ETV Bharat / state

റിസോർട്ട് ആരോപണം; ഇപി ജയരാജനെതിരെ തത്കാലം നടപടി വേണ്ടെന്ന് സിപിഎം

author img

By

Published : Dec 30, 2022, 3:39 PM IST

അനധികൃത സ്വത്ത് സമ്പാദന ആരോപണം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്തു. വിവര ശേഖരണം നടത്തി പഠിച്ച ശേഷം അന്വേഷണത്തിലേക്ക് പോയാൽ മതിയെന്നാണ് ധാരണ

ഇപി ജയരാജൻ  റിസോർട്ട് ആരോപണം  ഇപി ജയരാജനെതിരെ നടപടിയില്ല  സിപിഎം  E P Jayarajan  P Jayarajan  പി ജയരാജൻ  സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്  cpm state secretariat
ഇപി ജയരാജനെതിരെ നടപടിയില്ല

തിരുവനന്തപുരം: ആയുര്‍വേദ റിസോര്‍ട്ടുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ ഇ പി ജയരാജനെതിരെ സിപിഎം നടപടി ഉടനില്ല. ഉടന്‍ ഒരു അന്വേഷണവും നടപടിയും വേണ്ടെന്ന് ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. സംസ്ഥാന സമിതി യോഗത്തില്‍ പി ജയരാജന്‍ ഉന്നയിച്ച ആരോപണം സെക്രട്ടേറിയറ്റ് യോഗം വിശദമായി ചര്‍ച്ച ചെയ്‌തു.

തനിക്കെതിരെ ഉയര്‍ന്ന വിവാദത്തില്‍ ജയരാജന്‍ സെക്രട്ടേറിയറ്റില്‍ വിശദീകരണം നല്‍കി. ആയുര്‍വേദ കേന്ദ്രത്തില്‍ തനിക്ക് ഒരു നിക്ഷേപവുമില്ല. ഭാര്യയ്ക്കും മകനുമാണ് നിക്ഷേപമുള്ളത്. ഈ നിക്ഷേപത്തിനുള്ള തുക ഭാര്യയുടെ വിരമിക്കല്‍ ആനുകൂല്യത്തില്‍ നിന്നുള്ളതാണെന്നുമായിരുന്നു ഇ പിയുടെ വിശദീകരണം.

ഇത് അംഗീകരിച്ചാണ് തുടര്‍ നടപടികള്‍ ഉടന്‍ വേണ്ടെന്ന് സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചത്. ആരോപണമുന്നയിച്ച പി ജയരാജന്‍ ഇക്കാര്യം പാര്‍ട്ടിക്ക് ഔദ്യോഗികമായി എഴുതി നല്‍കിയിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. തിരക്കിട്ടൊരു അന്വേഷണവും നടപടിയും വേണ്ടെന്നാണ് സെക്രട്ടേറിയറ്റിലെ ധാരണ.

ALSO READ: എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍; വിവാദത്തില്‍ പ്രതികരിക്കാതെ ഇപി

അത്തരമൊരു തീരുമാനം പാര്‍ട്ടിക്കുളളില്‍ വിഭാഗീയതയ്ക്ക് കാരണമാകുമെന്നതും കണക്കിലെടുത്താണ് സെക്രട്ടേറിയറ്റ് ഇത്തരമൊരു തീരുമാനത്തിലേക്ക് നീങ്ങിയതെന്നാണ് വിവരം. പിബി നിര്‍ദേശത്തെ തുടര്‍ന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റ് വിഷയം പരിശോധിച്ചത്. ഇതില്‍ ആരോപണ വിധേയനായ ഇ പി ജയരാജന്‍ പങ്കെടുക്കുകയും ചെയ്‌തു.

രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇ പി ജയരാജന്‍ പാര്‍ട്ടി യോഗത്തിനെത്തുന്നത്. ഇ പി പങ്കെടുക്കാതിരുന്ന സംസ്ഥാന സമിതി യോഗത്തിലാണ് പി ജയരാജന്‍ ആരോപണം ഉന്നയിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.