ETV Bharat / state

എസ്എഫ്ഐ പ്രതിഷേധം; നിലപാട് കടുപ്പിച്ച് രാജ്‌ഭവന്‍, സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടും

author img

By ETV Bharat Kerala Team

Published : Dec 12, 2023, 2:31 PM IST

SFI Protest Against Governor  SFI Black Flag Protest  Kerala Raj Bhavan On SFI Protest  Raj Bhavan On SFI Protest  Raj Bhavan SFI Arif Mohammed Khan  എസ്എഫ്ഐ കരിങ്കൊടി പ്രതിഷേധം  കേരള രാജ്‌ഭവന്‍ എസ്എഫ്ഐ പ്രതിഷേധം  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എസ്എഫ്ഐ  കേരള രാജ്‌ഭവന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍  എസ്എഫ്ഐ പ്രതിഷേധം റിപ്പോര്‍ട്ട് തേടി രാജ്‌ ഭവന്‍
SFI Protest Against Governor

SFI Protest Against Governor: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരായ എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം. ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് രാജ്ഭവന്‍.

തിരുവനന്തപുരം: എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ ഔദ്യോഗിക വാഹനത്തിന്‍റെ ഗ്ലാസില്‍ ഇടിക്കുകയും ഗവര്‍ണറെ കരിങ്കെടി കാണിക്കുകയും ചെയ്‌ത സംഭവത്തില്‍ പൊലീസിന് ഗുരുതര വീഴ്‌ച പറ്റിയെന്ന വിലയിരുത്തലില്‍ രാജ്‌ഭവന്‍ (SFI Black Flag Protest Against Governor Arif Mohammed Khan). ഗവര്‍ണറുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തുന്ന നിലയില്‍ വാഹനം തടയുകയും അപായപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്‌തിട്ടും എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ല എന്ന കാര്യം ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറിക്കും സംസ്ഥാന പൊലീസ് മേധാവിക്കും കത്ത് നല്‍കാന്‍ രാജ്‌ഭവന്‍ തീരുമാനിച്ചു (Raj Bhavan On SFI Protest Against Governor ). നിലവില്‍ ഡല്‍ഹിയിലുള്ള ഗവര്‍ണര്‍ ഇത് സംബന്ധിച്ച നിര്‍ദേശം രാജ്‌ഭവനിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നല്‍കി.

സംഭവം നടക്കുന്നതിനിടെ പ്രതിഷേധക്കാരെ ഫലപ്രദമായി തടയുന്നതിനും ഗവര്‍ണര്‍ക്ക് കൃത്യമായ സുരക്ഷ ഒരുക്കുന്നതിനും പൊലീസ് ഗുരുതര വീഴ്‌ച വരുത്തിയെന്ന വിലയിരുത്തിലാണ് രാജ്ഭവന്‍. മാത്രമല്ല, പ്രതിഷേധക്കാരെ പിടികൂടുന്നതിന് പകരം അവരെ സുരക്ഷിതമായി വാഹനങ്ങളില്‍ കയറ്റി അയയ്ക്കാന്‍ പൊലീസ് ശ്രമിച്ചതിനെയും രാജ്ഭവന്‍ ഗൗരവമായാണ് എടുത്തിരിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന സുരക്ഷ ലഭിക്കേണ്ട ഭരണത്തലവന്‍റെ യാത്ര തടസപ്പെടുത്താന്‍ പൊലീസ് തന്നെ ഒത്താശ ചെയ്‌തുവെന്ന ആക്ഷേപമാണ് ഗവര്‍ണര്‍ ഉന്നയിക്കുന്നത്.

സംഭവത്തില്‍ നിലവില്‍ പൊലീസ് കസ്റ്റഡിയിലുള്ളത് 18 പേരാണ്. ഇവരില്‍ 11 പേര്‍ക്കെതിരെ ഉദ്യോഗസ്ഥരുടെ കൃത്യ നിര്‍വ്വഹണം തടസപ്പെടുത്തിയതിന് ഐപിസി 353 എന്ന ദുര്‍ബല വകുപ്പാണ് ചുമത്തിയിരിക്കുന്നത്. ഇതിന് പകരമായി വിവിഐപികളുടെ യാത്ര തടസപ്പെടുത്തുകയും അവരുടെ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുകയും ചെയ്യുന്നതിന് ചുമത്തേണ്ട ഐപിസി 124 വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും രാജ്‌ഭവന്‍ ആവശ്യപ്പേട്ടേക്കും.

ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാകും ചീഫ് സെക്രട്ടറിക്കും പൊലീസ് മേധാവിക്കും കത്ത് നല്‍കുക. ഇരുവരുടെയും വിശദീകരണത്തിന്‍റെ അടിസ്ഥാനത്തില്‍ തുടര്‍നടപടിയുമായി മുന്നോട്ട് പോകാനാണ് രാജ്ഭവന്‍റെ തീരുമാനം.

മുഖ്യമന്ത്രിയും സംസ്ഥാന മന്ത്രിമാരും നടത്തുന്ന നവകേരള സദസിനിടെ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടുന്നതിന് അറസ്റ്റിലാകുന്നവര്‍ക്കെതിരെ ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് തനിക്കെതിരെ ആക്രമണം നടത്തിയവര്‍ക്കെതിരെ പൊലീസ് നിസാര വകുപ്പുകള്‍ ചുമത്തിയിരിക്കുന്നതെന്ന് ഡല്‍ഹിയില്‍ മാധ്യമങ്ങളെ കണ്ട ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. നിലവില്‍ രാജ്യതലസ്ഥാനത്തുള്ള അദ്ദേഹം കഴിഞ്ഞ ദിവസത്തെ സംഭവങ്ങള്‍ കേന്ദ്ര മന്ത്രിമാരെ നേരില്‍ കണ്ട് അറിയിക്കുമെന്ന് സൂചനകളുണ്ട്.

ഇതിന് മുന്‍പായി കേന്ദ്ര മന്ത്രി വി മുരളീധരനുമായി അദ്ദേഹം കൂടിക്കാഴ്‌ച നടത്തിയിരുന്നു. വിഷയത്തില്‍ സംസ്ഥാനത്തിന്‍റെ നടപടികള്‍ സൂക്ഷ്‌മമായി നിരീക്ഷിക്കാനാണ് രാജ്‌ഭവന്‍റെ തീരുമാനം. നടപടികള്‍ തൃപ്തികരമല്ലെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടേക്കും. ഈ സാഹചര്യത്തില്‍ കരിങ്കൊടി പ്രതിഷേധം നടത്തിയവര്‍ക്കെതിരെ ചുമത്തിയ നിസാര വകുപ്പുകള്‍ പൊലീസ് പുനഃപരിശോധിച്ചേക്കുമെന്നും സൂചനയുണ്ട്.

Also Read : അക്രമം നടത്തിയിട്ടില്ല, ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധം ശക്തമാക്കും: എസ്എഫ്‌ഐ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.