പൊന്മുടിയില്‍ കാര്‍ താഴ്‌ചയിലേക്ക് പതിച്ച് വിനോദ സഞ്ചാരികള്‍ക്ക് പരിക്ക്

പൊന്മുടിയില് കാര്‍ താഴ്‌ചയിലേക്ക് പതിച്ച് വിനോദ സഞ്ചാരികള്‍ക്ക് പരിക്ക്
ഇന്ന് വൈകിട്ട് 5.15 ന് പൊന്‍മുടി 12-ാം വളവിലാണ് അപകടം. നെടുമങ്ങാട് നിന്നും കരമനയില്‍ നിന്നുമായി വിനോദ സഞ്ചാരത്തിനെത്തിയ സംഘത്തിന്‍റെ സ്വിഫ്‌റ്റ് കാര്‍ ആണ് നിയന്ത്രണം നഷ്‌ടപ്പെട്ട് 20 അടി താഴ്‌ചയിലേക്ക് മറിഞ്ഞത്
തിരുവനന്തപുരം: പൊന്മുടിയിൽ കാർ താഴ്‌ചയിലേക്ക് മറിഞ്ഞ് അഞ്ച് പേർക്ക് പരിക്ക്. 20 അടി താഴ്‌ചയിലേക്കാണ് കാര്‍ മറിഞ്ഞത്. പൊൻമുടി 12-ാം വളവിൽ വൈകിട്ട് 5.15 നായിരുന്നു അപകടം.
നിയന്ത്രണം നഷ്‌ടപ്പെട്ട സ്വിഫ്‌റ്റ് കാര്‍ താഴ്‌ചയിലേക്ക് തലകീഴായി മറിയുകയായിരുന്നു. അഞ്ച് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. നെടുമങ്ങാട് സ്വദേശി ലളിതമ്മ (70) കരമന സ്വദേശികളായ അനീഷ് (38). ആശ (36), ലത (58). വിജയമോഹനൻ നായർ (65) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.
വിനോദ സഞ്ചാരം കഴിഞ്ഞ് മടങ്ങി വരുമ്പോഴായിരുന്നു അപകടം. അപകടത്തിന് ശേഷം ഏറെ നേരം താഴ്‌ചയില്‍ തന്നെ കിടന്ന കാറില്‍ നിന്നും പരിക്കേറ്റവരെ പൊൻമുടി പൊലീസും വിതുര ഫയർ ഫോഴ്‌സും വിനോദ സഞ്ചാരികളും ചേർന്നാണ് രക്ഷപ്പെടുത്തിയത്. ഇവരെ ആദ്യം വിതുര താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.
രണ്ടു പേർക്ക് തലയ്ക്ക് പരിക്കുണ്ട്. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച ഇവർ ഇപ്പോൾ പ്രാഥമിക ചികിത്സകൾക്ക് ശേഷം നിരീക്ഷണത്തിലാണ്. ഇന്ന് അവധി ആയതിനാൽ പൊന്മുടിയിൽ നല്ല തിരക്ക് ഉണ്ടായിരുന്നു. അപകടത്തിൽ പൊന്മുടി പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.
