ETV Bharat / state

ഇപി ജയരാജനെതിരായ ആരോപണം : മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും പ്രതികരിക്കാത്തത് ദുരൂഹമെന്ന് രമേശ് ചെന്നിത്തല

author img

By

Published : Dec 29, 2022, 6:25 PM IST

ഇപി ജയരാജനെതിരായ ഗുരുതര ആരോപണങ്ങൾ പുറത്തുവന്നിട്ടും മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ഒരക്ഷരം പ്രതികരിക്കാത്തത് ജീര്‍ണതയാണ് വെളിവാക്കുന്നതെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം  Ramesh chennithala  pinarayi vijayan  MV Govindan  chennithala against pinarayi and mv govindan  രമേശ് ചെന്നിത്തല  മുഖ്യമന്ത്രി  പാര്‍ട്ടി സെക്രട്ടറി  പ്രതികരിക്കാതെ മുഖ്യമന്ത്രി  എല്‍ഡിഎഫ്  സിപിഎം  എല്‍ഡിഎഫ് കണ്‍വീനർ  പിണറായി വിജയന്‍
രമേശ് ചെന്നിത്തല

തിരുവനന്തപുരം : ഇപി ജയരാജനെതിരായ ഗുരുതര ആരോപണങ്ങള്‍ പുറത്തുവന്ന് ഒരാഴ്‌ച പിന്നിട്ടിട്ടും മുഖ്യമന്ത്രിയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും പ്രതികരിക്കാത്തത് ദുരൂഹമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പരാതി തേച്ചുമായ്ച്ച് കളയാനാണ് ഉദ്ദേശ്യമെങ്കില്‍ അതിന് വലിയ വില നല്‍കേണ്ടി വരും. അഴിമതിയില്‍ മുങ്ങിക്കുളിച്ചുനില്‍ക്കുന്ന പിണറായി ഇപിക്കെതിരായ പരാതി ഇത്രയും കാലം കൈയില്‍വച്ചുകൊണ്ടിരുന്നുവെന്നത് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്‌ചയാണെന്നും ചെന്നിത്തല പറഞ്ഞു.

സിപിഎമ്മിന്‍റെ മുതിര്‍ന്ന നേതാവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇപി ജയരാജന്‍ ഒന്നാം പിണറായി സര്‍ക്കാരിലെ രണ്ടാമനും മുഖ്യമന്ത്രിയുടെ സന്തത സഹചാരിയുമാണ്. എന്നിട്ട് ഇത്രയും ദിവസം കഴിഞ്ഞിട്ടും അതിനെപ്പറ്റി ഒരക്ഷരം പറയാന്‍ കഴിയാത്തത് പാര്‍ട്ടിയുടെയും സര്‍ക്കാരിന്‍റെയും ജീര്‍ണത വെളിവാക്കുന്നതാണെന്നും ചെന്നിത്തല പറഞ്ഞു.

ഒന്നാം പിണറായി സര്‍ക്കാരിന്‍റെ അഴിമതികള്‍ ഏറെയും മുഖ്യമന്ത്രിയും അന്ന് മന്ത്രിയായിരുന്ന ഇപി ജയരാജനും അറിഞ്ഞുകൊണ്ടുതന്നെയായിരുന്നു. അതിനാലാണ് ഇപിക്കെതിരെ ഇത്ര കടുത്ത ആരോപണം ഉയര്‍ന്നിട്ടും പിണറായി വിജയന്‍ മൗനം പാലിക്കുന്നത്. ഇപിക്കെതിരെ പി ജയരാജന്‍ പാര്‍ട്ടി യോഗത്തില്‍ ഉന്നയിച്ച സാമ്പത്തികാരോപണം സംബന്ധിച്ച വസ്‌തുതകള്‍ തുറന്നുപറയാതെ മുഖ്യമന്ത്രിക്ക് അധികനാള്‍ മുന്നോട്ടുപോകാനാവില്ല.

പിണറായി സര്‍ക്കാരിന്‍റെ അഴിമതിയും കെടുകാര്യസ്ഥതയും അതിന്‍റെ മൂര്‍ധന്യത്തിലെത്തിയിരിക്കുകയാണ്. മുഖ്യമന്ത്രിയും ഓഫിസും സ്വര്‍ണക്കടത്ത് കേസില്‍ സംശയത്തിന്‍റെ നിഴലിലായ ശേഷം അഴിമതിക്കെതിരായ നടപടികള്‍ വെറും ജലരേഖയായി മാറിയിരിക്കുകയാണ്. അതിന്‍റെ തുടര്‍ച്ചയാണ് ഇപിക്കെതിരായ ഗുരുതര ആരോപണത്തിന്‍റെ മേല്‍ യാതൊരു നടപടിയുമില്ലാതെ മുഖ്യമന്ത്രി ഇരുട്ടില്‍ തപ്പുന്നത്. ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.