ETV Bharat / state

കേരള പൊലീസ് മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ; മുഖം നോക്കി മാത്രമേ നടപടിയെടുക്കാറുള്ളൂവെന്ന് പ്രതിപക്ഷം

author img

By

Published : Aug 9, 2023, 12:54 PM IST

Updated : Aug 9, 2023, 10:59 PM IST

കേരള നിയമസഭ സമ്മേളനത്തിന്‍റെ മൂന്നാം ദിവസമായ ഇന്ന് എംഎൽഎ തോമസ് കെ തോമസ് ഡിജിപിക്ക് നൽകിയ പരാതി സംബന്ധിച്ച് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടിസിന് സ്‌പീക്കർ അനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി

തോമസ് കെ തോമസ്  Zero hour  നിയമസഭ  പൊലീസ്  തോമസ് കെ തോമസ് ഡിജിപിക്ക് നൽകിയ പരാതി  അടിയന്തര പ്രമേയ നോട്ടീസ് നിഷേധിച്ചു  വി ഡി സതീശൻ  മുഖ്യമന്ത്രി  Kerala Police  Kerala Police in assembly session  kerala assembly session  Opposition blames Kerala Police
Kerala Policeകേരള പൊലീസ് മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ; മുഖം നോക്കി മാത്രമേ നടപടിയെടുക്കാറുള്ളൂവെന്ന് പ്രതിപക്ഷം

കേരള പൊലീസ് മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ; മുഖം നോക്കി മാത്രമേ നടപടിയെടുക്കാറുള്ളൂവെന്ന് പ്രതിപക്ഷം

തിരുവനന്തപുരം : നിയമസഭയിൽ ഭരണ പ്രതിപക്ഷ വാക്‌പോര്. കേരളത്തിലേത് മുഖം നോക്കാതെ നടപടിയെടുക്കുന്ന പൊലീസെന്ന് മുഖ്യമന്ത്രി. മുഖം നോക്കി മാത്രം നടപടിയെടുക്കുന്ന പൊലീസാണെന്ന് പ്രതിപക്ഷ നേതാവും. തനിക്കെതിരെ വധശ്രമം ഉണ്ടായെന്ന് കുട്ടനാട് എംഎൽഎ തോമസ് കെ തോമസ് ഡിജിപിക്ക് നൽകിയ പരാതി സംബന്ധിച്ച് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടിസ് പരാമർശിക്കുന്നതിനിടയിലാണ് പൊലീസിനെ സംബന്ധിച്ച് ചർച്ച നടന്നത്.

വിഷയത്തിൽ, തോമസിന്‍റെ പരാതിയിൽ പൊലീസ് കാര്യക്ഷമമായി ഇടപെടുന്നുണ്ടെന്ന് മുഖ്യമന്ത്രി മറുപടി നൽകി. കേരളത്തിലെ പൊലീസ് രാജ്യത്തിന് തന്നെ മാതൃകയാണ്. ആര് തെറ്റ് ചെയ്‌താലും മുഖം നോക്കാതെ നടപടിയെടുക്കും. ഒരു കുറ്റവാളിയും രക്ഷപ്പെടില്ല അത് എത്ര തന്നെ സ്വാധീനമുള്ള ആളായാലും അങ്ങനെത്തന്നെയാണ്. ഒരു സ്വാധീനവും ആരെയും രക്ഷിക്കില്ല. ഇതാണ് ഇപ്പോഴത്തെ പൊലീസിന്‍റെ പ്രവർത്തന രീതി എന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രി പറഞ്ഞത് വിശ്വസിക്കാൻ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. പൊലീസിനെ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അവകാശവാദത്തെ ചോദ്യം ചെയ്യുന്നതായിരുന്നു സതീശന്‍റെ പ്രതികരണം. മുഖം നോക്കി മാത്രമാണ് പൊലീസ് നടപടിയെടുക്കുന്നത്. വിരോധമുള്ളവർക്കെതിരെ മാത്രമാണ് കേസ്. വേണ്ടപ്പെട്ടവരെ പൊലീസ് സംരക്ഷിക്കുകയാണ്.

സിപിഎം പാർട്ടി തന്നെ പൊലീസും കോടതിയുമായി മാറിയിരിക്കുകയാണ്. കേസിലെ പ്രതിയെ മുൻ എംഎൽഎ രക്ഷിച്ചു എന്ന പരാതിയിൽ ഒരു അന്വേഷണവും നടന്നില്ല. തൃശ്ശൂരിൽ ഒരു യുവ നേതാവിനെതിരെ പെൺകുട്ടി പരാതി നൽകിയിട്ടും പാർട്ടി നടപടി മാത്രമായി. ഇത്തരത്തിൽ ഒരു ഡസനിലധികം സംഭവങ്ങൾ പറയാൻ കഴിയും.

പൊലീസിനെ ഒരു തരത്തിലും വിശ്വസിക്കാൻ കഴിയില്ല : എല്ലാ പരാതികളും പാർട്ടി ഒതുക്കുകയാണ്. പിന്നെ എന്തിനാണ് ഇങ്ങനെ ഒരു പൊലീസ്. ഇതൊക്കെ സംഭവിച്ചിട്ടും മുഖം നോക്കി നടപടിയില്ല എന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഈ പൊലീസിനെ ഒരുതരത്തിലും വിശ്വസിക്കാൻ കഴിയില്ല. ഭരണപക്ഷത്തെ ഒരു എംഎൽഎക്ക് പോലും സംരക്ഷണം നൽകാൻ കഴിയാത്ത പൊലീസാണ് ജനങ്ങളെ സംരക്ഷിക്കുന്നതെന്നും സതീശൻ പറഞ്ഞു.

പ്രതിപക്ഷത്തുനിന്നും എം വിൻസെന്‍റാണ് അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകിയത്. രണ്ട് വർഷമായി അപമാനിക്കാനും ജാമ്യമില്ലാത്ത കേസിൽപ്പെടുത്താനും ശ്രമിക്കുന്നു എന്നാണ് ഒരു എംഎൽഎ പരാതി നൽകിയിരിക്കുന്നത്. ഗുരുതരമായ ആരോപണമാണിത്. എന്നാൽ രാജ്യത്തിന് മാതൃകയായ പൊലീസ് ഇതുവരെ ഒന്നും ചെയ്‌തില്ല. ഇത്തരത്തിൽ ഒരു എംഎൽഎയെ കൊല്ലാൻ ശ്രമിച്ച ഗൂഢാലോചന പുറത്തുകൊണ്ടുവരണം.

എപ്പോഴും പിണറായി സ്‌തുതി നടത്തുന്ന ഒരു പാവമാണ് തോമസ് കെ തോമസ്. പൊലീസ് ആസ്ഥാനത്ത് വെയിലത്ത് കാത്തുനിന്നാണ് പരാതി നൽകിയത്. ഇത് മുഖ്യമന്ത്രി അറിഞ്ഞിട്ടും ഒന്നും ചെയ്‌തില്ല. എംഎൽഎയുടെ പാർട്ടി മന്ത്രി പറഞ്ഞത് അദ്ദേഹത്തിന് പക്വതയില്ലെന്നും എൻസിപിയിൽ അദ്ദേഹത്തെ വധിക്കാൻ ശ്രമിക്കാൻ മാത്രമുള്ള ക്രൂരന്മാരില്ല എന്നുമാണ്. ഇത് പൊലീസിന് നൽകുന്ന വ്യക്തമായ സന്ദേശമാണെന്നും വിൻസെന്‍റ് പറഞ്ഞു.

പൊലീസിനെ കുറിച്ച് ഒരു പരാതിയുമില്ലെന്ന് തോമസ് : അതേസമയം, പൊലീസിനെ കുറിച്ച് ഒരു പരാതിയും ഇല്ലെന്നായിരുന്നു തോമസ് കെ തോമസ് എംഎൽഎയുടെ പ്രതികരണം. തന്‍റെ പരാതിയിൽ നല്ല രീതിയിൽ അന്വേഷണം നടക്കുന്നുണ്ട്. തനിക്കെതിരെയുള്ള പല ഗൂഢാലോചനകളും പൊലീസ് കൃത്യമായി അന്വേഷിച്ചതുകൊണ്ടാണ് ജയിലിൽ കിടക്കാതെ രക്ഷപ്പെട്ടത്. എൻസിപിയിൽ നാളുകളായി പ്രശ്‌നങ്ങളുണ്ട്.

പ്രശ്‌നമുണ്ടാക്കുന്നവർക്ക് പല ലക്ഷ്യങ്ങളുമുണ്ട്. അത് നിയമസഭയിൽ പറയാൻ കഴിയില്ലെന്നും തോമസ് കെ തോമസ് പറഞ്ഞു. സർക്കാരിനെ കുറിച്ചും പൊലീസിനെ കുറിച്ചും എംഎൽഎക്ക് ഒരു പരാതിയും ഇല്ലെന്നും അതിനാൽ അടിയന്തര പ്രമേയത്തിനുള്ള നോട്ടിസ് പരിഗണിക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതോടെ സ്‌പീക്കർ അടിയന്തര പ്രമേയ നോട്ടിസിന് അനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.

Last Updated : Aug 9, 2023, 10:59 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.