ETV Bharat / state

പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ രോഗിയുടെ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

author img

By

Published : Dec 31, 2022, 12:47 PM IST

Updated : Dec 31, 2022, 12:59 PM IST

നവംബര്‍ 30നാണ് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ രോഗിയായ സ്‌മിത കുമാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

smitha kumari  smitha kumari death case  peroorkada mental hospital  crime branch  സ്‌മിത കുമാരി  സ്‌മിത കുമാരി മരണം  പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രം  പേരൂര്‍ക്കട  സ്‌മിത കുമാരിയുടെ മരണം
SMITHA KUMARI DEATH CASE

തിരുവനന്തപുരം: പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ രോഗിയുടെ മരണം സംബന്ധിച്ച അന്വേഷണം ജില്ല ക്രൈംബ്രാഞ്ചിന് കൈമാറി. കൊല്ലം ശൂരനാട് സ്വദേശി സ്‌മിത കുമാരിയെ നവംബര്‍ 30നാണ് മാനസികാരോഗ്യ കേന്ദ്രത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തലയ്‌ക്കേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണമെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ട്.

ഇതിന്‍റെ അടിസ്ഥാനത്തിലാണ് മരണം കൊലപാതകമാകാനുള്ള സാധ്യത കണക്കിലെടുത്ത് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. തലയിലേറ്റ മുറിവ് കൂടാതെ ശരീരത്തില്‍ എട്ടോളം മുറിവുകള്‍ ഏറ്റിരുന്നതായും മര്‍ദനമേറ്റതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഫോറന്‍സിക് വിദഗ്‌ധര്‍ സ്‌മിത കുമാരിയെ പാര്‍പ്പിച്ചിരുന്ന സെല്ലിലടക്കം പരിശോധന നടത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.

മാനസികവിഭ്രാന്തിയില്‍ സെല്ലില്‍ തല കൊണ്ടിടിക്കുക, ഉരുണ്ട കമ്പികൊണ്ട് അടിയേല്‍ക്കുക എന്നീ കാരണങ്ങള്‍ കൊണ്ടാകും സ്‌മിത കുമാരി മരണപ്പെട്ടതെന്ന നിഗമനത്തിലാണ് ഫോറന്‍സിക് സംഘം. കേസില്‍ ഒരു മാസമായി പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ഇതില്‍ കൃത്യമായ വ്യക്തത ലഭിക്കാത്തത് കൊണ്ടാണ് കേസന്വേഷണം ജില്ല ക്രൈംബ്രാഞ്ചിന് കൈമാറിയത്.

അതേസമയം സ്‌മിത കുമാരിയുടെ ശരീരത്തിലെ മുറിവുകള്‍ ആശുപത്രിയിലെത്തിയ ശേഷമുണ്ടായതെന്നാണ് ബന്ധുക്കളുടെ മൊഴി. ഇതിന്‍റെ അടിസ്ഥാനത്തില്‍ ജീവനക്കാരെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. ഡ്യൂട്ടിയിലുണ്ടായിരുന്ന 23 ജീവനക്കാരുടെ ഫോണ്‍ കോളുകളടക്കം അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

ഇതിനായി ഇവരുടെ മൊബൈല്‍ ഫോണുകള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇത് കൂടാതെ സ്‌മിത കുമാരിക്കൊപ്പം ചികിത്സയിലായിരുന്ന ആളും ക്രൈംബ്രാഞ്ചിന്‍റെ നിരീക്ഷണത്തിലാണ്. ചികിത്സാവേളയില്‍ ഇവരുമായി സ്‌മിത തര്‍ക്കമുണ്ടായിരുന്നതായാണ് വിവരം.

Last Updated : Dec 31, 2022, 12:59 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.