ETV Bharat / state

'പ്ലസ് വൺ അധിക ബാച്ച് അനുവദിക്കില്ല'; നിലപാട് ആവര്‍ത്തിച്ച് മന്ത്രി, സഭയില്‍ ബഹളം

author img

By

Published : Oct 4, 2021, 12:42 PM IST

Plus one extra batch  Plus one  പ്ലസ് വൺ അധിക ബാച്ച്  മന്ത്രി ശിവന്‍കുട്ടി  V Sivankutty  വി ശിവന്‍കുട്ടി  Minister V Sivankutty  Plus one extra batch will not be allowed
'സംസ്ഥാനത്ത് പ്ലസ് വൺ അധിക ബാച്ച് അനുവദിക്കില്ല'; നിലപാട് ആവര്‍ത്തിച്ച് മന്ത്രി, സഭയില്‍ ബഹളം

പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയത്തിന് മറുപടിയായാണ് പ്ലസ് വൺ അധിക ബാച്ച് അനുവദിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കിയത്.

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ ബാച്ചുകൾ അനുവദിക്കില്ലെന്ന് ആവർത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വിദ്യാർഥികൾക്ക് പ്ലസ് വൺ സീറ്റ് നിഷേധിക്കപ്പെടുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. പ്ലസ് വൺ പ്രവേശനത്തിന് 20 ശതമാനം സീറ്റുകൾ വർധിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

മലബാർ മേഖലയിലും തെക്കൻ ജില്ലകളിലും അധിക സീറ്റ് നൽകി. എന്നാൽ അധിക ബാച്ച് അനുവദിക്കാനാവില്ല. ഒക്ടോബർ 20ന് ശേഷം മാത്രമേ സീറ്റുകളുടെ കൃത്യമായ വിവരം അറിയാൻ കഴിയു. ഉപരിപഠനം ആഗ്രഹിക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും പ്രവേശനം നൽകണമെന്നാണ് സർക്കാർ നിലപാടെന്നും ശിവൻകുട്ടി പറഞ്ഞു.

'മന്ത്രിയുടെ മറുപടി കളവായി പരിഗണിക്കേണ്ടിവരും'

അതേസമയം വിദ്യാഭ്യാസമന്ത്രി പറയുന്ന സീറ്റ് വർധനവ് ഫലപ്രദമല്ലെന്ന് അടിയന്തര പ്രമേയം അവതരിപ്പിച്ച ഷാഫി പറമ്പിൽ എം.എൽ.എ പറഞ്ഞു. ശാസ്ത്രീയമായി പഠനം നടത്തി സീറ്റുകൾ വർധിപ്പിക്കണം. അധികമുള്ള സീറ്റുകൾ ക്രമവത്ക്കരിക്കണം. പ്രവേശനത്തിന്‍റെ തോതല്ല, മറിച്ച് അപേക്ഷകരുടെ എണ്ണമനുസരിച്ച് സീറ്റുകളുടെ കണക്കെടുക്കണമെന്നും എം.എൽ.എ പറഞ്ഞു.
എന്നാൽ ഷാഫി പറമ്പിൽ ഉന്നയിച്ച കണക്കുകളിൽ പിശകെന്ന് വിദ്യാഭ്യാസ മന്ത്രി തിരിച്ചടിച്ചു.

അലോട്ട്മെന്‍റ് പൂർത്തിയാക്കുമ്പോൾ മലപ്പുറം ജില്ലയിൽ 1160 സീറ്റുകളുടെ കുറവും കോഴിക്കോട് 416 സീറ്റുകളുടെ കുറവുമാണ് ഉണ്ടാകുന്നതെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. മലബാറിലെ ആറ് ജില്ലകളിൽ പ്രശ്‌നം രൂക്ഷമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞു. മന്ത്രി പറഞ്ഞകണക്കുകളിൽ പ്രസക്തിയില്ല. മന്ത്രിയുടെ മറുപടി കളവായി പരിഗണിക്കേണ്ടിവരുമെന്നും സതീശൻ പറഞ്ഞു.

ALSO READ: ഹരിത വിവാദം നിയമസഭയിൽ; പ്രതിപക്ഷം ബഹളം, വീഴ്‌ചകൾ തിരുത്തണമെന്ന് മുഖ്യമന്ത്രി

വാക്കൗട്ട് പ്രസംഗത്തിനിടെ പ്രതിപക്ഷ നേതാവ് വിദ്യാഭ്യാസ മന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിച്ചുവെന്ന ആരോപണത്തിൽ അല്‍പസമയം നിയമസഭയിൽ ബഹളമുയർന്നു. ശിവൻകുട്ടിയെ വിദ്യാഭ്യാസ മന്ത്രിയാക്കിയ മുഖ്യമന്ത്രിയ്ക്ക്‌ പ്രണാമം എന്ന പരാമർശമാണ് ബഹളത്തിനിടയാക്കി. ഇക്കാര്യം പരിശോധിക്കുമെന്ന് സ്‌പീക്കർ എം.ബി രാജേഷ് പറഞ്ഞു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.