ETV Bharat / state

കെടിയു വിസിയായി സജി ഗോപിനാഥ് തുടരുന്നത് നിയമവിരുദ്ധം, സർട്ടിഫിക്കറ്റുകൾ ഒപ്പുവച്ചാൽ നടപടി: സേവ് യൂണിവേഴ്‌സിറ്റി കാമ്പയിൻ കമ്മിറ്റി

author img

By

Published : May 5, 2023, 11:52 AM IST

നിയമപ്രകാരം മെയ്‌ നാല് മുതൽ വിസിയുടെ ചുമതലയിൽ തുടരാന്‍ സജി ഗോപിനാഥിന് അവകാശമില്ലെങ്കിലും ഗവർണറുടെ ഭാഗത്ത് തികഞ്ഞ നിസംഗതയാണ് എന്നാണ് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിൻ കമ്മിറ്റി ആരോപിക്കുന്നത്

Save University campaign Committee  KTU Temporary VC  KTU Temporary VC Saji Gopinath  KTU  കെടിയു വിസിയായി സജി ഗോപിനാഥ്  കെടിയു  കെടിയു വിസി  സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി  യുജിസി
കെടിയു

തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ താത്‌കാലിക വൈസ് ചാൻസലറായി ഡോ. സജി ഗോപിനാഥ് നിയമവിരുദ്ധമായി തുടരുന്നത് തടയണമെന്നും വിസി അധികാരം ഉപയോഗിച്ച് ഡിഗ്രി സർട്ടിഫിക്കറ്റുകൾ ഒപ്പുവച്ചാൽ നിയമ നടപടി സ്വീകരിക്കുമെന്ന് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിൻ കമ്മിറ്റി. യുജിസി ചട്ട പ്രകാരം സെർച്ച് കമ്മിറ്റി രൂപീകരിച്ച് സ്ഥിരം വിസിയെ നിയമിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി. വിസിയുടെ താത്‌കാലിക ചുമതല പരമാവധി ആറുമാസം വരെ മാത്രമേ പാടുള്ളുവെന്ന് സർവകലാശാല നിയമം വകുപ്പ് 13 (7)ൽ വ്യവസ്ഥ ചെയ്‌തിട്ടുണ്ട്.

ഇതനുസരിച്ച് 2022 നവംബർ നാലിന് ഡോ. സിസ തോമസിനെ താത്‌കാലിക വിസിയായി നിയമിച്ചിരുന്നു. 'മാർച്ച് 31ന് സിസ തോമസ് സർവീസിൽ നിന്നും വിരമിച്ചതിനെ തുടർന്നാണ് ഡിജിറ്റൽ സർവകലാശാല വിസിയായിരുന്ന ഡോ. സജി ഗോപിനാഥിന് സാങ്കേതിക സര്‍വകലാശാല വിസിയുടെ താത്‌കാലിക ചുമതല നൽകിയത്. അദ്ദേഹത്തിന് നിയമപ്രകാരം മെയ്‌ നാല് മുതൽ വിസിയുടെ ചുമതലയിൽ തുടരാന്‍ അവകാശമില്ലെങ്കിലും ഗവർണറുടെ ഭാഗത്ത് തികഞ്ഞ നിസംഗതയാണ്.

അദ്ദേഹം നിയമിച്ച ഡോ. സിസ തോമസിനെതിരെ സർക്കാർ അച്ചടക്ക നടപടി സ്വീകരിക്കുകയും അവരുടെ പെൻഷൻ ആനുകൂല്യങ്ങൾ തടഞ്ഞുവയ്ക്കുകയും ചെയ്‌തതിലുള്ള നീരസം പ്രകടമാണെന്ന് അറിയുന്നു. അതുകൊണ്ട് സാങ്കേതിക സര്‍വകലാശാലയിലെ നിലവിലെ പ്രതിസന്ധി സർക്കാർ തന്നെ പരിഹരിക്കട്ടെ എന്ന നിലപാടിലാണ് രാജ്ഭവൻ കേന്ദ്രങ്ങൾ. വിസി നാളെ മുതൽ ഒപ്പിടുന്ന ഡിഗ്രി സർട്ടിഫിക്കറ്റുകൾക്ക് നിയമപ്രകാരം യാതൊരു സാധുതയുമുണ്ടാകില്ല' -സേവ് യുണിവേഴ്‌സിറ്റി കാമ്പയിൻ കമ്മിറ്റി പറഞ്ഞു.

സാങ്കേതിക സർവകലാശാലയിൽ ചട്ട വിരുദ്ധമായി ആറ് സിൻഡിക്കേറ്റ് അംഗങ്ങൾ തുടരുന്നതുപോലെ വിസിയും തുടരുകയാണെങ്കിൽ അതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നൽകിയ നിവേദനത്തിൽ പറയുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.