തിരുവനന്തപുരം: തുടർച്ചയായ ഇന്ധനവില വർധന നിർമാണസാമഗ്രികളുടെ വില വർധനവിന് ഇടയാക്കിയെന്ന് തൊഴിൽ മന്ത്രി വി.ശിവൻകുട്ടി നിയമസഭയില്‍. അഖിലേന്ത്യാതലത്തിൽ തന്നെ വിവിധ നിർമ്മാണസാമഗ്രികൾക്കു വില വർധിച്ചിട്ടുണ്ട്. എന്നാൽ സംസ്ഥാനത്ത് അവയ്ക്ക് ലഭ്യതക്കുറവ് ഉണ്ടായതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും തൊഴിൽ മന്ത്രി സഭയെ അറിയിച്ചു .
കൊവിഡിന്‍റെ പ്രത്യാഘാതം ലഘൂകരിക്കുന്നതിനുള്ള ഇടപെടൽ സംസ്ഥാന സർക്കാർ നടത്തി വരികയാണ്. നിർമ്മാണ തൊഴിലാളികളുടെയും പെൻഷൻകാരുടെയും ക്ഷേമം ഉറപ്പുവരുത്തുകയാണ് നിർമ്മാണ തൊഴിലാളി ക്ഷേമ ബോർഡിന്‍റെ പ്രധാന ലക്ഷ്യം. രണ്ടാം കൊവിഡ് തരംഗത്തിന്‍റെ ഭാഗമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചെങ്കിലും നിർമ്മാണ മേഖലയ്ക്ക് ലോക്‌ഡൗൺ ഇളവുകൾ നൽകിയതിന്‍റെ ഭാഗമായി നിർമ്മാണ പ്രവർത്തനങ്ങൾ മുൻ ലോക്ക്ഡൗൺ കാലഘട്ടത്തിൽ നിന്നും വ്യത്യസ്തമായി നടക്കുന്നുണ്ട് .
ലോക്ക്ഡൗൺ ഇളവുകൾ നൽകിയതിലൂടെ തദ്ദേശീയരായ തൊഴിലാളികൾക്കും അതിഥി തൊഴിലാളികൾക്കും നിർമ്മാണ മേഖലയിൽ ജോലി ലഭിച്ചു.ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികൾക്ക് പ്രത്യേക ധനസഹായമായി ആയിരം രൂപ വീതം വിതരണം ചെയ്തു. തുടർന്ന് വന്ന രോഗവ്യാപനത്തിന്‍റെ രണ്ടാംഘട്ടത്തിലും എല്ലാ തൊഴിലാളികൾക്കും ആയിരം രൂപ വിതരണംചെയ്യുന്നതിന് ജില്ലാ എക്‌സിക്യൂട്ടീവ് ആഫീസർമാരെ ചുമതലപ്പെടുത്തി ഫണ്ട് അനുവദിച്ച് നൽകുകയും ചെയ്തതായി തൊഴിൽ മന്ത്രി അറിയിച്ചു.
നിർമ്മാണസാമഗ്രികളുടെ ലഭ്യതക്കുറവും അവയുടെ ക്രമാതീതമായ വിലക്കയറ്റവും നിർമ്മാണരംഗത്ത് സ്തംഭനാവസ്ഥയാണ് സൃഷ്ടിച്ചത്. നിർമ്മാണ തൊഴിലാളികൾ നേരിടുന്ന പ്രതിസന്ധി സംബന്ധിച്ച് ശ്രീ.എം. രാജഗോപാൽ എം.എൽ.എ. നൽകിയിട്ടുള്ള ശ്രദ്ധ ക്ഷണിക്കൽ നോട്ടീസിന് മറുപടി പറയുകയായിരുന്നു തൊഴിൽ മന്ത്രി.