ETV Bharat / state

സതീഷ് ബാബു പയ്യന്നൂര്‍ അന്തരിച്ചു

author img

By

Published : Nov 24, 2022, 5:03 PM IST

താമസിച്ചിരുന്ന തിരുവനന്തപുരം വഞ്ചിയൂരിലെ ഫ്‌ളാറ്റില്‍ വൈകിട്ട് നാലുമണിയോടെ സതീഷ് ബാബു പയ്യന്നൂരിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു

സതീഷ് ബാബു പയ്യന്നൂര്‍ അന്തരിച്ചു  സതീഷ് ബാബു പയ്യന്നൂര്‍  Satheesh Babau payyannur passes away  Satheesh Babau payyannur  Satheesh Babau payyannur death  സതീഷ് ബാബു
സതീഷ് ബാബു പയ്യന്നൂര്‍ അന്തരിച്ചു

തിരുവനന്തപുരം : പ്രമുഖ ചെറുകഥാകൃത്തും നോവലിസ്റ്റും സിനിമ പ്രവര്‍ത്തകനുമായ സതീഷ് ബാബു പയ്യന്നൂര്‍ (59)അന്തരിച്ചു. താമസിക്കുന്ന തിരുവനന്തപുരം വഞ്ചിയൂരിലെ ഫ്‌ളാറ്റില്‍ വൈകിട്ട് നാലുമണിയോടെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണ കാരണം വ്യക്തമല്ല.

ഭാര്യയും ബന്ധുക്കളും അദ്ദേഹത്തെ ഇന്നുരാവിലെ മുതല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും ലഭ്യമായിരുന്നില്ല. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയും അവരെത്തി ഫ്‌ളാറ്റിന്‍റെ വാതില്‍ തകര്‍ത്ത് അകത്തുപ്രവേശിക്കുകയുമായിരുന്നു. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

മലയാള കഥയിലെ സൗന്ദര്യ ബോധത്തെ നവീകരിച്ച കഥാകൃത്തായ സതീഷ്ബാബു പയ്യന്നൂര്‍, പാലക്കാട് പത്തിരിപ്പാലയില്‍ 1963ലാണ് ജനിച്ചത്. കാഞ്ഞങ്ങാട് നെഹ്‌റു കോളജിലും പയ്യന്നൂര്‍ കോളജിലും വിദ്യാഭ്യാസം നേടി. ശേഷം സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ ഉദ്യോഗസ്ഥനായി. രണ്ട് കഥാസമാഹാരങ്ങളും ഏഴ് നോവലുകളും രചിച്ചു.

2012ല്‍ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം അദ്ദേഹത്തിന്‍റെ കഥാസമാഹാരമായ 'പേരമര'ത്തിന് ലഭിച്ചു. കലികാല്‍, ദൈവപ്പുര, വൃശ്ചികം വന്ന് വിളിച്ചപ്പോള്‍ എന്നിവ പ്രധാന കൃതികളാണ്. 1985ലെ ചെറുകഥയ്ക്കുള്ള കാരൂര്‍ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

നിരവധി ടെലിവിഷന്‍ ചിത്രങ്ങളും ഡോക്യുമെന്‍ററികളും സംവിധാനം ചെയ്‌തു. കേരള ചലച്ചിത്ര അക്കാദമി അംഗമായും സര്‍ക്കാര്‍ സാംസ്‌കാരിക സ്ഥാപനമായ ഭാരത് ഭവന്‍റെ ഡയറക്‌ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.