ETV Bharat / state

രാഹുൽ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചില്ല, നടന്നത് താരപരിവേഷത്തിനുള്ള ശ്രമം : പിഎ മുഹമ്മദ്‌ റിയാസ്

author img

By ETV Bharat Kerala Team

Published : Jan 10, 2024, 3:25 PM IST

Rahul Mamkootathil's arrest : രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റിൽ പ്രതികരിച്ച് മന്ത്രി പിഎ മുഹമ്മദ്‌ റിയാസ്.

Minister Mohammed Riyas  Rahul Mamkootathil arrest  രാഹുൽ അറസ്റ്റ്  മുഹമ്മദ്‌ റിയാസ്
Minister Mohammed Riyas on Rahul Mamkootathil arrest

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റ്: മുഹമ്മദ്‌ റിയാസിന്‍റെ പ്രതികരണം

തിരുവനന്തപുരം : യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റിൽ അസ്വാഭാവികത എന്താണെന്നും വ്യാജ ഐഡി കാർഡ് വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ബോധപൂർവ്വം ഇങ്ങനെയൊരു സ്ഥിതി ഉണ്ടാക്കിയതാണെന്നും മന്ത്രി പിഎ മുഹമ്മദ്‌ റിയാസ് (Minister Riyas on Rahul Mamkootathil's arrest ). തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യത്തിന് ശ്രമിക്കാതിരുന്നത് ബോധപൂർവ്വമാണ്.

എവിടെ നിന്നെങ്കിലും അറസ്റ്റ് ചെയ്യപ്പെട്ട് അതിലൂടെ താരപരിവേഷം സൃഷ്‌ടിക്കാനുള്ള ശ്രമമാണ് നടന്നത്. അതിനുവേണ്ടി വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. പൊലീസ് അവരുടെ ജോലി ചെയ്‌തു. എന്നാൽ കോൺഗ്രസിന്‍റെ ചില നേതാക്കളും ചില മാധ്യമങ്ങളും കൂടി നടത്തിയ പ്ലാൻ കൂടി ഇതിന്‍റെ പിന്നിലുണ്ട്. ബോധപൂർവ്വമായ അജണ്ടയോടെയാണ് ആ പ്ലാൻ നടന്നത്. പ്രതിപക്ഷ നേതാവിന്‍റെ നേതൃത്വത്തിലാണ് ഇത്തരം ശ്രമങ്ങൾ നടത്തുന്നതെന്ന് ആർക്കാണ് അറിയാത്തതെന്നും മന്ത്രി പിഎ മുഹമ്മദ്‌ റിയാസ് ചോദിച്ചു.

വ്യാജ ഐഡി കാർഡ് വിവാദത്തിൽ കോൺഗ്രസിനകത്ത് തന്നെ കടുത്ത അതൃപ്‌തിയുണ്ട്. ഇതിന്‍റെ ഭാഗമായി യൂത്ത് കോൺഗ്രസിൽ തന്നെ പൊട്ടിത്തെറികൾ ഉണ്ടായിരുന്നു. ആ പ്രശ്‌നത്തെ മറയ്ക്കാ‌നും വഴി തിരിച്ചുവിടാനും വ്യാജ ഐഡി കാർഡ് വിഷയത്തിലൂടെ ഭാരവാഹിയായ വ്യക്തിക്ക് താരപരിവേഷം നൽകാനുമുള്ള ശ്രമം കൂടി ഇതിന് പിന്നിലുണ്ടെന്ന് മന്ത്രി പറഞ്ഞു.

പ്രക്ഷോഭം നിയമവിരുദ്ധമായാൽ കേസ് വരും, അത് ആദ്യ സംഭവമല്ലെന്നും മന്ത്രി പറഞ്ഞു. പൊലീസ് അന്വേഷണം സ്വതന്ത്രമായി നടക്കും. നാലുതവണ ഞാന്‍ ജയിലിൽ കിടന്നിട്ടുണ്ട്. ഞങ്ങളുടെയൊക്കെ വീട് പൊലീസ് വളഞ്ഞ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. 2016 ൽ തന്‍റെ ഒപ്പം എംഎൽഎ കൂടിയായ ടി വി രാജേഷുമുണ്ടായിരുന്നു.

ഇപ്പോൾ മാധ്യമങ്ങൾ ആഘോഷിക്കുന്നു. മന്ത്രിസഭയിലെ പലർക്കും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്. രാഷ്ട്രീയമായി സർക്കാരിനെ മോശമാക്കാനാണ് ഇവരുടെ ശ്രമം. ഇന്ത്യാചരിത്രത്തിൽ ആദ്യ സംഭവമെന്ന മട്ടിലാണ് പ്രചരണം നടത്തുന്നതെന്നും മന്ത്രി മുഹമ്മദ്‌ റിയാസ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.