ETV Bharat / state

Accident | പൊന്‍മുടിയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞു ; യാത്രക്കാരെ രക്ഷപ്പെടുത്തി

author img

By

Published : Jun 18, 2023, 11:34 AM IST

Updated : Jun 18, 2023, 2:56 PM IST

ഇന്ന് രാവിലെ 9 മണിക്കായിരുന്നു അപകടം. വിതുര-പൊന്‍മുടി റോഡില്‍ 22-ാം വളവില്‍ വച്ചാണ് കാര്‍ കൊക്കയിലേക്ക് പതിച്ചത്. ആരുടെയും പരിക്കുകള്‍ ഗുരുതരമല്ല

Ponmudi Car accident  Car accident  Accident  പൊന്‍മുടിയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞു  കാര്‍ കൊക്കയിലേക്ക് മറിഞ്ഞു  വിതുര  പൊന്‍മുടി
Ponmudi Car accident

തിരുവനന്തപുരം : പൊന്മുടിയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. വിതുരയില്‍ നിന്ന് പൊന്മുടിയിലേക്ക് പോകുന്ന റോഡില്‍ 22-ാം വളവിലായിരുന്നു അപകടം. ഫോറസ്റ്റ് ഓഫിസിന് സമീപത്തുവച്ചാണ് കാര്‍ കൊക്കയിലേക്ക് മറിഞ്ഞത്. കൊല്ലം അഞ്ചല്‍ സ്വദേശികളായ നവ്‌ജ്യോദ്, ആദില്‍, അമല്‍, ഗോകുല്‍ എന്നീ നാല് പേരാണ് കാറില്‍ സഞ്ചരിച്ചിരുന്നത്. നാലുപേരെയും രക്ഷപ്പെടുത്തി.

രാവിലെ 9 മണിയോടെയാണ് അപകടമുണ്ടായത്. കാര്‍ മറിഞ്ഞപ്പോഴുണ്ടായ വലിയ ശബ്‌ദം കേട്ട് ഫോറസ്റ്റ് ഓഫിസില്‍ നിന്നെത്തിയ ഉദ്യോഗസ്ഥരാണ് ഫയര്‍ ഫോഴ്‌സിനെയും പൊലീസിനെയും വിവരം അറിയിച്ചത്.

രാവിലെ പൊന്മുടിയില്‍ നിന്ന് തിരികെ വരുന്നതിനിടെയാണ് യുവാക്കള്‍ സഞ്ചരിച്ചിരുന്ന വാഹനം കൊക്കയിലേക്ക് മറിഞ്ഞത്. പ്രധാന റോഡില്‍ നിന്ന് ഏകദേശം കാല്‍കിലോമീറ്ററോളം ആഴത്തിലേക്ക് വാഹനം മറിഞ്ഞതായാണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. അപകടത്തില്‍പ്പെട്ട സ്ഥലത്തേക്ക് കയര്‍ കെട്ടിയിറങ്ങിയാണ് രക്ഷാപ്രവര്‍ത്തകര്‍ എത്തിയത്.

അപകടത്തില്‍പ്പെട്ടവരില്‍ മൂന്ന് പേരെ രാവിലെ 11.30 യോടെ തന്നെ വാഹനത്തിന് പുറത്ത് എത്തിച്ചിരുന്നു. ഒരാളുടെ കാല് വാഹനത്തില്‍ കുടുങ്ങി കിടന്നതിനാല്‍ പുറത്ത് എത്തിക്കാനായില്ല. വാഹനത്തിന് പുറത്ത് എത്തിച്ചിരുന്നുവെങ്കിലും പ്രധാനറോഡിലേക്ക് ഇവരെ എത്തിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ ഏറെ പണിപ്പെട്ടിരുന്നു.

അപകടത്തില്‍പ്പെട്ടവരുടെ കൈകാലുകളും ശരീരവും സ്ട്രക്‌ചറിനോട് ചേര്‍ത്ത് കെട്ടിയ ശേഷം ഏറെ ശ്രമകരമായാണ് പ്രധാന റോഡിലെ അംബുലന്‍സിലേക്ക് എത്തിച്ചത്. അപകടം നടന്ന സ്ഥലത്തേക്ക് റോഡ് മാര്‍ഗം ഇല്ലാത്തതിനാല്‍ കാട്ടിനുള്ളിലൂടെ ഏറെ സഞ്ചരിച്ചാണ് വാഹനം മറിഞ്ഞുകിടന്ന സ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ എത്തിച്ചേര്‍ന്നത്. ഇടയ്‌ക്കിടെയുള്ള മഴയും കനത്ത മൂടല്‍ മഞ്ഞും രക്ഷാപ്രവര്‍ത്തനത്തിന് വലിയ വെല്ലുവിളിയായിരുന്നു.

Also Read: CCTV Visual: അമിതവേഗതയിലെത്തിയ ബസ് 60കാരനെ ഇടിച്ചുതെറിപ്പിച്ചു; വയോധികന്‍റെ നില ഗുരുതരം

കാറില്‍ നിന്ന് രക്ഷപ്പെടുത്തിയ നാല് പേരെയും വിതുര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റും. അപകടത്തില്‍പ്പെട്ടവരില്‍ ഒരാളുടെ കാലിലെ എല്ലിന് പൊട്ടലുള്ളതായാണ് വിവരം. കൊല്ലത്തുനിന്ന് ഇന്നലെയാണ് ഇവര്‍ തിരുവനന്തപുരത്ത് എത്തിയത്.

പൊന്മുടിയില്‍ വിനോദ സഞ്ചാരത്തിന് ശേഷം തിരികെ വരുന്നതിനിടെ നിയന്ത്രണം വിട്ട് വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു. നിലവില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം കൊക്കയില്‍ നിന്ന് പുറത്തെടുക്കാനുള്ള ശ്രമത്തിലാണ് ഫയര്‍ഫോഴ്‌സ്. വിതുര ഫയര്‍സ്‌റ്റേഷന്‍ ഉദ്യോഗസ്ഥരും പൊന്മുടി ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്നാണ് സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

Also Read: Train Accident | കൊല്ലത്ത് സ്‌കൂള്‍ വിദ്യാര്‍ഥികൾ ട്രെയിൻ തട്ടി മരിച്ചനിലയിൽ

അതേസമയം അപകടത്തിന്‍റെ കാരണം വ്യക്തമല്ല. വാഹനത്തിന്‍റെ ബ്രേക്ക് നഷ്‌ടപ്പെട്ടതാകാമെന്നാണ് പ്രാഥമിക വിലയിരുത്തലെങ്കിലും ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇനിയും ശേഖരിക്കേണ്ടതുണ്ട്. അപകട സ്ഥലത്തുനിന്ന് വാഹനം കെട്ടി വലിച്ചാണ് ഇപ്പോള്‍ പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതിന് ശേഷമാകും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ വാഹനം പരിശോധിക്കുക. എന്നാല്‍ മാത്രമേ അപകട കാരണം വ്യക്തമാവുകയുള്ളൂ.

Last Updated : Jun 18, 2023, 2:56 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.