തിരുവനന്തപുരം : ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍. പ്രതിദിന ദര്‍ശനത്തിനായി പ്രവേശിപ്പിക്കുന്ന ഭക്തരുടെ എണ്ണം 90,000 ആയി നിജപ്പെടുത്തും. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.
തീര്‍ഥാടകര്‍ക്ക് തൃപ്‌തികരമായി ദര്‍ശനം നടത്തി മടങ്ങുന്നതിനാണ് ഇത്തരമൊരു ക്രമീകരണം ഏര്‍പ്പെടുത്തുന്നത്. ദര്‍ശന സമയം ഒരു മണിക്കൂര്‍ കൂടി വര്‍ധിപ്പിക്കും. നിലയ്‌ക്കലില്‍ പാര്‍ക്കിങ്ങിന് കൂടുതല്‍ സൗകര്യം ഒരുക്കാനും യോഗത്തില്‍ തീരുമാനമായി. സുരക്ഷാപ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പൊലീസിനും നിര്‍ദേശം നല്‍കി.
ശബരിമലയുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ ദേവസ്വം മന്ത്രി കൂടി പങ്കെടുത്ത് ആഴ്‌ചതോറും ഉന്നതതല യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശബരിമലയില്‍ വന്‍ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. ദിവസം ഒരു ലക്ഷത്തിന് മുകളില്‍ ഭക്തര്‍ ദര്‍ശനത്തിനായി എത്തിയിരുന്നു.
ഇന്നും ദര്‍ശനത്തിനായി ഒരു ലക്ഷത്തിന് മുകളില്‍ ഭക്തര്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. ഭക്തജന തിരക്ക് വര്‍ധിച്ചതോടെ മണിക്കൂറുകളാണ് തീര്‍ഥാടകര്‍ ദര്‍ശനത്തിനായി ക്യൂ നില്‍ക്കുന്നത്. ഒരു മിനിട്ടില്‍ 60 പേരില്‍ കൂടുതല്‍ പതിനെട്ടാം പടി കയറിവരുന്നത് തിരക്ക് നിയന്ത്രിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് പൊലീസും അറിയിച്ചിരുന്നു.
പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് ഭക്തര്‍ക്ക് പ്രവേശനം ഘട്ടം ഘട്ടമായാണ് നല്‍കുന്നത്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി തന്നെ വിഷയത്തില്‍ ഇടപെട്ട് ഉന്നതതലയോഗം വിളിച്ചത്.