ETV Bharat / state

Ramesh Chennithala Against Veena George: കൈക്കൂലി ആരോപണം; 'സ്റ്റാഫിനെ ന്യായീകരിച്ച ആരോഗ്യമന്ത്രിയുടെ നടപടി ദുരൂഹം': രമേശ്‌ ചെന്നിത്തല

author img

By ETV Bharat Kerala Team

Published : Sep 28, 2023, 11:06 AM IST

Updated : Sep 28, 2023, 1:59 PM IST

Health Minister Bribery Case: ആരോഗ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ടുണ്ടായ കൈക്കൂലി ആരോപണത്തില്‍ പ്രതികരിച്ച് രമേശ്‌ ചെന്നിത്തല. ആരോഗ്യമന്ത്രി തന്‍റെ സ്റ്റാഫിനെ വെള്ളപൂശാന്‍ ശ്രമിച്ചു. വിഷയത്തില്‍ പൊലീസ് ഇരുട്ടില്‍ തപ്പുകയാണെന്നും കുറ്റപ്പെടുത്തല്‍.

Ramesh Chennithala Against Veena George  കൈക്കൂലി ആരോപണം  ആരോഗ്യമന്ത്രിയുടെ നടപടി ദുരൂഹം  Ramesh Chennithala Against Veena George  Bribery Allegation  Health Minister Bribery Case  ആരോഗ്യമന്ത്രി  രമേശ്‌ ചെന്നിത്തല  Veena George
Ramesh Chennithala Against Veena George On Bribery Allegation

തിരുവനന്തപുരം : ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജിന്‍റെ ഓഫിസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല. ആരോപണ വിധേയനായ പേഴ്‌സണല്‍ സ്റ്റാഫിന്‍റെ പരാതി വാങ്ങി പൊലീസിന് നല്‍കിയ ശേഷം സ്റ്റാഫിനെ ന്യായീകരിച്ച ആരോഗ്യ മന്ത്രിയുടെ നടപടി ദുരൂഹവും പ്രഹസനവുമെന്ന് കുറ്റപ്പെടുത്തല്‍. മലപ്പുറം സ്വദേശി നല്‍കിയ പരാതി പൊലീസിന് നല്‍കാതെ മുക്കിയ ശേഷം ആരോപണ വിധേയന്‍ നല്‍കിയ പരാതി മാത്രം പൊലീസിന് നല്‍കിയ മന്ത്രി ആദ്യം ചെയ്‌തത് തന്‍റെ സ്റ്റാഫിനെ വെള്ളപൂശുന്നതായിരുന്നു.

ഇതോടെ വെട്ടിലായ പൊലീസ് എന്ത് ചെയ്യണമെന്ന് അറിയാതെ ഇരുട്ടില്‍ തപ്പുകയാണ്. ഈ സാഹചര്യത്തില്‍ അന്വേഷണം പ്രഹസമാകുമെന്ന കാര്യം ഉറപ്പാണ്. മന്ത്രിക്കും ഓഫിസിനും എന്തൊക്കെയോ ഒളിക്കാനുണ്ട്. ഈ സംഭവത്തില്‍ അടിമുടി ദുരൂഹത നിലനില്‍ക്കുകയാണെന്നും പൊലീസ് അന്വേഷണം വഴിപാട് ആകുമെന്ന കാര്യം വ്യക്തമാണെന്നും ചെന്നിത്തല പറഞ്ഞു.

പരാതിക്കാരന്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത് വിട്ടതോടെ മന്ത്രിയുടെ ഓഫിസ് കൂടുതല്‍ സമ്മര്‍ദത്തില്‍ ആയിരിക്കുകയാണ്. യഥാര്‍ഥ വസ്‌തുതകള്‍ പുറത്ത് കൊണ്ട് വരണമെങ്കില്‍ ഉന്നതതല അന്വേഷണം വേണം. മന്ത്രി ഇന്നലെ നടത്തിയ അപക്വമായ പ്രസ്‌താവന തിരുത്തുകയും തന്‍റെ പേഴ്‌സണല്‍ സ്റ്റാഫിനെ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ പുറത്ത് നിര്‍ത്തുകയുമാണ് ചെയ്യേണ്ടിയിരുന്നത്. അതിനുപകരം സ്വന്തം സ്റ്റാഫിനെ വെള്ളപൂശിയത് ഒട്ടും ശരിയായ നടപടിയല്ല. അഴിമതിയില്‍ മുങ്ങി നില്‍ക്കുന്ന സര്‍ക്കാറില്‍ ഇതിനപ്പുറവും നടക്കുമെന്ന് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ഡോക്‌ടര്‍ നിയമന വാഗ്‌ദാനവും വിവാദങ്ങളും: ഇന്നലെയാണ് (സെപ്‌റ്റംബര്‍ 27) ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്‍റെ പേഴ്‌സണല്‍ സ്റ്റാഫായ അഖില്‍ മാത്യുവിനെതിരെ പരാതി ഉയര്‍ന്നത്. മരുമകള്‍ക്ക് എന്‍എച്ച്എം ഡോക്‌ടര്‍ നിയമനം വാഗ്‌ദാനം ചെയ്‌ത് പണം തട്ടിയെന്നാണ് മലപ്പുറം സ്വദേശി ഹരിദാസന്‍റെ പരാതി. സംഭവത്തില്‍ പത്തനംതിട്ട സിഐടിയു മുന്‍ ജില്ല ഓഫിസ് സെക്രട്ടറി അഖില്‍ സജീവ് ഇടനിലക്കാരനായിരുന്നു എന്നും പറയുന്നു.

താത്‌കാലിക നിയമനത്തിനായി 5 ലക്ഷം രൂപയും സ്ഥിര നിയമനത്തിനായുള്ള 10 ലക്ഷം രൂപയും അടക്കം 15 ലക്ഷം രൂപ നല്‍കിയിട്ടുണ്ടെന്നാണ് ഹരിദാസന്‍ പറയുന്നത്. ഭരണം മാറും മുമ്പ് നിയമനം സ്ഥിരപ്പെടുമെന്ന് ഇരുവരും ഉറപ്പ് നല്‍കിയിരുന്നതായും ഹരിദാസന്‍ ആരോപിക്കുന്നു. വിഷയത്തില്‍ ആരോഗ്യ വകുപ്പിനും മന്ത്രി വീണ ജോര്‍ജിനും പരാതി നല്‍കിയിട്ടും നടപടിയില്ലെന്ന് ശിവദാസന്‍ ആരോപിച്ചു.

Last Updated : Sep 28, 2023, 1:59 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.