ETV Bharat / state

'പ്രതിഷേധങ്ങൾ അടിച്ചൊതുക്കി പ്രധാനമന്ത്രിയെയും ബിജെപിയെയും സന്തോഷിപ്പിക്കാന്‍ പിണറായി വിജയന്‍ ശ്രമിക്കുന്നു'; വി ഡി സതീശന്‍

author img

By

Published : Mar 27, 2023, 9:06 PM IST

പ്രതിഷേധങ്ങളെയും ചോദ്യങ്ങളെയും ഭയപ്പെടുന്ന മോദിയുടെ അതേ ഫാസിസ്‌റ്റ് രീതിയാണ് കേരള സര്‍ക്കാരും മുഖ്യമന്ത്രിയും പിന്തുടരുന്നതെന്നും വി ഡി സതീശൻ ആരോപിച്ചു.

opposition leader  v d satheeshan  pinarayi vijayan  shafi parambil  v d satheeshan against cm  protest against rahul gandhi issue  rahul gandhi issue  narendra modi  ബിജെപി  പിണറായി വിജയന്‍  വി ഡി സതീശന്‍  മോദിയുടെ അതേ ഫാസിസ്‌റ്റ് രീതി  പ്രതിഷേധത്തെ അടിച്ചൊതുക്കുന്നു  ഷാഫി പറമ്പില്‍  പൊലീസ്  രാഹുല്‍ ഗാന്ധി  തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
'പ്രതിഷേധങ്ങളെ അടിച്ചൊതുക്കി പ്രധാനമന്ത്രിയെയും ബിജെപിയെയും സന്തോഷിപ്പിക്കാന്‍ പിണറായി വിജയന്‍ ശ്രമിക്കുന്നു'; വി ഡി സതീശന്‍

തിരുവനന്തപുരം: കോണ്‍ഗ്രസിന്‍റെയും യുഡിഎഫിന്‍റെയും പ്രതിഷേധങ്ങളെ അടിച്ചൊതുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും സന്തോഷിപ്പിക്കാനാണ് ആഭ്യന്തരവകുപ്പിന്‍റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പ്രതിഷേധങ്ങളെയും ചോദ്യങ്ങളെയും ഭയപ്പെടുന്ന മോദിയുടെ അതേ ഫാസിസ്‌റ്റ് രീതിയാണ് കേരള സര്‍ക്കാരും മുഖ്യമന്ത്രിയും പിന്തുടരുന്നതെന്നും സതീശൻ പ്രസ്‌താവനയിൽ പറഞ്ഞു. രാഹുല്‍ ഗാന്ധിയെ എം പി സ്ഥാനത്തുനിന്നും അയോഗ്യനാക്കി ലോക്‌സഭ സെക്രട്ടേറിയറ്റ് വിജ്ഞാപനമിറക്കിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് രാജ്ഭവനിലേക്കും കണ്ണൂർ ഡിസിസി ഓഫീസിലേക്കും നടത്തിയ മാർച്ചിൽ പ്രവർത്തകരെ പൊലീസ് മർദിച്ച സംഭവത്തിലാണ് വിഡി സതീശന്‍റെ പ്രതികരണം.

കേരള പൊലീസിനെ ഉപയോഗിച്ച് സംഘപരിവാര്‍ ക്വട്ടേഷന്‍ നടപ്പാക്കി പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താമെന്നത് വ്യാമോഹം മാത്രമാണെന്നും ഈ ഇരട്ടത്താപ്പ് ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും വിഡി സതീശൻ പറഞ്ഞു. നരേന്ദ്ര മോദിക്കും സംഘപരിവാറിനും എതിരെ പ്രതിഷേധിക്കുമ്പോള്‍ കേരള പൊലീസിന് ഇത്രയും ഹാലിളകുന്നത് എന്തിനാണ്?. സർക്കാരിന്‍റെ അറിവോടെയാണ് പ്രതിഷേധിക്കുന്നവരെ ആക്രമിക്കാന്‍ പൊലീസ് ശ്രമിക്കുന്നതെന്ന് പ്രതിക്ഷ നേതാവ് ആരോപിച്ചു.

പ്രതിഷേധം അടിച്ചൊതുക്കുന്നു: കഴിഞ്ഞ ദിവസം രാജ്ഭവനിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ തല പൊലീസ് അടിച്ചുപൊളിച്ചു. കണ്ണൂർ ഡിസിസി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ ഡി.സി.സി അധ്യക്ഷന്‍ മാര്‍ട്ടിന്‍ ജോര്‍ജും സജീവ് ജോസഫ് എം.എല്‍.എയും ഉള്‍പെടെയുള്ളവരെ പൊലീസ് മർദിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയും മന്ത്രിമാരും രാഹുൽ ഗാന്ധിയെ പിന്തുണച്ച് ഫേസ്ബുക്ക് കുറിപ്പുകൾ ഇടുമ്പോഴും ബിജെപി-സംഘപരിവാര്‍ ഭരണകൂടത്തിനെതിരായ പ്രതിഷേധത്തെ അടിച്ചൊതുക്കുകയാണ്.

എന്തുകൊണ്ടാണ് കേരളത്തിൽ മോദിക്കും സംഘപരിവാറിനുമെതിരായ ഒരു പ്രതിഷേധങ്ങളും അനുവദിക്കില്ലെന്ന നിലപാട് മുഖ്യമന്ത്രിയും എൽഡിഎഫ് സർക്കാരും സ്വീകരിക്കുന്നതെന്ന് വിഡി സതീശന്‍ ചോദിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ രാജ്ഭവനിലേക്ക് നടത്തിയ മാർച്ചിൽ പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കിയും ലാത്തിചാർജും പ്രയോഗിച്ചിരുന്നു. രാത്രി എട്ട് മണിയോടെ ആരംഭിച്ച മാർച്ചാണ് വൻ സംഘർഷത്തിൽ കലാശിച്ചത്.

പ്രവർത്തകരെ പിന്നീട് പൊലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കുകയായിരുന്നു. പൊലീസ് മർദനത്തിൽ എട്ടിലധികം പ്രവർത്തകർക്ക് പരിക്ക് സംഭവിച്ചതായും യൂത്ത് കോൺഗ്രസ് ആരോപിച്ചു. പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് പ്രവർത്തകർ തള്ളിമാറ്റാൻ ശ്രമിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്.

പ്രതികരിച്ച് ഷാഫി പറമ്പില്‍: രാഹുൽഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ സംസ്ഥാനത്ത് നടക്കുന്ന യൂത്ത് കോൺഗ്രസ് പ്രതിഷേധങ്ങളെ ഉത്തർപ്രദേശ് പൊലീസിനെ പോലെയാണ് കേരള പൊലീസ് നേരിടുന്നതെന്ന ആക്ഷേപവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിലും പിന്നീട് രംഗത്തെത്തി. പൊലീസിന്‍റെ അതിക്രമങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു. പൊലീസ് നടത്തിയ ആക്രമണങ്ങളുടെ ചിത്രങ്ങൾ ഉൾപെടെ മാധ്യമ പ്രവർത്തകരെ കാണിച്ചുകൊണ്ടായിരുന്നു ഷാഫി പറമ്പിലിന്‍റെ വാർത്ത സമ്മേളനം.

'രാജ്യവ്യാപകമായി പ്രതിഷേധം നടക്കുന്നുണ്ടെങ്കിലും ഇത്തരത്തിൽ അടിച്ചമർത്തൽ കേരളത്തിൽ മാത്രമാണ് നടക്കുന്നത്. ആർഎസ്എസിന്‍റെ കാവിക്കെതിരെ സമരം നടത്തുമ്പോൾ പൊലീസിന്‍റെ കാക്കിക്ക് പൊള്ളുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല. ഒരു പ്രകോപനവും ഇല്ലാതെയാണ് പ്രവർത്തകരെ വളഞ്ഞിട്ട് തലയടിച്ചു പൊട്ടിച്ചത്.

സമൂഹ മാധ്യമങ്ങളിൽ രാഹുൽ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രി പൊലീസിന്‍റെ പ്രവർത്തനം വിലയിരുത്തണം. കാവി ധരിച്ച ആർഎസ്എസുകാരെ പോലെയാണ് യൂത്ത് കോൺഗ്രസുകാരെ പൊലീസ് ആക്രമിച്ചത്. ആരുടെ നിർദേശം അനുസരിച്ചാണ് ഈ അതിക്രമം എന്നതിന് മുഖ്യമന്ത്രി മറുപടി പറയണം,' ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.