തിരുവനന്തപുരം: അതിഥി തൊഴിലാളികളുടെ ക്രിമിനൽ പശ്ചാത്തലം റിക്രൂട്ട് ചെയ്യുന്നവർ അറിഞ്ഞിരിക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ. ഇക്കാര്യത്തിൽ ധാരണയുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. ആർക്കുവേണമെങ്കിലും ഏജൻ്റായി സ്വയം പ്രഖ്യാപിച്ച് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാമെന്ന അവസ്ഥയാണ്.
ഏജൻ്റുമാർക്ക് ലൈസൻസ് ഏർപ്പെടുത്തുന്ന കാര്യം സർക്കാർ ആലോചിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് തൊഴിലാളികൾ എന്ന വ്യാജേന കൊടുംകുറ്റവാളികൾ വ്യാജ തിരിച്ചറിയൽ കാർഡുമായി സംസ്ഥാനത്ത് എത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാന ആഭ്യന്തര വകുപ്പ് നൽകിയ വിവരങ്ങൾ അനുസരിച്ച്, ആലപ്പുഴ ജില്ലയിലെ വെണ്മണി പൊലീസ് സ്റ്റേഷനിലും കാസർകോട് ജില്ലയിലെ ചന്ദ്ര പൊലീസ് സ്റ്റേഷനിലുമായി ഇത്തരത്തിൽ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മന്ത്രിസഭയെ അറിയിച്ചു. പൊലീസിനെതിരായ ആക്രമണത്തിൽ 225 കിറ്റെക്‌സ് തൊഴിലാളികൾക്കെതിരെ കേസെടുത്തു. ഇതിൽ 116 പേർക്ക് ജാമ്യം ലഭിച്ചിട്ടുണ്ട്.
also read:കെ റെയിലില്‍ അടിയന്തര പ്രമേയ ചർച്ചയ്ക്ക് തയ്യാറായി സർക്കാർ; ചർച്ച ഉച്ചയ്ക്ക്
ക്രിമിനൽ പശ്ചാത്തലമുള്ള അതിഥി തൊഴിലാളികളുടെ വിവരം ആഭ്യന്തരവകുപ്പിൻ്റെ പരിധിയിലാണെന്നും മന്ത്രി വ്യക്തമാക്കി. സർക്കാർ എന്തൊക്കെ ചെയ്തിട്ടും അതിഥി തൊഴിലാളികൾ ഏജൻ്റുമാരുടെ പിടിയിലാണ്. തൊഴിലാളികളെ ആഴ്ചയിലൊരു ദിവസമേ ഒരുമിച്ചു ചേർക്കാനാവൂ.
ഇവരെ ബോധവത്കരിക്കുന്നതിന് ഭാഷാപരമായ പ്രശ്നങ്ങളുണ്ട്. ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കും. സംസ്ഥാനത്ത് 5,13,359 അതിഥി തൊഴിലാളികൾക്ക് ആവാസ് കാർഡ് വിതരണം ചെയ്തു. 58,888 പേർ കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷനും വിവരശേഖരണവും നടക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.