ്ദാക്കിയ ഹൈക്കോടതി വിധി

തിരുവനന്തപുരം: യുജിസി വ്യവസ്ഥകൾ പാലിച്ചില്ല എന്ന കാരണത്താൽ പശ്ചിമ ബംഗാളിലെ 29 സർവകലാശാല വൈസ് ചാൻസലർമാരുടെ നിയമനങ്ങൾ റദ്ദാക്കിയ ബംഗാൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ വിധി കേരളത്തിലും പ്രസക്തമെന്ന് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി. സർക്കാർ നടത്തുന്ന സർവകലാശാലകളിൽ വിസിമാരെ നിയമിക്കാനോ പുനർ നിയമനം നടത്താനോ സംസ്ഥാനത്തിന് അവകാശമില്ല എന്നാണ് ബംഗാൾ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിൻ്റെ വിധി. കേരളത്തിൽ നിയമനം ചോദ്യം ചെയ്യപ്പെടുന്ന ഹർജി നേരിടുന്ന നാല് വിസിമാർക്ക് ഈ വിധി വെല്ലുവിളിയാകാനാണ് സാധ്യത എന്നാണ് സേവ് യൂണിവേഴ്‌സിറ്റി കമ്മിറ്റിയുടെ വിലയിരുത്തൽ.

മുൻ ഗവർണർ ജഗദീപ് ധന്‍കറിന്‍റെ കാലത്ത് മമതാ ബാനർജി സർക്കാരുമായുള്ള ഏറ്റുമുട്ടലിനെ തുടർന്നാണ് വിസിമാരെ നിയമിക്കാനുള്ള അധികാരം പശ്ചിമ ബംഗാൾ സർക്കാർ ഏറ്റെടുത്തത്. എന്നാൽ 2018 ലെ യുജിസി റെഗുലേഷന് വിരുദ്ധമായി നടത്തിയ നിയമനങ്ങളാണ് ഇവ എന്ന് കണ്ടെത്തിയ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രകാശ് ശ്രീവാസ്‌തവയും ജസ്റ്റിസ് രാജശ്രീ ഭരദ്വാജും കൂടിയുള്ള ബെഞ്ചാണ് വിസി നിയമനങ്ങൾ റദ്ദ് ചെയ്‌തത്. യുജിസി റെഗുലേഷൻ അനുസരിച്ച് സംസ്ഥാന സർവകലാശാല നിയമനങ്ങൾ ഭേദഗതി ചെയ്യാനും കോടതി നിർദേശിച്ചു.

Also Read: സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനങ്ങള്‍ അസാധുവാക്കിയ ഗവര്‍ണറുടെ നടപടി ഹൈക്കോടതി റദ്ദാക്കി

കേരളത്തിലെ ചട്ട ലംഘന നിയമനം: കേരളത്തിൽ ഗവർണർ, സർക്കാർ പോര് തുടരുന്നതിൻ്റെ ഭാഗമായി സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ആയിരുന്ന ഡോക്‌ടർ എം എസ് രാജശ്രീയുടെ നിയമനം അസാധു ആക്കികൊണ്ടുള്ള സുപ്രീം കോടതി വിധി വന്നിരുന്നു. ഈ സാഹചര്യത്തില്‍ സമാനമായ രീതിയില്‍ സംസ്ഥാനത്ത് യുജിസി ചട്ടം ലംഘിച്ച് നിയമനം നേടിയ പത്ത് വിസിമാര്‍ക്ക് കാരണം കാണിക്കാന്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കഴിഞ്ഞ നവംബറില്‍ നോട്ടിസ് നല്‍കിയിരുന്നു. എന്നാൽ നോട്ടിസിന്മേൽ നടപടിയെടുക്കുന്നത് ഹൈക്കോടതി തടഞ്ഞു. ഹൈക്കോടതി നടപടിയെ തുടര്‍ന്ന് വിസിമാർ കഴിഞ്ഞ അഞ്ച് മാസമായി പദവിയിൽ തുടരുകയാണ്. ഈ കേസുകളെയെല്ലാം ബംഗാൾ ഹൈക്കോടതി വിധി സ്വാധീനിക്കുമെന്ന് സേവ് യൂണിവേഴ്‌സിറ്റി കമ്മിറ്റി ചൂണ്ടിക്കാണിക്കുന്നു.

ഗവർണർ നോട്ടിസ് നൽകിയവരിൽ മലയാളം, കേരള സർവകലാശാല വൈസ് ചാൻസലർമാർ കാലാവധി പൂർത്തിയാക്കി ഇതിനകം വിരമിച്ചു.
കുസാറ്റ്, എംജി സർവകലാശാല വൈസ് ചാൻസലർമാർ ഏപ്രിൽ മേയ് മാസങ്ങളിലായും വിരമിക്കും. കുഫോസ് വിസിയുടെ നിയമനം കേരള ഹൈക്കോടതി അസാധുവാക്കിയിരുന്നു. അതിനിടെയാണ് കാലിക്കറ്റ്, കുസാറ്റ്, എംജി, സംസ്‌കൃത സർവകലാശാലകളിലെ വൈസ് ചാൻസലർമാർക്ക് എതിരെയുള്ള ക്വോ വാറന്‍റോ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.

വിസിമാർ വിരമിച്ച സർവകലാശാലകളിൽ സ്ഥിരം വിസിമാരുടെ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റികളുടെ രൂപീകരണം സർക്കാർ ഗവർണർ അഭിപ്രായ വ്യത്യാസം മൂലം അനിശ്ചിതമായി നീളുകയാണ്. നിയമ സർവകലാശാലയിലും കലാമണ്ഡലത്തിലും വിസിമാർ ഒഴിഞ്ഞിട്ടും നിയമന നടപടികൾ ആരംഭിച്ചിട്ടില്ല. കോടതി വിധികൾ നീണ്ടു പോകുന്നത് കൊണ്ട് സർവകലാശാലകളുടെ ഭരണത്തിൽ അനിശ്ചിതത്വം തുടരുകയാണെന്നും സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.