ETV Bharat / state

Mobile App For 108 Ambulance : 108 ആംബുലന്‍സ് സേവനം ശക്തമാക്കാനൊരുങ്ങി ആരോഗ്യ വകുപ്പ് ; മൊബൈല്‍ ആപ്പ് സജ്ജമാകുന്നു

author img

By ETV Bharat Kerala Team

Published : Oct 4, 2023, 9:25 PM IST

കനിവ് 108  108 ആംബുലന്‍സ് സേവനം ശക്തമാക്കാനൊരുങ്ങി  ആരോഗ്യ വകുപ്പ്  മൊബൈല്‍ ആപ്പ്  108 സേവനങ്ങള്‍ക്കായി മൊബൈൽ ആപ്പ്  ആംബുലൻസ് സേവനം  ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്  Minister Veena George About 108 Ambulance  108 Ambulance Mobile APP
Minister Veena George About 108 Ambulance Mobile APP

108 Ambulance Mobile APP : കനിവ് 108 സേവനങ്ങള്‍ക്കായി മൊബൈൽ ആപ്പ്. ഈ മാസം പൊതുജനങ്ങളിലെത്തും. ആപ്പ് സജ്ജീകരിച്ചത് ആംബുലൻസ് സേവനം കൂടുതല്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി.

തിരുവനന്തപുരം: കനിവ് 108 സേവനങ്ങള്‍ക്കായി മൊബൈൽ ആപ്പ് സജ്ജമാക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. ആംബുലൻസ് സേവനം കൂടുതല്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് പൊതുജനങ്ങള്‍ക്ക് ഉപയോഗപ്രദമായ രീതിയില്‍ പുതിയ മൊബൈല്‍ അപ്ലിക്കേഷന്‍ സജ്ജമാക്കുന്നത്. ഇതോടെ 108 എന്ന നമ്പറില്‍ ബന്ധപ്പെടാതെ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്‌തിരിക്കുന്ന അപ്ലിക്കേഷന്‍ വഴി ആംബുലന്‍സ് സേവനം ലഭ്യമാക്കാന്‍ കഴിയും. (Health Minister Veena George)

സേവനം തേടുന്ന വ്യക്തിയുടെ മൊബൈല്‍ ഫോണിലെ ജിപിഎസ് സംവിധാനത്തിന്‍റെ സഹായത്തോടെ അത്യാഹിതം നടന്ന സ്ഥലത്തിന്‍റെ കൃത്യമായ വിവരം ആംബുലന്‍സിലേക്ക് കൈമാറാന്‍ സാധിക്കും എന്നത് കാലതാമസം ഒഴിവാക്കാന്‍ സഹായകമാകും. ഈ മാസം (ഒക്‌ടോബര്‍) മൊബൈല്‍ ആപ്പ് പൊതുജനങ്ങള്‍ക്ക് ലഭ്യമാകുമെന്നും ആരോഗ്യ മന്ത്രി വീണ ജോർജ് വ്യക്തമാക്കി. (Minister Veena George About 108 Ambulance App)

സംസ്ഥാനത്ത് കനിവ് 108 ആംബുലന്‍സ് പദ്ധതി ആരംഭിച്ച് നാല് വര്‍ഷം പിന്നിടുമ്പോള്‍ 7,89,830 ട്രിപ്പുകളാണ് ഓടിയത്. ഇതില്‍ 3,45,867 ട്രിപ്പുകള്‍ കൊവിഡുമായും 198 ട്രിപ്പുകള്‍ നിപയുമായും ബന്ധപ്പെട്ടാണ്. ഇതുവരെ 90 പ്രസവങ്ങളാണ് സംസ്ഥാനത്ത് കനിവ് 108 ആംബുലന്‍സ് ജീവനക്കാരുടെ പരിചരണത്തില്‍ നടന്നത്. (Mobile App For 108 Ambulance)

നിലവില്‍ 316 ആംബുലന്‍സുകളും 1300 ജീവനക്കാരുമാണ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് സേവനമനുഷ്‌ഠിക്കുന്നത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും അധികം ട്രിപ്പുകള്‍ 108 ആംബുലന്‍സുകള്‍ ഓടിയത്. ഇവിടെ ഇതുവരെ 1,17,668 ട്രിപ്പുകളാണ് നടത്തിയത്. ഇടുക്കി ജില്ലയിലാണ് ഏറ്റവും കുറവ്. 23,006 എണ്ണം.

സംസ്ഥാനത്തെ 108 ആംബുലന്‍സ് സേവനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി ആരോഗ്യ വകുപ്പ് നേരത്തെയും ശ്രമങ്ങള്‍ നടത്തിയിരുന്നു. ഇതിന്‍റെ ഭാഗമായി ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടക്കുന്ന ഇടങ്ങളിലേക്ക് കൂടുതല്‍ ആംബുലന്‍സുകളുടെ സേവനം പുനഃക്രമീകരിച്ചിരുന്നു. മോട്ടോര്‍ വാഹന വകുപ്പിന്‍റെ നേതൃത്വത്തിലാണ് സംസ്ഥാനത്തെ ഇത്തരം ബ്ലാക്ക് സ്‌പോട്ടുകള്‍ കണ്ടെത്തിയത്.

പുതിയ റോഡുകളും വാഹനങ്ങളുടെ പെരുപ്പവും കാരണം ബ്ലാക്ക് സ്‌പോട്ടുകളില്‍ മാറ്റം വന്നിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് അപകടങ്ങള്‍ വര്‍ധിച്ച ഇടങ്ങള്‍ കണ്ടെത്താന്‍ ആരോഗ്യ വകുപ്പ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ സഹായം തേടിയത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് സേവനം ശക്തമാക്കുന്നതിന്‍റെ ഭാഗമായി ആരോഗ്യ വകുപ്പ് ബ്ലാക്ക് സ്‌പോട്ടുകള്‍ കണ്ടെത്തിയത്. ആംബുലന്‍സ് സേവനം കൂടുതല്‍ ശക്തമാക്കുന്നതിനായുള്ള പദ്ധതികള്‍ ആസൂതണം ചെയ്യാന്‍ പ്രത്യേക യോഗവും ചേര്‍ന്നിരുന്നു. ആപ്ലിക്കേഷന് രൂപം നല്‍കുന്നത് സംബന്ധിച്ച് ഈ യോഗത്തിലാണ് തീരുമാനമായത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.