ETV Bharat / state

റേഷന്‍ വിതരണ മുടക്കം: മെയ് 2ന് കോണ്‍ഗ്രസ് കരിദിനമാചരിക്കുമെന്ന് കെ സുധാകരന്‍

author img

By

Published : Apr 28, 2023, 8:03 PM IST

സാങ്കേതിക പിഴവിന്‍റെ പേരില്‍ കുറച്ച് ദിവസങ്ങളായി റേഷന്‍ വിതരണം നിര്‍ത്തിവച്ചത് പാവപ്പട്ടവരോട് കാട്ടുന്ന ക്രൂരതയെന്ന് കെ സുധാകരന്‍.

ration distribution disruption  congress against ration distribution disruption  റേഷന്‍ വിതരണ മുടക്കം  കോണ്‍ഗ്രസ്  കെ സുധാകരന്‍  k sudhakaran
റേഷന്‍ വിതരണ മുടക്കം; മെയ് 2-ന് കോണ്‍ഗ്രസ് കരിദിനമാചരിക്കുമെന്ന് കെ സുധാകരന്‍

തിരുവനന്തപുരം: അടിക്കടി ഉണ്ടാകുന്ന സെര്‍വര്‍ തകരാര്‍ പരിഹരിക്കാതെ റേഷന്‍ വിതരണം തടസപ്പെടുത്തി സാധാരണക്കാരന്‍റെ അന്നം മുടക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് മെയ് രണ്ടിന് കോണ്‍ഗ്രസ് കരിദിനം ആചരിക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി. കറുത്ത ബാഡ്‌ജ് ധരിച്ചും കറുത്ത കൊടികള്‍ പിടിച്ചും റേഷന്‍ കടകള്‍ക്ക് മുന്നില്‍ കാര്‍ഡ് ഉടമകളെ അണിനിരത്തിയാണ് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കുകയെന്നും അദ്ദേഹം അറിയിച്ചു.

റേഷന്‍ വിതരണം പുനഃസ്ഥാപിക്കുന്നതില്‍ സര്‍ക്കാര്‍ കാട്ടുന്നത് കുറ്റകരമായ അനാസ്ഥയാണ്. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണേണ്ട സര്‍ക്കാര്‍ നിഷ്‌ക്രിയമാണ്. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന സാധാരണക്കാരന്‍റെ ആശ്രയ കേന്ദ്രമാണ് പൊതുവിതരണ സംവിധാനം.

സാങ്കേതിക പിഴവിന്‍റെ പേരില്‍ കുറച്ച് ദിവസങ്ങളായി റേഷന്‍ വിതരണം നിര്‍ത്തിവച്ചിരിക്കുകയാണ്. ഇത് പാവപ്പട്ടവരോട് കാട്ടുന്ന ക്രൂരതയാണ്. ഇ-പോസ് (ഇലക്ട്രോണിക് പോയിന്‍റ്‌സ് ഓഫ് സെയില്‍സ്) യന്ത്രത്തിന്‍റെയും അത് നിയന്ത്രിക്കുന്ന സെര്‍വറിന്‍റെയും തകരാറ് പരിഹരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ തുടര്‍ച്ചയായി ദയനീയ പരാജയമാണ്.

പ്രധാന സെര്‍വര്‍ കേന്ദ്ര സര്‍ക്കാരിന് കീഴിലെ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്‍ററിന്‍റെ (എന്‍ഐസി) മേല്‍നോട്ടത്തില്‍ ഹൈദരാബാദിലും മറ്റൊരു സെര്‍വര്‍ കേരളത്തില്‍ തിരുവനന്തപുരം ഐടി വകുപ്പിന് കീഴില്‍ സംസ്ഥാന ഡേറ്റാ സെന്‍ററിലുമാണ്. ഇരുവരും ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയര്‍ തമ്മിലുള്ള പൊരുത്തമില്ലായ്‌മയാണ് സെര്‍വറിന്‍റെ പ്രവര്‍ത്തനം താറുമാറാകാന്‍ കാരണം.

ഈ പ്രശ്‌നം പരിഹരിക്കുന്നതിന് ഉത്തരവാദപ്പെട്ട കേന്ദ്ര ഏജന്‍സിയും സംസ്ഥാന ഭക്ഷ്യവകുപ്പും പരസ്‌പരം പഴിചാരി സാധാരണക്കാരെ കൊടിയ ദുരിതത്തിലേക്ക് തള്ളിവിടുകയാണെന്നും സുധാകരന്‍ പറഞ്ഞു.

പ്രശ്‌നം പരിഹരിക്കാന്‍ റേഷന്‍ കടകള്‍ക്ക് അവധി: അതേസമയം സെര്‍വര്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഇന്നും ഇന്നലെയും റേഷൻ കടകൾക്ക് അവധി നല്‍കിയിരുന്നു. ഓതന്‍റിക്കേഷന്‍ യൂസര്‍ ഏജന്‍സി (AUA), ഓതന്‍റിക്കേഷന്‍ സര്‍വീസ് ഏജന്‍സി (ASA), ആധാര്‍ (UIDAI) എന്നീ സെർവറുകളിലെ തകരാർ പരിഹരിക്കുന്നതിന്‍റെ ഭാഗമായാണ് റേഷൻകടകൾക്ക് അവധി പ്രഖ്യാപിച്ചതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആർ അനിലിന്‍റെ ഓഫിസ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു.

നിലവിലെ സെർവറുകളിൽ സൂക്ഷിച്ചിരിക്കുന്ന ഡാറ്റ സെർവറുകളിലെ പ്രശ്‌നം പരിഹരിക്കുന്നതിന് ക്ലൗഡ് സ്‌റ്റോറേജിലേക്ക് മാറ്റേണ്ടതുണ്ട്. നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്‍ററിന്‍റെ (NIC) നിർദേശപ്രകാരം ഡാറ്റാ മൈഗ്രേഷന് രണ്ട് ദിവസത്തെ സമയം ആവശ്യമായി വരുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്തെ റേഷൻ കടകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നതെന്നും പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിലിന്‍റെ ഓഫിസ് വ്യക്കമാക്കിയിരുന്നു.

റേഷന്‍ വിതരണം മെയ്‌ അഞ്ച് വരെ നീട്ടി: സംസ്ഥാനത്തെ റേഷന്‍ കടകള്‍ക്ക് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ ഏപ്രില്‍ മാസത്തെ റേഷന്‍ വിതരണം മെയ് അഞ്ച് വരെ നീട്ടിയതായും പൊതുവിതരണ വകുപ്പ് വ്യക്തമാക്കിയിരുന്നു.

സെർവർ തകരാറിനെ തുടര്‍ന്ന് റേഷന്‍ വിതരണം തടസപ്പെട്ട സാഹചര്യം വിലയിരുത്തുന്നതിനായി മന്ത്രി ജി ആര്‍ അനിലിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെയും ബന്ധപ്പെട്ട ഏജന്‍സികളുടെയും യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായത്.

ALSO READ: 'സഹ താരങ്ങളുടെ ന്യായമായ പ്രതിഷേധങ്ങളെ ഇകഴ്‌ത്തുന്നത് ശരിയല്ല'; പി ടി ഉഷയ്‌ക്ക് മറുപടിയുമായി ശശി തരൂർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.