ETV Bharat / state

Plus one trial allotment | പ്ലസ് വൺ പ്രവേശനം : ട്രയൽ അലോട്ട്‌മെന്‍റ് നാളെ

author img

By

Published : Jun 12, 2023, 9:45 PM IST

Updated : Jun 12, 2023, 10:59 PM IST

പ്ലസ് വൺ ഏക ജാലകം വഴി അപേക്ഷ നൽകിയതിൽ പിഴവുകൾ ഉണ്ടെങ്കിൽ തിരുത്താൻ വിദ്യാർഥികൾക്ക് നാളെ ട്രയൽ അലോട്ട്‌മെന്‍റ് പ്രസിദ്ധീകരണത്തിനൊപ്പം അവസരം

Plus one trial allotment  Plus one trial allotment result  Plus one admission  sports quota  പ്ലസ് വൺ പ്രവേശനം  ട്രയൽ അലോട്‌മെന്‍റ്  പ്ലസ് വൺ സീറ്റ്  സ്‌പോർട്‌സ് ക്വാട്ട  പ്ലസ് വൺ ഏക ജാലകം
പ്ലസ് വൺ പ്രവേശനം

തിരുവനന്തപുരം : പ്ലസ് വൺ ഏക ജാലക പ്രവേശനത്തിനായുള്ള ട്രയൽ അലോട്ട്‌മെന്‍റ് നാളെ പ്രസിദ്ധീകരിക്കും. വിദ്യാർഥികൾക്ക് അപേക്ഷാ സമയത്ത് ലഭിച്ച യൂസർ നെയിമും പാസ്‌വേർഡും ഉപയോഗിച്ച് ലോഗ് ഇൻ ചെയ്‌ത് റിസൾട്ട് പരിശോധിക്കാവുന്നതാണ്. അപേക്ഷ നൽകുമ്പോൾ എന്തെങ്കിലും പിഴവ് വന്നിട്ടുണ്ടെങ്കിൽ തിരുത്താനുള്ള അവസാന അവസരം കൂടിയാണിത്.

www.admission.dge.kerala.gov.in എന്ന വെബ്‌സൈറ്റിൽ click for higher secondary admission എന്ന ലിങ്കിലൂടെ റിസൾട്ട്‌ അറിയാം. Edit Application എന്ന ലിങ്ക് വഴി അപേക്ഷ എഡിറ്റ്‌ ചെയ്യാം. ജൂൺ 15 ന് വൈകുന്നേരം അഞ്ച് മണി വരെ അപേക്ഷകർക്ക് ട്രയൽ അലോട്ട്‌മെന്‍റ് ലിസ്റ്റ് പരിശോധിക്കാം. തിരുത്തലുകൾ പരിശോധിച്ച് ജൂൺ 19ന് ആദ്യ അലോട്ട്‌മെന്‍റ് പ്രസിദ്ധീകരിക്കും.

തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തിയ അപേക്ഷകൾ തള്ളപ്പെടും. ട്രയൽ അലോട്ട്‌മെന്‍റ് പരിശോധിക്കുന്നതിനും അപേക്ഷാ സമർപ്പണത്തിനും സമീപത്തുള്ള സർക്കാർ എയ്‌ഡഡ് ഹയർ സെക്കൻഡറി സ്‌കൂളുകളിൽ ഹെൽപ്പ് ഡെസ്‌ക്കുകൾ വിദ്യാഭ്യാസ വകുപ്പിന്‍റെ നിർദേശാനുസരണം ഒരുക്കിയിട്ടുണ്ട്. 4,58,773 അപേക്ഷകളാണ് സംസ്ഥാനത്ത് ഇത്തവണ പ്ലസ് വൺ പ്രവേശനത്തിനായി ലഭിച്ചിരിക്കുന്നത്.

Plus one trial allotment  Plus one trial allotment result  Plus one admission  sports quota  പ്ലസ് വൺ പ്രവേശനം  ട്രയൽ അലോട്‌മെന്‍റ്  പ്ലസ് വൺ സീറ്റ്  സ്‌പോർട്‌സ് ക്വാട്ട  പ്ലസ് വൺ ഏക ജാലകം
സീറ്റ് നില

എയ്‌ഡഡ്, സർക്കാർ സ്‌കൂളുകളിലായി 3,70,590 സീറ്റുകളാണ് നിലവിൽ സംസ്ഥാനത്തുള്ളത്. വിവിധ വിഭാഗങ്ങൾക്കായി സർക്കാർ, എയ്‌ഡഡ്, അൺ എയ്‌ഡഡ് സ്‌കൂളുകളിലെ സംവരണ സീറ്റുകളുടെ വിശദാംശങ്ങൾ സർക്കാർ പ്രസിദ്ധീകരിച്ചിരുന്നു. സർക്കാർ സ്‌കൂളിൽ ഓപ്പൺ മെറിറ്റിന് പുറമെ മറ്റ് പിന്നോക്ക വിഭാഗങ്ങൾക്കും സംവരണം ഉണ്ട്.

സംവരണങ്ങൾ : എയ്‌ഡഡ് സ്‌കൂളുകളിൽ 20 ശതമാനം മാനേജ്‌മെന്‍റ് ക്വാട്ട സംവരണവും ന്യൂനപക്ഷ എയ്‌ഡഡ് സമുദായ സ്‌കൂളുകളിൽ മാനേജ്‌മെന്‍റ് ക്വാട്ടയ്‌ക്ക് പുറമെ കമ്മ്യൂണിറ്റി ക്വാട്ട പ്രകാരം 20 ശതമാനം സംവരണവും അധികം ലഭിക്കും. അംഗീകൃത അൺ എയ്‌ഡഡ് സ്‌കൂളിൽ 40 ശതമാനം ഓപ്പൺ മെറിറ്റും 40 ശതമാനം മാനേജ്‌മെന്‍റ് ക്വാട്ടയുമാണ്. എല്ലാ സ്‌കൂളിലും പട്ടിക ജാതിക്കാർക്ക് 12 ശതമാനവും പട്ടിക വർഗക്കാർക്ക് എട്ട് ശതമാനവും സംവരണം ഉണ്ട്.

മുഖ്യഘട്ടത്തിലെ മൂന്ന് അലോട്ട്‌മെന്‍റുകളിലൂടെ ഭൂരിഭാഗം സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കി ജൂലൈ അഞ്ചിന് തന്നെ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ തീരുമാനം. മുഖ്യഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷകൾ ക്ഷണിച്ച് സപ്ലിമെന്‍ററി അലോട്ട്‌മെന്‍റുകളിലൂടെ (Supplementary Allotment) ശേഷിക്കുന്ന ഒഴിവുകൾ നികത്തി ഓഗസ്‌റ്റ് നാലോടെ പ്രവേശന നടപടികൾ അവസാനിപ്പിക്കും.

ജില്ലകളിൽ നിന്നുള്ള അപേക്ഷകൾ : മലപ്പുറം ജില്ലയിൽ നിന്നാണ് ഏറ്റവും കൂടുതൽ പ്ലസ് വൺ അപേക്ഷ (80764) വന്നിരിക്കുന്നത്. ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതുകയും ഫുൾ എ പ്ലസ് നേടുകയും ചെയ്‌തിരിക്കുന്നത് മലപ്പുറം ജില്ലയിലാണ്. തൊട്ടുപിന്നാലെ ഏറ്റവും കൂടുതൽ അപേക്ഷ സമർപ്പിക്കപ്പെട്ടിട്ടുള്ളത് കോഴിക്കോട് (47064) ജില്ലയിലാണ്. കൂടുതൽ വിദ്യാർഥികൾ എസ്‌എസ്എൽസി പരീക്ഷ വിജയിച്ച കണ്ണൂരിൽ 36871 വിദ്യാർഥികളാണ് പ്ലസ് വണ്ണിലേക്ക് അപേക്ഷ നൽകിയത്.

കാസര്‍കോട് (19406), വയനാട് (12004), ഇടുക്കി (12641), പത്തനംതിട്ട (13985) എന്നിവിടങ്ങളിലാണ് അപേക്ഷകർ കുറവ്. ജൂൺ രണ്ട് മുതൽ ഒമ്പത് വരെയാണ് അപേക്ഷ സമർപ്പണത്തിനായുള്ള സമയം.

Plus one trial allotment  Plus one trial allotment result  Plus one admission  sports quota  പ്ലസ് വൺ പ്രവേശനം  ട്രയൽ അലോട്‌മെന്‍റ്  പ്ലസ് വൺ സീറ്റ്  സ്‌പോർട്‌സ് ക്വാട്ട  പ്ലസ് വൺ ഏക ജാലകം
സ്‌പോർട്‌സ് ക്വാട്ട പ്രവേശനം

സ്‌പോർട്‌സ് ക്വാട്ടയിലേക്ക് അപേക്ഷ 15 വരെ : മെറിറ്റ് ക്വാട്ടയിൽ ഏക ജാലക സംവിധാനത്തിൽ അപേക്ഷ നൽകിയിട്ടുണ്ടെങ്കിലും സ്‌പോർട്‌സ് ക്വാട്ടയിലേക്ക് മുഖ്യഘട്ട അലോട്ട്‌മെന്‍റില്‍ അപേക്ഷിക്കണം. ജൂൺ 19നാണ് ഈ ക്വോട്ടയിലെ ആദ്യ അലോട്ട്‌മെന്‍റ്. സപ്ലിമെന്‍ററി ഘട്ടത്തിൽ സ്‌പോർട്‌സ് മികവ് രജിസ്‌ട്രേഷനും വെരിഫിക്കേഷനുമായി ജൂലൈ മൂന്നിനും നാലിനും അവസരമുണ്ട്. ജൂലൈ ആറിനാണ് സപ്ലിമെന്‍ററി അലോട്ട്‌മെന്‍റ്. ജൂലൈ ഏഴിനാണ് സ്‌പോർട്‌സ് ക്വാട്ടയിലെ അവസാന പ്രവേശന ദിവസം. അതിനുശേഷം ഉള്ള ഒഴിവുകൾ പൊതു മെറിറ്റ് സീറ്റായി മാറും.

പ്ലസ് വൺ ബാച്ചുകൾ ഷിഫ്‌റ്റ് ചെയ്‌ത് ഉത്തരവ് : സംസ്ഥാനത്തെ സർക്കാർ ഹയർസെക്കൻഡറി സ്‌കൂളിൽ വിദ്യാർഥികളില്ലാത്ത പ്ലസ് വൺ ബാച്ചുകൾ ഷിഫ്‌റ്റ് ചെയ്‌ത് ഉത്തരവായി. പുതിയ ഹയർസെക്കൻഡറി ബാച്ചുകൾ തുടങ്ങാൻ ആഴ്‌ചകൾ മാത്രം ബാക്കി നിൽക്കെയാണ് പ്ലസ് വൺ സീറ്റിന്‍റെ പ്രതിസന്ധി മാറ്റാൻ സർക്കാറിന്‍റെ പുതിയ നടപടി. നേരത്തെ 30 ശതമാനം സീറ്റ് വർധനവിന് അനുമതി നൽകിയിരുന്നെങ്കിലും വിദ്യാർഥികളെ ക്ലാസ് മുറികളിൽ കുത്തിനിറയ്‌ക്കുന്നതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു.

പിന്നാലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന പ്രത്യേക യോഗത്തിൽ ബാച്ചുകൾ പുനക്രമീകരിക്കുന്നതിനെ സംബന്ധിച്ച് ചർച്ചയും നടന്നിരുന്നു. തുടർന്ന് വിദ്യാഭ്യാസ മന്ത്രി ഇന്ന് കോഴിക്കോട് വച്ച് മലപ്പുറം ജില്ലയിലേക്ക് 14 അധിക ബാച്ചുകൾ അനുവദിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇത് സംബന്ധിച്ചാണ് ഉത്തരവ് വന്നത്.

ബാച്ചുകൾ ഷിഫ്‌റ്റ് ചെയ്‌ത സ്‌കൂളുകൾ : പത്തനാപുരം ഇടത്തറ മുഹമ്മദൻ ഗവൺമെന്‍റ് എച്ച്‌എസ്‌എസിലെയും, വൈക്കം ഗവൺമെന്‍റ് ബോയ്‌സ്‌ എച്ച്‌എസ്‌എസിലെയും ഹിസ്റ്ററി, എക്കണോമിക്‌സ്‌, പൊളിറ്റിക്കൽ സയൻസ്, ജിയോഗ്രഫി എന്നിവയിലെ ഓരോ ബാച്ചുകൾ വീതമാണ് ഷിഫ്‌റ്റ് ചെയ്യുന്നത്. ഇവ ഷിഫ്‌റ്റ് ചെയ്യുമ്പോൾ ഹ്യൂമാനിറ്റീസ് കോമ്പിനേഷൻ ഹിസ്റ്ററി എക്കണോമിക്‌സ്‌, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി എന്നിവയായാണ് അനുവദിച്ചിരിക്കുന്നത്. ആദ്യ അലോട്ട്‌മെന്‍റിന് മുൻപ് പ്രതിസന്ധി ചെറിയ രീതിയിൽ എങ്കിലും പരിഹരിക്കുക എന്നതിന്‍റെ അടിസ്ഥാനത്തിലാണ് ബാച്ചുകളുടെ പുനഃക്രമീകരണം.

Plus one trial allotment  Plus one trial allotment result  Plus one admission  sports quota  പ്ലസ് വൺ പ്രവേശനം  ട്രയൽ അലോട്‌മെന്‍റ്  പ്ലസ് വൺ സീറ്റ്  സ്‌പോർട്‌സ് ക്വാട്ട  പ്ലസ് വൺ ഏക ജാലകം
ബാച്ച് ഷിഫ്‌റ്റ് ഉത്തരവ്

അധിക സീറ്റുകൾ അനുവദിച്ച് വിദ്യാഭ്യാസ വകുപ്പ് : നേരത്തെ ഏഴ് ജില്ലകളിൽ സർക്കാർ ഹയർസെക്കന്‍ഡറി സ്‌കൂളുകളില്‍ 30 ശതമാനവും എയ്‌ഡഡ് ഹയർസെക്കന്‍ഡറി സ്‌കൂളുകളില്‍ 20 ശതമാനവും മാർജിനൽ സീറ്റ് വർധനവിനും താൽക്കാലികമായി അനുവദിച്ച 81 ബാച്ച് തുടരുന്നതിനും അനുമതി നൽകിയിരുന്നു. ഇതിനുപുറമേയാണ് പുതിയ 14 ബാച്ചുകൾ കൂടി അനുവദിച്ച് ഉത്തരവായിരിക്കുന്നത്. മലബാർ മേഖലയിൽ അണ്‍ എയ്‌ഡഡ് സ്‌കൂളിലെ സീറ്റുകള്‍ ഉള്‍പ്പടെ ആകെയുളളത് 1,66,200 പ്ലസ് വണ്‍ സീറ്റുകളാണ്.

വിഎച്ച്‌എസ്‌ഇ, ഐടിഐ, പോളിടെക്‌നിക് എന്നിവ കൂടി പരിഗണിച്ചാല്‍ സീറ്റുകളുടെ എണ്ണം 1,91,350 ആണ്. എന്നാൽ മലബാർ മേഖലയായ പാലക്കാട് മുതല്‍ കാസർകോട് വരെയുള്ള ജില്ലകളില്‍ ഇത്തവണ എസ്‌എസ്എല്‍സി പാസായത് 2,25,702 വിദ്യാർഥികളാണ്. അതായത് 34,352 വിദ്യാർഥികളുടെ പ്ലസ് വൺ പ്രവേശനം ആശങ്കയിലാണ്.

ഹയർസെക്കൻഡറി പ്രവേശനത്തിനുള്ള അപേക്ഷകളിൽ, കൂടുതൽ വിദ്യാർഥികൾ എ പ്ലസ് നേടിയ മലപ്പുറം ജില്ലയിൽ 687 അധിക ബാച്ചുകളാണ് ആവശ്യം. ആയതിനാൽ ഇപ്പോൾ അനുവദിച്ച ബാച്ചുകൾ മലബാറിലെ പ്ലസ് വൺ സീറ്റ്‌ പ്രതിസന്ധിക്ക് ചെറിയതോതിൽ മാത്രമേ ആശ്വാസമാവുകയുള്ളൂ.

Last Updated : Jun 12, 2023, 10:59 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.